കുറഞ്ഞ നിരക്കില്‍ എംആര്‍ഐ, സിടി സ്‌കാന്‍: ഹിന്ദ് ലാബ്‌സ് തിരുവനന്തപുരത്തും

കുറഞ്ഞ നിരക്കില്‍ എംആര്‍ഐ, സിടി സ്‌കാന്‍: ഹിന്ദ് ലാബ്‌സ് തിരുവനന്തപുരത്തും

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയറിന്റെ രോഗനിര്‍ണയ പരിശോധനകള്‍ക്കു വേണ്ടിയുള്ള സംരംഭമായ ഹിന്ദ് ലാബ്‌സിന്റെ കുറഞ്ഞ ചെലവിലുള്ള എംആര്‍ഐ പരിശോധനാ സൗകര്യം തിരുവനന്തപുരത്ത് സെപ്റ്റംബര്‍13 (ബുധനാഴ്ച) മുതല്‍ ലഭ്യമാകും.

സ്വകാര്യ മേഖലയിലുള്ളതിനെക്കാള്‍ 60 ശതമാനം കുറഞ്ഞ നിരക്കില്‍ എംആര്‍ഐ, സിടി സ്‌കാനുകള്‍ നടത്താനുള്ള സംവിധാനം എസ്എടി ആശുപത്രിയിലാണ് ഒരുക്കുന്നത്. എംആര്‍ഐ പരിശോധനാ സംവിധാനം ആരോഗ്യമന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചറും സിടി സ്‌കാന്‍ സംവിധാനം ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനും ഉദ്ഘാടനം ചെയ്യും. കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നേരത്തെ തന്നെ ഹിന്ദ് ലാബ്‌സ് ഈ സൗകര്യം ലഭ്യമാക്കിയിരുന്നു.

തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജ്, എസ്എടി, റീജനല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍സിസി), ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി എന്നിവിടങ്ങളില്‍ ചികില്‍സയ്‌ക്കെത്തുന്നവര്‍ക്കും പുറത്തു നിന്നുള്ള രോഗികള്‍ക്കും ചെലവു കുറഞ്ഞ സ്‌കാനിങ് സൗകര്യം പ്രയോജനപ്പെടുത്താം. 1.5 ടെസ്ല എംആര്‍ഐ സ്‌കാന്‍ മെഷീനും 128 സ്ലൈസസ് സിടി സ്‌കാന്‍ യന്ത്രവും വിശ്വസനീയമായ പരിശോധനാ ഫലങ്ങള്‍ നല്‍കാന്‍ പര്യാപ്തമാണ്.

തലയുടെ എംആര്‍ഐ സ്‌കാനിന് സ്വകാര്യ മേഖലയില്‍ 7500 രൂപയോളം ഈടാക്കുമ്പോള്‍ ഹിന്ദ് ലാബ്‌സില്‍ 3500 രൂപ നല്‍കിയാല്‍ മതിയാകും. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 2000 രൂപയാണ് ഇതിനുള്ള നിരക്ക്. മറ്റു ലാബുകളില്‍ 9000 രൂപ വരെ ചെലവാകുന്ന വയറിന്റെ എംആര്‍ഐ സ്‌കാന്‍ ഹിന്ദ് ലാബ്‌സില്‍ 4000 രൂപയ്ക്ക് നടത്താം. മെഡിക്കല്‍ കോളജില്‍ ഇതിന് മൂവായിരം രൂപയാണ് നിരക്ക്. തലയുടെ സിടി സ്‌കാന്‍ 1100 രൂപയ്ക്ക് ചെയ്യാം. മെഡിക്കല്‍ കോളജിലേതിനെക്കാള്‍ മുന്നൂറു രൂപ മാത്രമാണ് കൂടുതല്‍. മറ്റു ലാബുകളില്‍ ഇതിന് 2200 രൂപയാകും.

മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപം ട്രിഡ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദ് ലാബ്‌സ് ഡയഗ്‌നോസ്റ്റിക് സെന്ററില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക്കുമുണ്ട്. 2009-ല്‍ തുടക്കമിട്ട ഹിന്ദ് ലാബ്‌സിന്റെ എംആര്‍ഐ പരിശോധനാ സംവിധാനം വഴി രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.