ഇന്ന് അഷ്ടമി രോഹിണി

ഇന്ന് അഷ്ടമി രോഹിണി

കണ്ണൂര്‍: ഇന്ന് അഷ്ടമിരോഹിണി. ശ്രീകൃഷ്ണ ജയന്തി രാഷ്ട്രീയ മത്സരമാക്കി ആര്‍.എസ്.എസും, സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ്വരെ ആര്‍.എസ്.എസ് മാത്രം നടത്തിവന്നിരുന്ന ഘോഷയാത്രകളില്‍, ശ്രീകൃഷ്ണന്‍ സ്വകാര്യ സ്വത്തല്ലെന്ന് പറഞ്ഞ് സി.പി.എമ്മും ഒപ്പം ചേരുകയായിരുന്നു. സിപിഎമ്മിന്റെയും ബാലഗോകുലത്തിന്റെയും നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ 362 കേന്ദ്രങ്ങളില്‍ ഇന്ന് ഘോഷയാത്രകള്‍ സംഘടിപ്പിക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മൂവായിരം പൊലീസുകാരെയാണ് ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്.

വൈകുന്നേരം നാലുമണി മുതലാണ് ഘോഷയാത്രകള്‍ ആരംഭിക്കുന്നത്. അഞ്ചു മണിക്ക് ശോഭായാത്രകള്‍ അവസാനിപ്പിക്കണമെന്ന് പൊലീസ് നിര്‍ദേശമുണ്ടെങ്കിലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ബാലഗോകുലം നേതാക്കള്‍. സംഘര്‍ഷ സാധ്യതയുണ്ടെന്ന് രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിരുന്നു. സമീപ ജില്ലകളില്‍നിന്നും പൊലീസ് സേനയെ കണ്ണൂരിലെത്തിച്ചിട്ടുണ്ട്.

മഹദ് ജന്‍മങ്ങള്‍ മാനവനന്മയ്‌ക്കെന്ന മുദ്രാവാക്യവുമായാണ് ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്രകള്‍ സിപിഎം സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് മുതലാണ് ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ സിപിഎം ഘോഷയാത്രകള്‍ നടത്തി തുടങ്ങിയത്. സുരക്ഷിത ബാല്യം സുകൃത ഭാരതമെന്ന സന്ദേശവുമായാണ് ബാലഗോകുലത്തിന്റെ ശോഭായാത്രകള്‍. ഘോഷയാത്രയ്ക്ക് അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ കഴിഞ്ഞവര്‍ഷം തില്ലങ്കരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.