സാഹിത്യ അക്കാദമിയുടെ കടലെഴുത്തുകള്‍ 15 ന്

സാഹിത്യ അക്കാദമിയുടെ കടലെഴുത്തുകള്‍ 15 ന്

കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കടല്‍-കടലോര ജീവിതം വിഷയമാക്കി സംഘടിപ്പിക്കുന്ന കടലെഴുത്തുകള്‍ ഈ മാസം 15,16,17 തീയ്യതികളില്‍ നീലേശ്വരം അഴിത്തല കടപ്പുറത്ത് നടക്കും. മീന്‍ പിടുത്തക്കാരുടെയും കടല്‍ യാത്രികരുടെയും അനുഭവ വിവരണങ്ങള്‍, പ്രഭാഷണങ്ങള്‍, സര്‍ഗ സംവാദങ്ങള്‍, കവിതാ സദസ്സ്, പാട്ടു കടല്‍ ഗാനസദസ്, മീന്‍ പെരുമ പ്രദര്‍ശനം, നാടകം, ചവിട്ടു നാടകം എന്നിവയുണ്ടാകും.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം പ്രമുഖ എഴുത്തുകാരും കലാകാരന്മാരും പരിപാടികളില്‍ സംബന്ധിക്കും. 15 ന് മീന്‍പെരുമ പ്രദര്‍ശനം എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ടി പി വേണുഗോപാല്‍ അധ്യക്ഷത വഹിക്കും. കണ്ണന്‍ കാരണവര്‍, എ പി വിജയന്‍, പി കെ രാജേന്ദ്രന്‍, ശ്യാമശശി എന്നിവര്‍ സംസാരിക്കും. വൈകീട്ട് നീലേശ്വരം പട്ടേന ജനശക്തി അവതരിപ്പിക്കുന്ന മരക്കാപ്പിലെ തെയ്യങ്ങള്‍ നാടകം അരങ്ങേറും. 16 ന് രാവിലെ 10ന് കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം എം എ ബേബി ഉദ്ഘാടനം ചെയ്യും.

പി കരുണാകരന്‍ എം പി മുഖ്യാതിഥി ആയിരിക്കും. സാഹിത്യ അക്കാദമി അംഗങ്ങളായ ഇ പി രാജഗോപാലന്‍, കെ എന്‍ കുഞ്ഞഹമ്മദ്, ഡോ. കെ പി മോഹനന്‍, ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് എ ജി സി ബഷീര്‍, നഗരസഭാ ചെയര്‍മാന്മാരായ പ്രൊഫ. കെ പി ജയരാജന്‍, വി വി രമേശന്‍, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി പി അപ്പുക്കുട്ടന്‍, രവീന്ദ്രന്‍ കൊടക്കാട്, പി പി മുഹമ്മദ് റാഫി, കെ പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിക്കും.

കടലും സംസ്‌കാരവും എന്ന വിഷയത്തില്‍ എന്‍ പ്രഭാകരന്‍ കടലിന്റെ ജീവശാസ്ത്രം എന്ന വിഷയത്തില്‍ ഇ കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സെടുക്കും. പി വി കെ പനയാല്‍ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് നാട്ടുകഥകള്‍ എന്ന പരിപാടിയില്‍ മീന്‍പിടുത്തക്കാര്‍, വില്‍പ്പനക്കാര്‍, കപ്പല്‍ യാത്രക്കാര്‍ തുടങ്ങിയവരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കും.

Leave a Reply

Your email address will not be published.