പുനര്‍ജ്ജനി പദ്ധതി മാതൃകാപരം : കെ.കെ.ശൈലജ ടീച്ചര്‍

പുനര്‍ജ്ജനി പദ്ധതി മാതൃകാപരം : കെ.കെ.ശൈലജ ടീച്ചര്‍

സുസ്ഥിരവികസനം മുന്‍നിര്‍ത്തി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന നവകേരള പദ്ധതിയുടെ ഭാഗമായിക്കൊണ്ട് സംസ്ഥാനത്തെ ആതുരാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണല്‍ സര്‍വ്വീസ് സ്‌കീം ടെക്നിക്കല്‍ സെല്‍ നടപ്പാക്കുന്ന പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായ തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ നടന്നുവരുന്ന ക്യാമ്പ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു.
സംസ്ഥാനത്തൊട്ടാകെ അന്‍പത്തിയഞ്ച് പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളാണ് ഈ വര്‍ഷം പുനര്‍ജ്ജനി പദ്ധതിയുടെ കീഴില്‍ പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ ആതുരാലയങ്ങളെ ആശ്രയിക്കുന്ന നിര്‍ദ്ധന രോഗികള്‍ക്കും ആരോഗ്യ വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
അറ്റകുറ്റപ്പണികള്‍ മികച്ച രീതി നടക്കാതെ വന്നതുകൊണ്ട് ഉണ്ടായ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ, പ്രത്യേകിച്ച് സര്‍ക്കാര്‍ ആതുരാലയങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ പരിമിതപ്പെടുന്ന അവസ്ഥ വൊളന്റിയര്‍മാരുടെ സന്നദ്ധ സേവനത്തിലൂടെ ഇല്ലാതാക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന നൂതന പദ്ധതിയാണ് പുനര്‍ജ്ജനി.

ആശുപത്രികളില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന വിലപിടിപ്പുള്ള ഉപകരണങ്ങള്‍, ഓപ്പറേഷന്‍ ടേബിളുകള്‍, നെബുലൈസറുകള്‍, ബി പി അപ്പാരറ്റസ്, കട്ടിലുകള്‍, മേശകള്‍, ഡ്രിപ്പ് സ്റ്റാന്‍ഡുകള്‍, ട്രോളികള്‍, വീല്‍ ചെയറൂകള്‍, വൈദ്യുത, ജല വിതരണ സംവിധാനങ്ങള്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, തകര്‍ന്നുകിടക്കുന്ന കെട്ടിടങ്ങളുടെ മരാമത്ത് തുടങ്ങി ഓരോ ആശൂപത്രികളുടെയും ആവശ്യങ്ങള്‍ മനസിലാക്കി അതിനനുസരിച്ചാണ് ഈ പദ്ധതി സംവിധാനം ചെയ്യുന്നത്. ഈ പദ്ധതിയുടെ മുന്‍ വര്‍ഷങ്ങളിലെ വിജയകരമായ നടത്തിപ്പ് മനസ്സിലാക്കിയ സര്‍ക്കാര്‍ ഈ വര്‍ഷം കൂടുതല്‍ ഫലപ്രദമായ നടത്തിപ്പിനായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് സാമ്പത്തിക സഹായം ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published.