മാവേലിനാട് തിരിച്ചു പിടിക്കാനായി ഇന്നു മുതല്‍ ഓണസമൃദ്ധി

മാവേലിനാട് തിരിച്ചു പിടിക്കാനായി ഇന്നു മുതല്‍ ഓണസമൃദ്ധി

നേര്‍ക്കാഴ്ച്ചകള്‍…

പ്രതിഭാരാജന്‍..

ഓണസമൃദ്ധിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. തിരുവന്തപുരത്തു വെച്ചു മുഖ്യമന്ത്രി പിണറായിയാണ് ചന്ത ജനങ്ങളക്കായി തുറന്നു കൊടുക്കുന്നത്.

ഏതു തരം വേണം, വിഷമുള്ളതോ, ഇല്ലാത്തതോ, അതോ ഇറക്കുമതിയോ? മുന്നു തരത്തിലുള്ളവയും വെവ്വേറെ തരം തിരിച്ചുള്ള കച്ചവടത്തിനാണ് ഹോര്‍ട്ടി കോര്‍പ്പ് കോപ്പു കൂട്ടുന്നത്. സ്ഥാപനം സര്‍ക്കാരിന്റെതായതു കൊണ്ട് വാങ്ങുന്നവനും വില്‍ക്കുന്നവനും ലാഭം, നഷ്ടം എഴുതിത്തള്ളാന്‍ സംസ്ഥാന ഖജാനാവിന് ഒരു മടിയുമില്ല. വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുന്നുവെന്ന പരാതി മിറകടക്കുകയാണ് പദ്ധതി ലക്ഷ്യം. കേരളത്തിലെ കര്‍ഷകരും കുടുംബശ്രീ യൂണിറ്റുകളും നിര്‍മ്മിച്ച ജൈവപച്ചക്കറികള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ 10 ശതമാനം അധിക വില നല്‍കി വാങ്ങും. മുപ്പതു ശതമാനം വരെ വില കുറച്ച് വില്‍ക്കും. വില്‍പ്പന നടത്തിയ കുടുംബശ്രീ തന്നെ തിരിച്ചു വാങ്ങിയാല്‍ ആകെ ലാഭം 40 ശതമാനം. മാവേലി നാടു വാണീടുന്ന കാലത്തു പോലും കാണില്ല ഇത്രയും ആനുകൂല്യങ്ങള്‍. നഷ്ടമൊക്കെ സര്‍ക്കാര്‍ എഴുതിത്തള്ളിക്കോളും. കഥയില്‍ ചോദ്യമില്ലെന്നറിയാമല്ലോ. ഒടുവില്‍ മാവേലിക്കു വന്ന ഗതി തന്നെ പിണറായി സര്‍ക്കാരിനും വന്നു പിഴക്കുമോ എന്നു കണ്ടറിയണ്ടതാണ്. മാവലിയോടൊപ്പം, കഞ്ഞിയില്‍ പാറ്റയിടാനായി വാമനദിനവും ആഘോഷിക്കുന്ന കലികാലമാണിത്. സപ്ലൈക്കോയില്‍ ഉപ്പു തൊട്ടു കര്‍പ്പൂരം വരെ കിട്ടും ന്യായവിലക്ക്. ഉണ്ട ചോറിന് നന്ദി കാണിക്കാതിരിക്കില്ല ജനമെന്ന ഉത്തമ വിശ്വാസത്തിലാണ് സര്‍ക്കാര്‍.

ഇന്നു തുടങ്ങിയാല്‍ ഉത്രാടം വരെയാണ് ചന്തയുണ്ടാവുക. മുഴുവന്‍ പഞ്ചായത്തുകളും, മുനിസിപ്പാലിററികളോടും ഭൗതിക സാഹചര്യം ഒരുക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും, ജനങ്ങള്‍ കൂട്ടായി ആവശ്യപ്പെട്ടാല്‍ എവിടെയും അനുവദിക്കുമെന്നും കൃഷി മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. നിലവില്‍ 4,882 കേന്ദ്രങ്ങളിലായാണ് വില്‍പ്പനക്കായുള്ള സജ്ജീകരണം പൂര്‍ത്തിയായിരിക്കുന്നത്. നാടനും, രാസവളം ചേര്‍ത്തുണ്ടാക്കിയതിനു പുറമെ മറുനാട്ടില്‍ നിന്നും കൊണ്ടു വന്നു വില്‍ക്കുന്നവയ്ക്ക് പ്രത്യേകം ബോര്‍ഡ് വെച്ച് വേണം വില്‍ക്കാനെന്നാണ് നിര്‍ദ്ദേശം.

പഴം-പച്ചക്കറികള്‍ക്കു പുറമെ, ശര്‍ക്കര, വെളുത്തുള്ളി, കേര വെളിച്ചെണ്ണ , തേന്‍ തുടങ്ങിയവും ഓണസൃദ്ധിയില്‍ കിട്ടും. ഓണ വിപണിയിലിറങ്ങി മുതലെടുപ്പ് നടത്തുന്ന സ്വകാര്യ കച്ചവടക്കാരെ തടയുകയാണ് ലക്ഷ്യം.

85,000 ടണ്‍ വിഷരഹിത പച്ചക്കറിയാണ് വിപണിയിലേക്കെത്തിച്ചേരുകയെന്ന് കൃഷിമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ചിലവില്‍ വിളയിറക്കിയത്15,000 ഹെക്ടറിലാണ്.

അരിയും പച്ചക്കറിയുമെല്ലാം ന്യായവിലക്കു ലഭിക്കാന്‍ അവസരം ഒരുങ്ങിയിരിക്കുന്നു. നമുക്ക് മാവേലി നാടിനെ തിരിച്ചു പിടിക്കാം.

Leave a Reply

Your email address will not be published.