ഓഫ് സീസണില്‍ യാത്രക്കാര്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി എയര്‍ ഇന്ത്യ

ഓഫ് സീസണില്‍ യാത്രക്കാര്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി എയര്‍ ഇന്ത്യ. സൗജന്യ ബാഗേജ് 50 കിലോ ആക്കിയും ടിക്കറ്റില്‍ വന്‍ ഇളവ് നല്‍കിയുമാണ് എയര്‍ ഇന്ത്യ യാത്രക്കാരെ ആകര്‍ഷിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് കേരളത്തിലേക്കടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എയര്‍ ഇന്ത്യ 50 കിലോ ഗ്രാം ലഗേജ് ഓഫര്‍ നല്‍കിയിരിക്കുന്നത്. സപ്തംബര്‍ 12 മുതല്‍ ഒക്ടോബര്‍ 31 വരെ കേരളത്തിലേക്കും ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ഇക്കണോമി ക്ലാസുകാര്‍ക്കാണ് 50 കിലോ ലഗേജ് ഓഫര്‍ നല്‍കുന്നത്.

ദുബൈയില്‍ നിന്ന് കൊച്ചി, കോഴിക്കോട്, മുംബൈ, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കും, ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുമാണ് ഈ ഓഫര്‍ ലഭിക്കുക. എട്ട് കിലോ ഗ്രാം ഹാന്‍ഡ് ലഗേജും ലാപ്‌ടോപ്പും കൊണ്ടുപോകാം. എന്നാല്‍, ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ എട്ട് കിലോയില്‍ ഉള്‍പ്പെടും. ഒരു ബാഗിന് 32 കിലോയില്‍ കൂടുതല്‍ ഭാരം പാടില്ല. എയര്‍ ഇന്ത്യയില്‍ നിലവില്‍ 40 കിലോ ഗ്രാമായിരുന്നു ലഗേജ് അനുമതി. ഇതില്‍ കൂടുതല്‍ ലഗേജ് ഒരിക്കലും അനുവദിച്ചിരുന്നില്ല.

വിമാന ടിക്കറ്റ് നിരക്കിലും നിലവില്‍ എയര്‍ ഇന്ത്യയില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. വിവിധ കേന്ദ്രങ്ങളിലേയ്ക്ക് 345 ദിര്‍ഹം മുതലാണ് നിരക്ക് ഈടാക്കുന്നത്. എന്നാല്‍, സീസണാകുന്നതോടെ ഇത് വീണ്ടും കുത്തനെ ഉയരും. ഇനി ക്രിസ്മസ്, പുതുവത്സരം സീസണിലായിരിക്കും ടിക്കറ്റ് നിരക്ക് കൂടുക. വേനലവധി, ബലി പെരുന്നാള്‍, ഓണം എന്നിവ പ്രമാണിച്ച് ഇരട്ടിയിലധികം നിരക്കാണ് എയര്‍ ഇന്ത്യയും മറ്റു സ്വകാര്യ കമ്ബനികളും മലയാളികളില്‍ നിന്ന് ഈടാക്കിയത്. എയര്‍ ഇന്ത്യയെ കൂടാതെ, ദുബൈയുടെ സ്വന്തം വിമാന കമ്ബനിയായ എമിറേറ്റ്‌സും ഓഫറുകളും ടിക്കറ്റ് നിരക്കിളവും നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published.