രോഹിഗ്യന്‍ മുസ്ലീങ്ങളെ തിരിച്ചയക്കണം: ആര്‍.എസ്.എസ്

രോഹിഗ്യന്‍ മുസ്ലീങ്ങളെ തിരിച്ചയക്കണം: ആര്‍.എസ്.എസ്

മ്യാന്‍മാറില്‍നിന്നും അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയ രോഹിഗ്യന്‍ മുസ്ലീങ്ങളെ തിരിച്ചയക്കണമെന്ന് ആര്‍.എസ്.എസ്. ഇക്കാര്യംകാട്ടി ആര്‍.എസ്.എസ് നേതാവ് കെ എന്‍ ഗോവിന്ദാചാര്യ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. രോഹിഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായാണ് പരാതി നല്‍കിയിരിക്കുന്നത്. രോഹിഗ്യക്കാരുടെ ആധിക്യം കാരണം ദില്ലിയില്‍ മാലിന്യക്കൂമ്പാരമാണ്. ഇവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു.

ഇന്ത്യക്കാരുടെ അവകാശങ്ങള്‍ വേണമെന്നാണ് ഇപ്പോള്‍ അവരുടെ ആവശ്യം. എന്നാല്‍, ഇന്ത്യയില്‍ നിലവിലുള്ള ജനസംഖ്യതന്നെ താങ്ങാനാകുന്നതിലധികമാണെന്നും ഗോവിന്ദാചാര്യ വ്യക്തമാക്കി. രോഹിഗ്യകളെ അല്‍ ഖ്വയ്ദ തീവ്രവാദ സംഘത്തിലേക്ക് ആകര്‍ഷിക്കുകയാണ്. ഇവര്‍ ഇന്ത്യയില്‍ തന്നെ തുടര്‍ന്നാല്‍ രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയായിരിക്കും. ഇന്ത്യ ഭാവിയില്‍ മറ്റൊരു വിഘടിക്കലിനുകൂടി കാരണമാകാന്‍ രോഹിഗ്യകള്‍ ഇടയാക്കിയേക്കും.

നിയമവിരുദ്ധമായി താമസിക്കുന്ന ഇവരെ തിരിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രോഹിഗ്യകളെ തിരിച്ചയക്കണമെന്ന സര്‍ക്കാരിന്റെ തീരുമാനം രാഷ്ട്രീയപരമായി മാത്രമല്ല, രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തിക്കൂടിയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ ഇന്റലിജന്‍സും രോഹിഗ്യകളെ തിരിച്ചയക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഗോവിന്ദാചാര്യ വ്യക്തമാക്കി. ഹര്‍ജി സുപ്രീംകോടതി സപ്തംബര്‍ 11ന് പരിഗണിക്കും. ഏതാണ്ട് 40,000ത്തോളം രോഹിഗ്യ അഭയാര്‍ഥികള്‍ ഇന്ത്യയില്‍ തങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published.