നാളികേരദിനത്തില്‍ നീരയും കേരളത്തിന് ആശ്വാസമാകില്ല

നാളികേരദിനത്തില്‍ നീരയും കേരളത്തിന് ആശ്വാസമാകില്ല

ഇന്ന് 19ാം നാളികേര ദിനമാചരിക്കുകയാണ് രാജ്യം. തിരിഞ്ഞ് നോക്കമ്പോള്‍ നാളികേര ഉല്‍പ്പാദനത്തില്‍ തമിഴ്‌നാടിനും കര്‍ണാടകത്തിനും പിന്നിലായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിപ്പോയ കേരളം വീണ്ടും മുന്‍നിരയിലേക്ക് എത്തി എന്നത് മാത്രമാണ് ആശ്വാസം.

ഈ വര്‍ഷത്തെ നാളിക ദിനാചരണത്തിന്റെ മുഖ്യപ്രമേയമായി തെരഞ്ഞെടുത്തിരിക്കുന്നത് ആരോഗ്യകരവും സമ്പല്‍സമൃദ്ധവുമായ ജീവിതം നാളികേരത്തിനൊപ്പം എന്നതാണ്. സംസ്ഥാനത്തെ മൊത്ത കൃഷി ഭൂമിയുടെ 41 ശതമാനവും തെങ്ങുകൃഷിയാണ്. എന്നാല്‍ കഴിഞ്ഞ കുറേക്കാലമായി നാളികേരത്തിന്റെ വിലത്തകര്‍ച്ചയും രോഗകീടങ്ങളുടെ ആധികൃവും കേരളീയര്‍ തെങ്ങിനെ അവഗണിച്ചിരുന്ന ഒരവസ്ഥ ഉണ്ടായിരുന്നു. ഇതാണ് തെങ്ങുകൃഷിയെ ഒരു കാലത്ത് കേരളത്തിലെ കര്‍ഷകര്‍ അവഗണിക്കാന്‍ കാരണം.

വിഷം കലര്‍ന്ന ശീതള പാനീയങ്ങള്‍ക്ക് ബദലെന്ന കാഴ്ചപ്പാടോടെ വിപണി കീഴടക്കാനെത്തിയ നീരക്ക് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും തലവര തെളിഞ്ഞില്ല. ഉല്‍പ്പാദന വിപണന ശൃംഖലയില്‍ നേരിട്ട സൂഷ്മതക്കുറവും സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ഉടക്കും നീരയുടെ രുചി കുറച്ചു. ഇതോടെ കടക്കെണിയില്‍ നട്ടം തിരിയുന്ന കേരകര്‍ഷകരുടെ ജീവിതം മധുരപ്പിക്കാനായി ആവിഷ്‌കരിച്ച പദ്ധതി മണ്ഡരി ബാധിച്ച അവസ്ഥയിലായി.
സംസ്ഥാന കാര്‍ഷിക സര്‍വ്വകലാശാല, ദേശീയ തോട്ടവിള ഗവേഷണ കേന്ദ്രം, നാളികേര ഗവേഷണ കേന്ദ്രം, എന്നിവ ചേര്‍ന്നാണ് നീരയുടെ സാങ്കേതിക വികസിപ്പിച്ചെടുത്തത്. കേരകര്‍ഷകരുടെ ക്ഷേമം നീരയിലൂടെ യാഥാര്‍ഥ്യമാകുമെന്ന് കണക്ക്കൂട്ടലില്‍ കോടികള്‍ ചെലവഴിച്ചു.
2014ല്‍ അന്നത്തെ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഒരുമിച്ചിരുന്ന് നീര നുണഞ്ഞപ്പോള്‍ തങ്ങളുടെ സ്വപ്നം പൂവണിയുമെന്ന് കര്‍ഷകരും ആഗ്രഹിച്ചു. പ്രതിവര്‍ഷം 54000 കോടിയുടെ കച്ചവടം. 25000 കോടി കര്‍ഷകര്‍ക്ക്, സംസ്ഥാന സര്‍ക്കാരിന് 4000 കോടിയുടെ അധിക വരുമാനം. ഉദ്ഘാടന വേദിയില്‍ മുഴങ്ങി കേട്ട ഈ കണക്ക്കൂട്ടല്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്ന് കര്‍ഷകര്‍ക്ക് പിന്നീടാണ് ബോധ്യമായത്.

Leave a Reply

Your email address will not be published.