ഇര്‍മ അമേരിക്കന്‍ തീരത്തെത്തി

ഇര്‍മ അമേരിക്കന്‍ തീരത്തെത്തി

ന്യൂയോര്‍ക്ക്: കരീബിയന്‍ മേഖലയിലും ക്യൂബയിലും വന്‍ നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് ഇന്നു പുലര്‍ച്ചയോടെ അമേരിക്കന്‍ തീരത്തെത്തി. ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തെത്തിയതോടെ ഇവിടെ നിന്നും ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കുകയാണ്. 70 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചതായാണ് വ്യക്തമാകുന്നത്. ഭീതി പരത്തി കരയിലേക്കു നീങ്ങുന്ന ഇര്‍മ ചുഴലിക്കാറ്റ് കാറ്റഗറി അഞ്ചില്‍ നിന്നും നാലിലേക്കു മാറി എന്നത് കുറച്ചൊരു ആശ്വാസത്തിന് വഴിവെക്കുന്നുണ്ട്. കാറ്റിന്റെ വേഗത ക്രമേണ കുറയുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കാറ്റിന്റെ ശക്തി കൂടാനുള്ള സാധ്യതകളെ തള്ളിക്കളഞ്ഞിട്ടില്ല.

അമേരിക്കയിലെ ഫ്ലോറിഡയും സമീപ സംസ്ഥാനങ്ങളും ലക്ഷ്യമാക്കി നീങ്ങുന്ന ഇര്‍മ കാറ്റിന്റെ വേഗത മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെയെത്താമെന്നും മുന്നറിയിപ്പുണ്ട്. കരയോട് അടുക്കുന്തോറും പ്രഹരശേഷി കൂടുന്ന വിഭാഗത്തില്‍പ്പെടുന്ന ചുഴലിക്കാറ്റാണ് ഇര്‍മ. നൂറ്റാണ്ടിലെ ഏറ്റവും വലിയ മുന്നൊരുക്കവും ഒഴിപ്പിക്കലുമാണ് പല തീരമേഖലകളിലും നടത്തിയത്. ഫ്ലോറിഡ, അമേരിക്കയുടെ ഭാഗമായ പ്യൂര്‍ട്ടോറിക്കോ, വിര്‍ജിന്‍ ഐലന്‍ഡ്സ്, ജോര്‍ജിയ, കരോലിന എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

അത്ലാന്റിക്കില്‍ രൂപമെടുത്ത ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റ് ശനിയാഴ്ച ക്യൂബന്‍ തീരത്ത് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. 10 ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ ആള്‍ നാശം കുറഞ്ഞു. കരീബിയന്‍ ദ്വീപുകളിലും ഇര്‍മ വന്‍ നാശമാണ് വിതച്ചത്.

Leave a Reply

Your email address will not be published.