ഈ ചുരുണ്ട മുടിയാണ് എന്റെ ഭാഗ്യം: മെറീന മൈക്കിള്‍

ഈ ചുരുണ്ട മുടിയാണ് എന്റെ ഭാഗ്യം: മെറീന മൈക്കിള്‍

ഹാപ്പി വെഡ്ഡിങ്, എബി, ചങ്ക്‌സ് എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായി മാറിയ മെറീന മൈക്കിളിന്റെ സിനിമ വിശേഷങ്ങള്‍…

ബേസിക്കലീ ഞാനൊരു മോഡലാണ്. എയര്‍ ഹോസ്റ്റസാവാന്‍ ആഗ്രഹിച്ചു, തികച്ചും യാദൃച്ഛികമായാണ് മിസ് മലബാര്‍ കോമ്പറ്റീഷനിലൂടെ റാംപിലെത്തിയത്. കോറിയോഗ്രാഫര്‍ ഡാലു കൃഷ്ണദാസാണ് എന്നെ റാംപിലും മോഡലിംഗിലും ഗൈഡ് ചെയ്തത്. പിന്നെ പരസ്യങ്ങള്‍ ചെയ്തു തുടങ്ങി. അവസാനം സിനിമയിലുമെത്തി.

കോഴിക്കോട് പ്രോവിഡന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പഠിച്ചത്. ഒരു ആംഗ്ലോ ഇന്ത്യന്‍ ടീച്ചര്‍ ലിപ്സ്റ്റിക് ഇട്ടുവരുന്നതു കണ്ടിട്ട് ഞാന്‍ സിന്ദൂരമൊക്കെ വാരി തേച്ചു നടന്നിട്ടുണ്ട്. കുട്ടിക്കാലം തൊട്ടേ മേക്കപ്പിനോട് വലിയ ക്രേസായിരുന്നു.
കണ്ണെഴുതാതെ പുറത്തിറങ്ങാറില്ല. എബിയില്‍ മേക്കപ്പില്ലാതെ നാടന്‍ പെണ്‍കുട്ടിയായിട്ടാണ് അഭിനയിച്ചത്. ഞാനാണ് എബിയിലെ അനുമോള്‍ എന്ന് പലര്‍ക്കും മനസിലായില്ലെന്നതാണ് സത്യം.

ഒമര്‍ സംവിധാനം ചെയ്ത ചങ്ക്‌സ് റിലീസായി. നാം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ഒരു സിനിമ കൂടി കമ്മിറ്റ് ചെയ്തിട്ടുണ്ട്. സംവിധായകന്‍ കൂടിയായ ജൂഡ് ആന്റണിയാണ് നായകന്‍.

ഷോപ്പിങ് ഇഷ്ടമാണ്. ഡ്രസ്സുകളും ഓക്‌സിഡൈസ് സില്‍വര്‍ ആഭരണങ്ങളുമാണ് കൂടുതല്‍ പര്‍ച്ചേസ് ചെയ്യുന്നത്. ജീന്‍സും ഷര്‍ട്ടും ടീഷര്‍ട്ടുമാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഗൗണും മറ്റും മെറ്റീരിയല്‍ വാങ്ങി തയ്ക്കുന്നത് മമ്മിയാണ്. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. ചിത്രത്തിന്റെ തമിഴ് റീമേക്കായ വായ്മൂടി പേശവുമിലും അഭിനയിച്ചു. ആദ്യമായി നായികയായത് മുംബൈ ടാക്‌സിയിലാണ്. ഹാപ്പി വെഡ്ഡിങിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സുഹൃത്തും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ താജുദ്ദീനാണ് ഹാപ്പി വെഡ്ഡിങിലേക്ക് എന്നെ സജസ്റ്റ് ചെയ്യുന്നത്. പിന്നെ എബി, ചങ്ക്‌സ് അങ്ങനെ കുറച്ച് സിനിമകള്‍ ചെയ്തു.

മുടിയാണെന്റെ പ്ലസ് പോയിന്റ്. മുടിയുടെ പേരില്‍ കുറേപ്പേര്‍ കളിയാക്കിയിട്ടുമുണ്ട്. പത്താംക്ലാസില്‍ പഠിക്കുന്ന സമയംവരെ പലപ്പോഴും വിഷമിച്ചിട്ടുണ്ട്. ഏറ്റവും ബുദ്ധിമുട്ടിയത് മമ്മിയാണ്. കാരണം മുടി കെട്ടിവയ്ക്കുന്നത് വല്യ പണിയാണ്. ആണ്‍കുട്ടികളെപ്പോലെയാണ് അന്ന് നടപ്പൊക്കെ. ക്രിസ്ത്യന്‍ കോളേജിന് മുമ്പിലൂടെയാണ് ഞാന്‍ സ്‌കൂളിലേക്ക് പോകുന്നത്. അവിടെയുള്ള ചേട്ടന്മാരൊക്കെ എന്നെ ചുരുളി എന്ന് വിളിച്ച് കളിയാക്കും. അപ്പോള്‍ സങ്കടം തോന്നിയെങ്കിലും സിനിമയിലൊക്കെ വന്നശേഷം നല്ല മുടിയാണെന്ന് പറഞ്ഞ് കേട്ടപ്പോഴാണ് സന്തോഷമായത്. മോഡലിംഗിലെത്തിയ ശേഷം ചുരുണ്ട മുടി എന്റെ ഭാഗ്യമായിരുന്നു. അന്ന് മോഡലുകളില്‍ കുറച്ച് പേര്‍ക്കേ ചുരുണ്ട മുടിയുള്ളു. അതുകൊണ്ട് തന്നെ കുറേ വര്‍ക്കുകള്‍ കിട്ടി. കോഴിക്കോടാണെന്റെ നാട്. ഇപ്പോള്‍ കൊച്ചിയില്‍ സെറ്റില്‍ ചെയ്തു. പപ്പ മൈക്കിള്‍, പെയിന്ററാണ്. പപ്പ നന്നാ യി പാട്ടു പാടും. ഞാനും 10 വര്‍ഷത്തോളം പാട്ട് പഠിച്ചിട്ടുണ്ട്. മമ്മി ജെസി, ടീച്ചറായിരുന്നു.

ഇപ്പോള്‍ ഒരു ടോംബോയ് ലുക്കാണെനിക്ക്. ചെയ്ത സിനിമകളിലും ആ ലുക്കായിരുന്നു. ഒരു തമിഴ് സിനിമയില്‍ മാത്രമാണ് മുടി സ്‌ട്രെയിറ്റ് ചെയ്ത് അഭിനയിച്ചത്. മോഡേണ്‍ ഇമേജ് ബ്രേക്ക് ചെയ്ത് മുടിയൊക്കെ നീട്ടി നാടന്‍ പെണ്‍കുട്ടിയായി അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. എബിയില്‍ അഭിനയിക്കുന്ന സമയത്ത് സിനിമയുടെ ടെക്‌നിക്കല്‍ കാര്യങ്ങളൊക്കെ പറഞ്ഞു തന്നത് വിനീതേട്ടനാണ്. കുറേക്കാര്യങ്ങളില്‍ അദ്ദേഹത്തെ കണ്ടുപഠിക്കേണ്ടതായിട്ടുണ്ട്.

സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ജൂഡ് ചേട്ടനെ ആദ്യമായി കാണുന്നത്. മുമ്പ് ജൂഡ് ചേട്ടന്‍ ചെയ്ത ഒരു ഡബ്‌സ്മാഷ് കണ്ടിട്ടുണ്ടായിരുന്നു. ചേട്ടന്‍ ഭയങ്കര പാവമാണ്. ഡൗണ്‍ ടു എര്‍ത്ത് ആയ ആളാണ് ജൂഡ് ചേട്ടന്‍.

Leave a Reply

Your email address will not be published.