മോദിയുടേത് ഭിന്നിപ്പിച്ച് ഭരിക്കുന്ന നയമെന്ന് രാഹുല്‍ ഗാന്ധി

മോദിയുടേത് ഭിന്നിപ്പിച്ച് ഭരിക്കുന്ന നയമെന്ന് രാഹുല്‍ ഗാന്ധി

കാലിഫോര്‍ണിയ: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് മോദി പിന്തുടരുന്നതെന്ന് രാഹുല്‍ പറഞ്ഞു. മോദി സര്‍ക്കാരിനു കീഴില്‍ അക്രമികള്‍ ഇന്ത്യയില്‍ വേരുറപ്പിക്കുകയാണ്. സംഘര്‍ഷം ഇന്ത്യയുടെ മുഖമുദ്രയായി മാറിയിരിക്കുന്നു. സംഘര്‍ഷത്തിന്റെ ഫലമായി മുത്തശ്ശിയെയും പിതാവിനെയും നഷ്ടമായ ആളാണ് താന്‍. അക്രമത്തിന്റെ അപകടങ്ങള്‍ എനിക്ക് നന്നായി തന്നെ മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു രാഹുല്‍.

അഹിംസ എന്ന ആശയം വലിയ വെല്ലുവിളി നേരിടുകയാണ്. ബീഫിന്റെ പേരില്‍ ജനങ്ങള്‍ക്ക് മര്‍ദ്ദനം ഏല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഒട്ടും ആശാവഹമല്ല. നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് കാശ്മീരില്‍ സമാധാനം ഉണ്ടായിരുന്നു. എന്നാല്‍, മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ അക്രമങ്ങള്‍ അവിടേക്ക് തിരിച്ചുവന്നു. ബി.ജെ.പിയും പി.ഡി.പിയും തമ്മില്‍ കാശ്മീരില്‍ സഖ്യമുണ്ടാക്കിയത് ഇതിനൊരു കാരണമാണ്. ഇപ്പോള്‍ കാശ്മീര്‍ തീവ്രവാദികളുടെ പറുദീസയായി മാറിയിരിക്കുന്നു. മാത്രമല്ല, സംഘര്‍ഷങ്ങള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഇതിന് കേന്ദ്രം മറുപടി പറഞ്ഞേ മതിയാവൂ- രാഹുല്‍ ആവശ്യപ്പെട്ടു.

നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു. പാര്‍ലമെന്റിന്റേയോ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റേയോ സമ്മതമില്ലാതെ ആയിരുന്നു നോട്ട് നിരോധനം പ്രഖ്യാപിച്ചതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഇതിലൂടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ രണ്ട് ശതമാനമാണ് നഷ്ടമായത്. ചരക്ക് സേവന നികുതി തിടുക്കപ്പെട്ട് കൊണ്ടുവന്നതിലൂടെ ഭീമമായ നഷ്ടമാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.