നിലവാരമില്ല; രാജ്യത്ത് 800 കോളേജുകള്‍ക്ക് പൂട്ട് വീഴും

നിലവാരമില്ല; രാജ്യത്ത് 800 കോളേജുകള്‍ക്ക് പൂട്ട് വീഴും

ബംഗളൂരു: രാജ്യത്ത് നിലവാരമില്ലാത്തതും അഡ്മിഷന്‍ നടക്കാത്തതുമായ 800 കോളേജുകള്‍ പൂട്ടുമെന്ന് ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍(എ.ഐ.സി.റ്റി.ഇ) ചെയര്‍മാന്‍ അനില്‍ ദത്താത്രേയ പറഞ്ഞു. ഈ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ എടുക്കാന്‍ കൂട്ടാക്കുന്നില്ലെന്നും ഓരോ വര്‍ഷവും നൂറോളം സീറ്റുകള്‍ ഇവിടങ്ങളില്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എ.ഐ.സി.റ്റി.ഇയുടെ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ മൂലം ഓരോ വര്‍ഷവും 150ഓളം കോളേജുകള്‍ സ്വയം പൂട്ടാന്‍ അപേക്ഷ നല്‍കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് രേഖപ്പെടുത്തുന്നതും തുടര്‍ച്ചയായ അഞ്ച് വര്‍ഷം അഡ്മിഷനില്‍ 30 ശതമാനം കുറവ് വരുത്തുന്നതുമായ കോളേജുകള്‍ പൂട്ടണമെന്നാണ് കൗണ്‍സില്‍ ചട്ടമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണ ഗതിയില്‍ സമീപത്തുള്ള എഞ്ചിനീയറിങ് കോളേജുകളുമായി ലയിപ്പിക്കാനാണ് എ.ഐ.സി.ടി.ഇ മുന്‍ഗണന നല്‍കുക. അടച്ചുപൂട്ടണമെന്ന അപേക്ഷയില്‍ തീരുമാനമെടുക്കുക വിശദമായ പഠനങ്ങള്‍ക്ക് ശേഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 450 കോളേജുകള്‍ പൂട്ടാനാണ് കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതില്‍ 20 കോളേജുകളും കര്‍ണാടകയിലാണ്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള കോളേജുകള്‍ പൂട്ടണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും കൗണ്‍സില്‍ പുറത്ത് വിട്ട പട്ടികയില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published.