കമല സുരയ്യ അനുസ്മരണത്തിന് എഴുത്തുകാരികള്‍ നീര്‍മാതളത്തണലില്‍ ഒത്തുചേരുന്നു

കമല സുരയ്യ അനുസ്മരണത്തിന് എഴുത്തുകാരികള്‍ നീര്‍മാതളത്തണലില്‍ ഒത്തുചേരുന്നു

തൃശൂര്‍: മാധവിക്കുട്ടിയെ അനുസ്മരിക്കാന്‍ എഴുത്തുകാരികള്‍ പുന്നയൂര്‍ക്കുളത്തെ നീര്‍മാതളത്തണലില്‍ ഒത്തുചേരുന്നു. കേരള സാഹിത്യ അക്കാദമി ഈ മാസം ഒമ്പത്, 10 തീയ്യതികളില്‍ കമല സുരയ്യ സ്മാരകത്തിലാണ് ഒത്തുചേരല്‍ ഒരുക്കുന്നത്. ഒമ്പതിന് രാവിലെ 10ന് ജ്ഞാനപീഠ ജേതാവ് പ്രതിഭാ റായ് സംഗമം ഉദ്ഘാടനം ചെയ്യും. സാറാ ജോസഫ് അധ്യക്ഷത വഹിക്കും. ഹിന്ദി എഴുത്തുകാരി മൃദുല ഗാര്‍ഗ് മുഖ്യപ്രഭാഷണം നടത്തും. ജ്യോതിഭായ് പരിയാടത്തിന്റെ കവിതാലാപനത്തോടെയാണ് തുടക്കം. കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉപഹാര സമര്‍പ്പണം നടത്തും. ഉദ്ഘാടന സമ്മേളനത്തില്‍ മ്യൂസ് മേരി ജോര്‍ജ്, ഒ.വി. ഉഷ, ഡോ. സുലോചന നാലപ്പാട്ട്, തമിഴ് എഴുത്തുകാരായ സല്‍മ, കെ.വി. ശൈലജ എന്നിവര്‍ പങ്കെടുക്കും.

ഉച്ചക്ക് രണ്ടിന് ‘കമലയുടെ ആത്മനിഷ്ട രചനകള്‍’ എന്ന വിഷയത്തില്‍ സെമിനാറാണ്. ഡോ. ഖദീജ മുംതാസ്, മാനസി, ഡോ. രേണുക, സല്‍മ, ഡോ. ജി. ഉഷാകുമാരി, മിനി ആലീസ്, ഡോ. എ.ജി. ഒലീന, ഫസീല എന്നിവര്‍ സംബന്ധിക്കും. നാലിന് രവീന രവീന്ദ്രന്റെ കഥകള്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന് പ്രതിനിധികളുടെ കൂട്ടായ്മ, തിരുവാതിരക്കളി, ദൃശ്യാഖ്യാനം, എന്റെ നീര്‍മാതളം നാടകാവതരണം എന്നിവയുണ്ട്. രാത്രി 8.30നും കൂട്ടായ്മയും 9.30ന് ഡോക്യുമന്റെറികളുടെ പ്രദര്‍ശനവുമാണ്. 10ന് രാവിലെ 10ന് കമല സുറയ്യയുടെ കഥകളിലെ സാര്‍വലൗകികത, സ്ത്രീ സ്വത്വം, കുട്ടികള്‍, കമലയുടെ വ്യക്തിത്വം, സാഹിത്യ ചരിത്രത്തിലെ കമല തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും.

വി. സീതമ്മാള്‍, ഡോ. സുലോചന നാലപ്പാട്ട്, കെ.വി. ശൈലജ, ഡോ. എസ്. ശാരദക്കുട്ടി, ഡോ.സി.എസ്. ചന്ദ്രിക, ടി.വി. സുനിത, ഡോ. ഷംസാദ് ഹുസൈന്‍, ഡോ. മിനി പ്രസാദ്, ജാസ്മിന്‍ ഷഹീര്‍ എന്നിവര്‍ പങ്കെടുക്കും. 12.45ന് രശ്മി മൂത്തേടത്തിന്റെ കഥകളുടെ പ്രകാശനം ജാനമ്മ കുഞ്ഞുണ്ണി നിര്‍വഹിക്കും. രണ്ടിന് ‘പിരിയും മുമ്പ്’ എന്ന പേരില്‍ പ്രതിനിധികളുടെ കൂട്ടായ്മയാണ്. 3.30ന് സമാപന സമ്മേളനത്തില്‍ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ് അധ്യക്ഷത വഹിക്കും. പ്രസിഡന്റ് വൈശാഖന്‍ സമാപന പ്രസംഗവും സാക്ഷ്യപത്രവിതരണവും നടത്തും. ബി.എം. സുഹറ, അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ എന്നിവര്‍ സംബന്ധിക്കും.

Leave a Reply

Your email address will not be published.