ഗണേശോല്‍സവം: പൊരുളും, വിഗ്രഹ പൂജയുടെ ചരിത്രവും

ഗണേശോല്‍സവം: പൊരുളും, വിഗ്രഹ പൂജയുടെ ചരിത്രവും

പ്രതിഭാരാജന്‍

കൊല്ലവര്‍ഷം ചിങ്ങത്തിലെ ശുക്ല പക്ഷത്തിലാണ് ഗണേശോല്‍സവം. അന്നു തന്നെയാണ് ഗണേശന്റെ ജന്മദിനമെന്നും ഒരു വാദമുണ്ട്. പത്തു ദിവസം നീണ്ടു നില്‍ക്കുന്നതാണ് മഹോല്‍സവം. വീടുകളിലും പൊതു സ്ഥലങ്ങളിലും ഗണേശ വിഗ്രഹം സ്ഥാപിക്കും. രാവിലെയും വൈകുന്നേരങ്ങളിലും പൂജ. വൈവിധ്യമാര്‍ന്ന നാടന്‍ കലാ രൂപങ്ങളും, നൃത്ത നൃത്ത്യങ്ങളും, കുട്ടികള്‍ക്കായുള്ള മല്‍സരങ്ങളും അരങ്ങേറും. ഇന്ത്യയിലും, പുറത്ത് നേപ്പാള്‍, ഭൂട്ടാന്‍, മൗറീഷ്യസ് അടക്കം ഏതാനും രാജ്യങ്ങളില്‍ ഗണേശ ചതുര്‍ത്ഥി എന്ന പേരില്‍ ഈ വാരം ആഘോഷിക്കുന്നു.

എന്താണ് ചതുര്‍ത്ഥി? നൂറ്റാണ്ടുകള്‍ക്കും അപ്പുറം മഹാരാഷ്ട്രയിലെ പൂനയില്‍ പിറന്ന ആഘോഷം ഇന്ന് കേരളത്തിലും സാര്‍വത്രികമാണ്. അതിനു പിന്നിലെ ഐതീഹ്യം ചിന്തിപ്പിക്കുന്നതും, രസാവഹവുമാണ്.

ഒരിക്കല്‍ ദേവതമാര്‍ ഒരു വിപത്തില്‍ അകപ്പെട്ടു. സഹായത്തിനായി അവര്‍ മഹാദേവനായ പരമശിവനെ ശരണം പ്രാപിച്ചു. തന്റെ രണ്ടു മക്കളായ സുബ്രഹ്മണ്യനും ഗണപതിയോടൊപ്പം ശിവപാര്‍വ്വതിമാര്‍ കൈലാസത്തിലിരിക്കവേ, ദേവതമാര്‍ അവരെ ചെന്നു കണ്ടു. അവരുടെ സങ്കടം തീര്‍ക്കാന്‍ പരമശിവന്‍ മക്കളായ നിങ്ങള്‍ രണ്ടു പേരില്‍ ആര്‍ക്കാണ് ഇവരുടെ സങ്കടം തീര്‍ക്കാന്‍ പറ്റുകയെന്ന് ആരാഞ്ഞു. രണ്ടു പേര്‍ക്കും ഉല്‍സാഹമായി. അവരുടെ കഴിവുകള്‍ പരിശോധിക്കാനായി നിങ്ങളില്‍ ആരാണ് ആദ്യം ജഗത്തിനെ ഒരു വട്ടം വലം വച്ച് പിതാവിനു സമീപമെത്തുക, അവനെ ദേവന്മാരോടൊപ്പമയമക്കാം എന്നു കല്‍പ്പിച്ചു. വെല്ലുവിളി സ്വീകരിച്ച് ആദ്യം സുബ്രഹ്മണ്യന്‍ തന്റെ വാഹനമായ മയില്‍പ്പുറത്തേറി. കുറച്ചു നേരത്തെ ആലോചനക്കു ശേഷം ഗണേശന്‍ ശിവപാര്‍വ്വതിമാരെ ഏഴു വട്ടം വലം വെച്ചു കൊണ്ട് പറഞ്ഞു.
മാതാ,പിതാ… സ്വന്തം മാതാപിതാക്കളുടെ ചരണങ്ങളാണ് സമസ്ത ലോകത്തിനും സമം. ഞാനിതാ ഏഴു വട്ടം അങ്ങയെ വലം വെച്ച് ലോകം കീഴടക്കിയിരിക്കുന്നു. ഇതു കേട്ട് ശിവപാര്‍വ്വതിമാര്‍ സന്തുഷ്ടരായി. ദേവഗണങ്ങളൊടൊപ്പം ഗണേശനെ പറഞ്ഞു വിട്ടു.

അന്ന് ഒരു ചതുര്‍ത്ഥി ദിനമായിരുന്നു. മകനെ യാത്രയാക്കി ആശിര്‍വദിക്കവെ മഹാദേവന്‍ അരുള്‍ ചെയ്തു പോല്‍. ‘ഏതൊരാള്‍ ചതുര്‍ത്ഥി ദിവസം ഗണേശനെ ധ്യാനിക്കുന്നുവോ അവരുടെ തൃകാല താപങ്ങളും ശമിക്കപ്പെടും. ഗണേശ ചതുര്‍ത്ഥിയുടെ ഐതീഹ്യം ഈ വണ്ണമല്ലെന്നും ഗണേശ ജയന്തിയാണ് ചതുര്‍ത്ഥിക്കു നിദാനമെന്നും മറുവാദമുണ്ട്.

വിനായക ചതുര്‍ത്ഥി ദിവസം ചന്ദ്രനെ കണ്ടാല്‍ അപവാദവും മാനഹാനിയും സംഭവിക്കുമെന്നാണ് മറ്റൊരു വിശ്വാസം. ഗണപതിക്ക് പലഹാരങ്ങള്‍, പ്രത്യേകിച്ച് അപ്പം, കൊഴുക്കട്ട (മോദകം) വളരെ പ്രിയപ്പെട്ടതാണ്. അപ്പം കൊണ്ടു മൂടുന്ന മധൂറിലെ മൂടപ്പ സേവ പ്രസിദ്ധമാണല്ലോ. തന്റെ ജന്മദിനത്തില്‍ ഗണപതി വീടുതോറും സഞ്ചരിച്ച് ഭക്തന്മാര്‍ അര്‍പ്പിച്ച ധാരാളം മോദകം ഭക്ഷിച്ച് രാത്രിയില്‍ തന്റെ വാഹനമായ എലിയുടെ പുറത്തു കയറി തിരിച്ചു പോരവെ, വഴിവക്കില്‍ ഒരു പാമ്പിനെക്കണ്ട എലി ഭയന്നു വിറച്ചു. എലിയുടെ കാലിടറി. ഗണപതി തെറിച്ചു വീണ് പരിക്കു പറ്റി. ഗണപതിയുടെ വയറു പൊട്ടി മോദകമെല്ലാം വെളിയിലേക്കു ചാടി.
ഉടന്‍ തന്നെ ഗണപതി, വീണ സാധനമെല്ലാം തന്റെ വയറ്റില്‍ത്തന്നെ കുത്തിത്തിരുകിയശേഷം ആ പാമ്പിനെ പിടിച്ച് വയറിന് ചുറ്റും വള്ളിയെന്ന പോലെ ബലമായി ചുറ്റിക്കെട്ടി. ഇതെല്ലാം ശ്രദ്ധിച്ച ചന്ദ്രന്‍ ആകാശത്തു നിന്നും കളിയാക്കി ചിരിച്ചു. ക്ഷുഭിതനായ ഗണപതി തന്റെ രണ്ടു കൊമ്പില്‍ ഒരെണ്ണം പറിച്ച് ചന്ദ്രനെ എറിഞ്ഞശേഷം ഇങ്ങനെ ശപിച്ചുവത്രെ. ‘ഗണേശ പൂജാദിനം നിന്നെ ആരും നോക്കാതെ പോകട്ടെ’ നോക്കുന്നവന് കഷ്ടം വന്നു ഭവിക്കട്ടെ (ബ്രഹ്മവൈവര്‍ത്തപുരാണം). ഗണേശപുരാണം അനുസരിച്ച് ഈ കഥയ്ക്ക് സ്വല്‍പ്പം വ്യത്യാസമുണ്ട്. ഒരു ശുക്ലപക്ഷ ചതുര്‍ത്ഥിയില്‍ ശ്രീപരമേശ്വരന്‍ ഇളയ പുത്രനായ ഗണപതി കാണാതെ മൂത്തവനായ കാര്‍ത്തികേയന് ഒരു പഴം തിന്നാന്‍ കൊടുത്തെന്നും അത് കണ്ട് ഊറിച്ചിരിച്ച ചന്ദ്രനെ ശപിക്കുകയാണുണ്ടായതെന്നുമാണ് ആ കഥ.

മഹാരാഷ്ട്രത്തിലാണ് ഈ ഉല്‍സവത്തിന്റെ പിറവി. ഛത്രപതി ശിവജിയിലൂടെയാണ് കൊടിയേറ്റം. ഇതര ഹൈന്ദവരുള്ളിടത്തെല്ലാം വ്യാപിപിച്ചത് ലോക് മാന്യ തിലകനാണ്. മറാത്തയില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥ തുടച്ച് നീക്കുകയെന്നതായിരുന്നു തിലകന്റെ ലക്ഷ്യമെന്ന രാഷ്ട്രീയ കാരണം കൂടി ഇതിനു പിറകിലുണ്ട്. ബ്രിട്ടീഷുകാരുമായി പട പൊരുതാന്‍ ജാതി അനൈക്യം തടസമായിരുന്നു. എന്നിരുന്നാലും വിഘ്നങ്ങള്‍ മാറ്റുന്ന ദൈവത്തെ കേരളമടക്കം സ്വമനസ്സാ ഏറ്റെടുത്തു. പ്രത്യേകിച്ച് കാസര്‍കോട്. ജില്ലക്ക് കലക്റ്റര്‍ പ്രാദേശിക അവധി നല്‍കാറുണ്ട്.

1893ല്‍ ബാല ഗംഗാധര തിലകന്‍ അദ്ദേഹത്തിന്റെ പത്രമായ കേസരിയുടെ ഓഫീസില്‍ ഗണേശ ചതുര്‍ത്ഥി ദിവസം ഗണേശ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജ നടത്തി. ഇതിന്റെ ആവശ്യകത കാണിച്ച് ലേഖനവും പ്രസിദ്ധീകരിച്ചു. അതു ഇന്ന് ഇന്ത്യയിലാകമാനം ആഘോഷിക്കപ്പെടുന്നു. അതിന്റെ ഭാഗമായാണ് കാഞ്ഞങ്ങാടും, കാസര്‍കോടും, തൃക്കണ്ണാടും, കളനാടും മറ്റും ഗണേശ വിഗ്രഹ പ്രതിഷ്ഠയും, എഴുന്നള്ളത്തും. ഘോഷയാത്രയും നടന്നു കാണുന്നത്.

Leave a Reply

Your email address will not be published.