സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനായി പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിക്കും: ആരോഗ്യ മന്ത്രി

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനായി പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിക്കും: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനു വേണ്ടി പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിനാവശ്യമായ തീരുമാനം ആരോഗ്യവകുപ്പ് കൈക്കൊള്ളുകയും പൈലറ്റ് പദ്ധതി എന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കേളെളജില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായുള്ള പ്രത്യേക ഒ പി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മാസത്തില്‍ ഒരു തവണയാണ് കോട്ടയത്ത് ഇപ്പോള്‍ ഒ പി പ്രവര്‍ത്തിക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടു കൂടിയാണ് ഒ പി പ്രവര്‍ത്തനം നടന്നു വരുന്നത്. പ്രധാനപ്പെട്ട രണ്ടു മെഡിക്കല്‍ കോളെജുകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ സര്‍ജറിക്കാവശ്യമായ സംവിധാനമൊരുക്കും. കോട്ടയം മെഡിക്കല്‍ കോളെജില്‍ സര്‍ജറി രണ്ടു മാസത്തിനുള്ളില്‍ ആരംഭിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടുകൂടിയാണ് സര്‍ജറിക്കാവശ്യമായ സംവിധാനം ഉണ്ടാക്കുകയെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളെജിലെ ജനറല്‍ മെഡിസിന്‍, സൈക്യാട്രി, ഡര്‍മറ്റോളജി, എന്‍ഡോക്രൈനോളജി, പ്ലാസ്റ്റിക് സര്‍ജറി തുടങ്ങിയ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ എല്ലാ മാസവും ആദ്യ ചൊവ്വാഴ്ച പ്ലാസ്റ്റിക് സര്‍ജറി ഡിപ്പാര്‍ട്ടുമെന്റില്‍ നടത്തുന്ന ക്ലിനിക്കില്‍ ട്രാന്‍സ്‌ജെന്‍ഡുകളെ പരിശോധിച്ചു വേണ്ട ചികിത്സ നല്‍കും.

ഇതോടൊപ്പം ട്രാന്‍സ്‌ജെന്‍ഡര്‍ക്കു നിയമ സഹായം നല്‍കുന്നതിന് ഒരു പാരാ ലീഗല്‍ വോളന്റിയറുടെ സേവനവും ക്ലിനിക്കില്‍ ലഭ്യമാണ്. ഭാവിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകള്‍ നടത്തുന്നതിന് പര്യാപ്തമായ രീതിയില്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങളെ വികസിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റി ഭിന്നലിംഗക്കാര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഭിന്നലിംഗക്കാര്‍ക്കു വേണ്ടി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്.

തൊഴില്‍ പരിശീലനം നല്‍കാനുള്ള രണ്ട് പ്രോജക്ടുകള്‍ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ പരിഗണനയിലാണ്. സംസ്ഥാനത്ത് ആദ്യമായി മൂന്ന് ട്രാന്‍സ്‌ജെന്‍ഡറുകളെ പാരാ ലീഗല്‍ വോളന്റിയര്‍മാരായി തെരഞ്ഞെടുത്തതും കോട്ടയത്താണ്. സമൃദ്ധി സുരക്ഷ എന്ന എന്‍ജിഒയും കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ഈ പ്രവര്‍ത്തനങ്ങളിലെല്ലാം ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പങ്കാളിയാണ്. മതിയായ ചികിത്സ തേടാന്‍ കഴിയാതെ വരുന്നു എന്നതാണ് ട്രാന്‍സ്‌ജെന്‍ഡര്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

ഈ വിഭാഗത്തിനു മാത്രമായുള്ള ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ചികിത്സ തേടി എവിടെ പോകണമെന്ന ആശയക്കുഴപ്പവും ഇവര്‍ക്കിടയില്‍ നിലനിന്നിരുന്നു. അഥവാ ഡോക്ടറുടെയടുക്കല്‍ പോയി അവരുടെ ആവശ്യങ്ങള്‍ പറഞ്ഞാല്‍ അത് ഗൗരവമായി എടുക്കുമോ എന്ന സംശയവും ഇവര്‍ക്കുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് മാത്രമായി ക്ലിനിക്ക് എന്ന ആവശ്യം ഉയര്‍ന്നത്. ലീഗല്‍ സര്‍വീസ് സൊസൈറ്റിയോടൊപ്പം കോട്ടയം മെഡിക്കല്‍ കോളെജിന്റെ സഹകരണം കൂടിയായപ്പോള്‍ ക്ലിനിക്കെന്ന ആശയം ഫലപ്രാപ്തിയിലെത്തുകയായിരുന്നു. മെഡിക്കല്‍ കോളെജില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തിനു വേണ്ടി പ്രത്യേക ക്ലിനിക്ക് ആരംഭിച്ചതിനെ ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published.