പശു സംരക്ഷണത്തിന് പുതിയ കളിക്കൊരുങ്ങി കേന്ദ്രം; പശുക്കള്‍ക്ക് മാത്രമായി വനഭൂമി അനുവദിക്കാന്‍ നീക്കം

പശു സംരക്ഷണത്തിന് പുതിയ കളിക്കൊരുങ്ങി കേന്ദ്രം; പശുക്കള്‍ക്ക് മാത്രമായി വനഭൂമി അനുവദിക്കാന്‍ നീക്കം

നോട്ട് നിരോധനത്തിന് ശേഷം, ഞെട്ടിക്കുന്ന മറ്റൊരു ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സരാജ് ആഹിറാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ എത്തി, ഇവിടെ കൊണ്ടുപിടിച്ച മതപരിവര്‍ത്തനം നടത്തുകയാണെന്ന് പറഞ്ഞ് തെറ്റിദ്ധാരണ പരത്തിയതിന് ശേഷം തലസ്ഥാനത്ത് മടങ്ങിയെത്തിയാണ് പുതിയ ആശയം അദ്ദേഹം കണ്ടുപിടിച്ചിരിക്കുന്നത്.

നിരോധനവും ഗുണ്ടായിസവും നടപ്പിലാക്കിയിട്ടും പശു കശാപ്പും അതുമായി ബന്ധപ്പെട്ട അക്രമങ്ങളും തുടരുകയാണെന്ന് ഹന്‍സരാജ് ചൂണ്ടിക്കാണിക്കുന്നു. അതിനുള്ള പരിഹാരമായാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പുതിയ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. കറവ വറ്റിയ പശുക്കള്‍ക്കായി സങ്കേതങ്ങള്‍ സ്ഥാപിക്കുന്നതിന് 1000 ഹെക്ടര്‍ വനഭൂമി നീക്കിവെക്കണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. ഗോവധം നിരോധിച്ചിരിക്കുന്ന 16 സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലും ഇത്തരം പശുസങ്കേതകങ്ങള്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെടുന്നു. വെറുതെ നിര്‍ദ്ദേശം വച്ച് പിന്മാറാനൊന്നും ആഹിര്‍ തയ്യാറല്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി അദ്ദേഹം സെപ്തംബര്‍ ആദ്യവാരം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ദ്ധനുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ജില്ലാതലത്തില്‍ പശുസങ്കേതങ്ങള്‍ സ്ഥാപിക്കുന്നത് വഴി കാലിക്കശാപ്പ് അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് ഹന്‍സരാജ് ആഹിര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. പശുവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ വലിയ ക്രമസമാധാന പ്രശ്നമായി വളരുന്നതില്‍ അദ്ദേഹത്തിന് ആത്മാര്‍ത്ഥമായ ആശങ്കയുണ്ട്. മാത്രമല്ല, ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെടുകയും ആഭ്യന്തരമന്ത്രാലയം ഇതിനെല്ലാം മറുപടി പറയാന്‍ നിര്‍ബന്ധിതമാകുകയും ചെയ്യുന്നു. ഇതിന് ഒരറുതി വരുത്തുക എന്ന ലക്ഷ്യം കൂടി അദ്ദേഹത്തിനുണ്ട്.

പദ്ധതിക്ക് അഞ്ചുപൈസ ചിലവില്ലെന്നതാണ് മറ്റൊരു പ്രത്യേകതയെന്ന് ഹന്‍സരാജ് ചൂണ്ടിക്കാണിക്കുന്നു. കാട്ടില്‍ ഇഷ്ടം പോലെ പുല്ലുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ കൊണ്ട് ഇവ പറിപ്പിച്ച് സങ്കേതത്തിലെ പശുവിനെ തീറ്റാവുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ മൂലം ഒരു വഴിക്കായിരിക്കുന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പുത്തനുണര്‍വ് ലഭിക്കാനും ഈ നിര്‍ദ്ദേശം സഹായിക്കുമെന്നതാണത്രേ മറ്റൊരു പ്രത്യേകത. ഈ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗോശാലകളെ ഈ സങ്കേതങ്ങളിലേക്ക് മാറ്റണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. കറവ വറ്റിയ പശുക്കളെ കര്‍ഷകര്‍ക്ക് സങ്കേതങ്ങളില്‍ ഏല്‍പ്പിക്കാന്‍ സാധിക്കും. ഇതുവഴി കറവ വറ്റിയ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും ഹന്‍സരാജ് പറയുന്നു.

ഓരോ ജില്ലയിലും മൃഗസംരക്ഷണ വകുപ്പുണ്ട്. അവയെ സങ്കേതങ്ങളുടെ ചുമതല ഏല്‍പ്പിക്കാവുന്നതാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി പറയുന്നു. കേന്ദ്രത്തില്‍ വനം, കൃഷി, ഗ്രാമീണ വികസന മന്ത്രാലയങ്ങളുടെ ഏകോപനം പദ്ധതിയുടെ വിജയത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു. വനം വകുപ്പ് ഉപയോഗിക്കാത്ത ഏഴ് കോടി ഹെക്ടര്‍ വനഭൂമി ഉണ്ടെന്നാണ് ഹന്‍സരാജിന്റെ കണക്ക്. ഇതില്‍ വെറും 1000 ഹെക്ടര്‍ വനഭൂമി മാത്രമാണ് അദ്ദേഹം പശു സംരക്ഷണത്തിനായി ആവശ്യപ്പെടുന്നത്. കൂടാതെ 16 സംസ്ഥാനങ്ങളില്‍ പശുവധം നിരോധിച്ചത് മൂലം പശുവിന്റെ കടത്ത് വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഇത് പോലീസുകാര്‍ക്ക് വലിയ തലവേദന ആകുന്നുണ്ടെന്നും മന്ത്രി പറയുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം ഒറ്റമൂലിയായാണ് അദ്ദേഹം പശു സങ്കേതങ്ങളെ കാണുന്നത്.

നാളെ കേന്ദ്ര മന്ത്രിസഭ വികസിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പല മന്ത്രിമാര്‍ക്കും സ്ഥാനചലനം സംഭവിക്കുമെന്നാണ് അഭ്യൂഹം. ഇത്തരം കമനീയ ആശയങ്ങള്‍ അവതരിപ്പിക്കുന്ന ഹന്‍സരാജ് ആഹിറും അക്കൂട്ടത്തില്‍ ഉണ്ടാവുമോ എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്.

Leave a Reply

Your email address will not be published.