പ്രവാസ തൊഴില്‍ പ്രശ്നം: കെ.എം.സി.സി മന്ത്രി കണ്ണന്താനത്തെ കാണണം

പ്രവാസ തൊഴില്‍ പ്രശ്നം: കെ.എം.സി.സി മന്ത്രി കണ്ണന്താനത്തെ കാണണം

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കുള്ള കുടിയേറ്റം ഉദ്ദേശം 1970 മുതല്‍ക്കായിരുന്നുവെങ്കില്‍ പോയവരില്‍ പലരും തിരിച്ചു വരികയാണ്. ഇതിനിടയിലാണ് ബീഹാറികളുടെ കേരളത്തിലേക്കുള്ള കുടിയേറ്റം. ഇത് പതിന്മടങ്ങ് വര്‍ദ്ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗള്‍ഫ് നാടുകളിലേക്ക് പുതുതായി പോകുന്നവരുടെ എണ്ണവും കുറഞ്ഞു വരുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്‍ട്രല്‍ ഫോര്‍ ഡവലപ്പ്മെന്റ് സ്റ്റഡീസ് (സി.ഡി.എസ്) നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തലുകളാണിത്.

1998 മുതല്‍ക്കുള്ള മാറ്റമാണ് സി.ഡി.എസ് പഠനത്തിനായെടുത്തതെന്ന് ചെയര്‍മാന്‍ പ്രൊഫ. ഇരുദയ രാജന്‍ അിറയിച്ചു. ഗള്‍ഫു നാടുകളിലെ സ്വദേശീ വല്‍ക്കരണവും, സാമ്പത്തിക മാന്ദ്യവും, പെട്രോളിനുള്ള വിലയിടിവുമാണ് പ്രധാന കാരണമായി റിപ്പോര്‍ട്ടിലുള്ളത്. ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ നിര്‍ണ്ണായകമായി സ്വാധീനിച്ച ഘടമായിരുന്നു വിദേശ ധനം.

കേരളത്തിലെ ആഭ്യന്തര മുന്നേറ്റത്തിന്റെ മുന്നില്‍ രണ്ടു ഭാഗവും പ്രവാസി മലയാളികളുടെ സംഭവാനകളാണ്. വിദേശ പണം കുമിഞ്ഞു കൂടിയതോടെ കേരളത്തില്‍ കറന്‍സിക്കു വിലയിടിയുകയും, ജോലിക്കുള്ള കൂലി ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്തു. ഗള്‍ഫിലെ അടിസ്ഥാന തൊഴിലാളിക്കു കിട്ടുന്ന കൂലിയേക്കാള്‍ അധികരിച്ച വേതനം തെങ്ങു-കവുങ്ങു കയറ്റ തൊഴിലാളികള്‍ മുതല്‍ പറമ്പില്‍ പണിയെടുക്കുന്ന അഭ്യസ്ഥ വിദ്യരല്ലാത്തവര്‍ക്കു വരെ കിട്ടുന്ന സ്ഥിതി വന്നതോടെ അവിടെ കഷ്ടപ്പെടുന്നതിനേക്കാള്‍ മിച്ചം നാടു തന്നെയെന്ന തോന്നലും വ്യാപകമായ തിരിച്ചു വരവിനു കാരണമായതായി പഠനങ്ങള്‍ വിലയിരുത്തുന്നു.

നാട്ടില്‍ പണിയെടുക്കാന്‍ ആളെ കിട്ടാതെ വരികയും, ബീഹാറികള്‍ വ്യാപകമായി കുടിയേറുകയും, നാടന്‍ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടുന്ന ജോലിയും കൂടിയും ഉത്തരേന്ത്യയിലേക്ക് കടത്തുന്നതായും, ആഴ്ച്ചയിലെ എല്ലാ തിങ്കളാഴ്ച്ചകളിലും ബാങ്കുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂവായാണ് പണം കയറ്റി അയക്കപ്പെടുന്നതെന്നുമുള്ള വിലയിരുത്തലുകളാണ് സാധാരണ തൊഴിലിലേര്‍പ്പെടുന്ന ഗള്‍ഫ് പ്രവാസികളെ തിരിച്ചു വരാന്‍ പ്രേരിപ്പിക്കുന്നത്. ബീഹാറികളും പാക്കിസ്ഥാനികളും കൂലി കുറച്ച് ഗള്‍ഫില്‍ പണി ചെയ്യാന്‍ ആരംഭിച്ചതോടെ ഉള്ള പണിയും നഷ്ടപ്പെടുന്നതായും വിലയിരുത്തലുകളുണ്ട്.

1998 മുതല്‍ 2011വരെ തൊഴിലന്യേഷിച്ച് പോകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വന്നിരുന്നുവെങ്കില്‍ 2012മുതല്‍ തിരിച്ചു വരവിന് ആക്കം കൂടി. 98ല്‍ 13.6 ലക്ഷം തൊഴിലാളികളാണ് സര്‍ക്കാരിന്റെ കണക്കില്‍ പ്രവാസികളെങ്കില്‍ 2003 ആകുമ്പോഴേക്കും അത് 18.4 ലക്ഷമായി വര്‍ദ്ധിച്ചിരുന്നു. 2008ല്‍ 21.9 ലക്ഷവും, 2011ല്‍ 22.8 ലക്ഷവുമായി ഉയര്‍ന്നു. 2014ല്‍ ഇത് 24 ലക്ഷം പേരുടെ വര്‍ദ്ധനവായി രേഖപ്പെടുത്തി.

എന്നാല്‍ 2016 ആയതോടെ തിരിച്ചു വരവിന്റെ കാലമായി. ഉദ്ദേശം രണ്ടു ലക്ഷത്തോളം പേരാണ് ഈ കുറഞ്ഞ കാലയളവില്‍ മാത്രം തിരിച്ചു വന്നത്. കേരളത്തില്‍ നിന്നും പോയവരില്‍ 35 ശതമാനം പേരും യു.എ.ഇ കേന്ദ്രീകരിച്ചാണ് ജോലി ചെയ്യുന്നതെങ്കില്‍ 28 ശതമാനം പേര്‍ സൗദി അറേബ്യയെ ആശ്രയിച്ചാണ് കഴിയുന്നത്. മുമ്പ് മൂംബൈയിലും ഹൈദ്രാബാദിലും, ബംഗലൂരിലും മറ്റും തൊഴില്‍ തേടിയിരുന്ന മലയാളികളും അവ ഉപേക്ഷിച്ച് കേരളത്തിലേക്ക് തിരിച്ചു വരുന്നതോടെ ബീഹാരികള്‍ ചുരുങ്ങിയ വേതനത്തിനു വേല ചെയ്യാന്‍ തയ്യാറാവുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വീണ്ടും തൊഴിലില്ലാ പട പെരുകാനാണ് സാധ്യതയെന്ന ഓര്‍പ്പിക്കലും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.

എന്നാല്‍ റിപ്പോര്‍ട്ട് ശ്രദ്ധയില്‍ പെട്ടതോടെ സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക വഴി ചില പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നുണ്ടെങ്കിലും കേന്ദ്ര വിദേശ മന്ത്രാലയത്തിന്റെ കൈവശമുള്ള പ്രവാസി ഭാരതി ഘടകമോ, പ്രതിവര്‍ഷം ആചരിച്ചു പോരുന്ന പ്രവാസി ഭാരതിയ ദിവസ് (പി.ബി.ഡി) യോ ഇതൊന്നും കണ്ടെന്ന ഭാവം നടിക്കുന്നില്ല. പുതുതായി ചുമതലയേറ്റ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെ കണ്ട് സഹായം അഭ്യര്‍ത്ഥിക്കാന്‍ പ്രവാസി സംഘടനകള്‍ ശ്രമിക്കേണ്ടുണ്ട്

Leave a Reply

Your email address will not be published.