കേരള – ഡല്‍ഹി പൈതൃകോത്സവത്തിന് അരങ്ങൊരുങ്ങുന്നു

കേരള – ഡല്‍ഹി പൈതൃകോത്സവത്തിന് അരങ്ങൊരുങ്ങുന്നു
 കേരളത്തിന്റെയും ഡല്‍ഹിയുടേയും സാംസ്‌കാരിക പൈതൃക വിനിമയത്തിന് ഡല്‍ഹിയില്‍ അരങ്ങൊരുങ്ങുന്നു. സാംസ്‌കാരിക വകുപ്പും പുരാവസ്തു വകുപ്പും ഡല്‍ഹി സര്‍ക്കാരുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന സാംസ്‌കാരിക പൈതൃകോത്സവം ഒക്ടോബര്‍ 14 മുതല്‍ 16 വരെ നടക്കും. ആദ്യമായാണ് ഇരു സര്‍ക്കാരുകളും സംയുക്തമായി രാജ്യതലസ്ഥാനത്ത് സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നത്.
സാംസ്‌കാരിക പൈതൃകോത്സവം സംബന്ധിച്ച പ്രഥമ ആലോചനാ യോഗം കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കേരളത്തിന്റെ സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനു സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുകയാണെന്നും, അതിന്റെ ഭാഗമായി വ്യത്യസ്ത സംസ്ഥാനങ്ങളുമായി സഹകരിച്ചുള്ള സാംസ്‌കാരിക വിനിമയ പരിപാടികള്‍ സംഘടിപ്പിച്ചുവരികയാണെന്നു യോഗത്തില്‍ അധ്യക്ഷതവഹിച്ച സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം തെലങ്കാന സര്‍ക്കാരുമായി സഹകരിച്ചു നടത്തിയ പരിപാടി വലിയ വിജയമായിരുന്നു. അതിന്റെ തുടര്‍ച്ചയായാണു ഡല്‍ഹിയില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.
സാംസ്‌കാരിക വിനിമയത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടു കേരള സര്‍ക്കാര്‍ തുടങ്ങിവച്ചിരിക്കുന്ന ഉദ്യമം ഏറെ സ്വാഗതാര്‍ഹമാണെന്നും ഡല്‍ഹി സര്‍ക്കാര്‍ ഇതിന് എല്ലാ പിന്തുണയും നല്‍കുമെന്നും യോഗം ഉദ്ഘാടനം ചെയ്ത ഡല്‍ഹി സാംസ്‌കാരിക വകുപ്പ് സെക്രട്ടറിവി.ഏബ്രഹാം പറഞ്ഞു.
കേരള മുഖ്യമന്ത്രി, ഡല്‍ഹി മുഖ്യമന്ത്രി എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും കേരള സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കേരളത്തില്‍നിന്നുള്ള എംപിമാര്‍ എന്നിവരടങ്ങുന്ന രക്ഷാധികാരി സമിതിയും കേരള സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഡല്‍ഹി സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ഏബ്രഹാം എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥതല സമിതിയും പ്രൊഫ. ഓംചേരി എന്‍.എന്‍. പിള്ള ചെയര്‍മാനായും ആര്‍ക്കിയോളജി ഡയറക്ടര്‍ ജെ. റെജികുമാര്‍ ജനറല്‍ കണ്‍വീനറായും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയും നാടക – ചലച്ചിത്ര സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ ഫെസ്റ്റിവല്‍ ഡയറക്ടറായും പ്രവര്‍ത്തിക്കുന്ന സംഘാടക സമിതിയും സാംസ്‌കാരിക പൈതൃകോത്സവത്തിന്റെ നടത്തിപ്പിനായി രൂപീകരിച്ചു.
സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. സി.പി. പ്രമോദ്, മലയാളം മിഷന്‍ ഡയറക്ടര്‍ ഡോ. സുജ സൂസന്‍ ജോര്‍ജ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി ഡല്‍ഹിയിലെ മലയാളി സംഘടനകളുടേയും വിവിധ സന്നദ്ധ സംഘടനകളുടേയും സംയുക്ത യോഗം അടുത്ത മാസം 12നു വൈകിട്ട് ആറിനു കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

Leave a Reply

Your email address will not be published.