ഇടവേളയ്ക്കുശേഷം ഷരപോവ തിരിച്ചെത്തി

ഇടവേളയ്ക്കുശേഷം ഷരപോവ തിരിച്ചെത്തി

ന്യൂയോര്‍ക്ക്: ഒന്നരവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഗ്രാന്‍ഡ് സ്‌ളാം കളിക്കാനെത്തിയ റഷ്യക്കാരി മരിയ ഷരപോവയ്ക്ക് യുഎസ് ഓപ്പണില്‍ ത്രസിപ്പിക്കുന്ന തുടക്കം. രണ്ടാം സീഡ് റുമേനിയയുടെ സിമോണ ഹാലെപ്പിനെ ഷരപോവ ആദ്യറൌണ്ടില്‍ വീഴ്ത്തി. ഏഴാം സീഡ് ബ്രിട്ടന്റെ ജൊഹാന്ന കോന്റയും ആദ്യറൌണ്ടില്‍ പുറത്തായി. ഗാര്‍ബീന്‍ മുഗുരുസ, വീനസ് വില്യംസ്, പെട്ര ക്വിറ്റോവ എന്നിവര്‍ ആദ്യറൌണ്ട് കടന്നു. പുരുഷന്മാരില്‍ അലെക്‌സാണ്ടര്‍ സ്വരേവും ജോ വില്‍ഫ്രഡ് സോംഗയും രണ്ടാം റൌണ്ടിലെത്തി. ഡേവിഡ് ഫെററര്‍ പുറത്തായി.

ഷരപോവയുടേത് മികച്ച പ്രകടനമായിരുന്നു. മൂന്നു സെറ്റ് നീണ്ടു പോരാട്ടം (64, 46, 63). നിരോധിത മരുന്നായ മെല്‍ഡോണിയം ഉപയോഗിച്ചതിന് 15 മാസം വിലക്കുകഴിഞ്ഞാണ് റഷ്യക്കാരി കളത്തിലെത്തിയത്. ഏപ്രിലില്‍ വിലക്ക് അവസാനിച്ചെങ്കിലും ഗ്രാന്‍ഡ്‌സ്‌ളാം ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനായില്ല. ഇടയ്ക്ക് പരിക്കും വന്നു. യുഎസ് ഓപ്പണില്‍ വൈല്‍ഡ് കാര്‍ഡ് പ്രവേശമാണ്. ഷരപോവയുടെ വൈല്‍ഡ് കാര്‍ഡ് പ്രവേശത്തിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്ത താരമായിരുന്നു ഹാലെപ്. മരുന്നടിക്കാരെ പങ്കെടുപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു ഹാലെപ്പിന്റെ പ്രതികരണം.

രണ്ടുമണിക്കൂര്‍ 44 മിനിറ്റ് മത്സരം നീണ്ടു. 2006ലെ ചാമ്പ്യനായ ഷരപോവ തന്റെ കളിമികവിന് ഇടിവുതട്ടിയിട്ടില്ലെന്നു തെളിയിച്ചു. ആദ്യസെറ്റില്‍ 28 വിന്നറുകളാണ് ഈ മുപ്പതുകാരി തൊടുത്തത്. ഒമ്പതുതവണ അവസരം കിട്ടിയതില്‍ മൂന്നുതവണ ഹാലെപ്പിന്റെ സെര്‍വ് ഭേദിക്കുകയും ചെയ്തു. ഷരപോവ വരുത്തിയ പിഴവുകള്‍ മുതലാക്കാന്‍ ഹാലെപ്പിന് കഴിഞ്ഞതുമില്ല. രണ്ടാമത്തെ സെറ്റില്‍ ഹാലെപ് തിരിച്ചെത്തി. ഹാലെപ്പിന്റെ മിടുക്കായിരുന്നില്ല ഷരപോവയുടെ പിഴവുകളായിരുന്നു കാരണം. 27 പിഴവുകളാണ് റഷ്യക്കാരി വരുത്തിയത്. 11 തവണ സെര്‍വ് ഭേദിക്കാന്‍ കിട്ടിയ അവസരത്തില്‍ വിനിയോഗിക്കാനായത് ഒരെണ്ണം മാത്രം. ഹാലെപ് അഞ്ചുതവണ കിട്ടിയതില്‍ നാലിലും സെര്‍വ് ദേഭിച്ചു.

നിര്‍ണായകമായ അവസാന സെറ്റില്‍ പിഴവുകള്‍ ഷരപോവ കുറച്ചു. വിന്നറുകള്‍തന്നെയായിരുന്നു ആയുധം. 13 വിന്നറുകള്‍ പായിച്ചു. 46 മിനിറ്റ് നീണ്ട മൂന്നാം സെറ്റില്‍ ഹാലെപ്പിന് ഷരപോവയെ പ്രതിരോധിക്കാനായില്ല. രണ്ടാം റൌണ്ടില്‍ ഹംഗറിയുടെ ടിമിയ ബബോസ് ആണ് ഷരപോവയുടെ എതിരാളി. കോന്റയെ ഓസ്‌ട്രേലിയയുടെ അല ടോമില്‍ജാനോവിച്ചാണ് ആദ്യറൌണ്ടില്‍ പുറത്താക്കിയത്.

Leave a Reply

Your email address will not be published.