യാത്രാപ്പടി വാങ്ങി വിപ്ലവം സൃഷ്ടിക്കുന്ന എം.പിമാര്‍ വാങ്ങിയതൊക്കെ നമുക്കുള്ളതല്ലെന്നും പാര്‍ട്ടിക്കു ലെവി നല്‍കണമെന്നും പരാമര്‍ശം

നേര്‍ക്കാഴ്ച്ചകള്‍…. പ്രതിഭാരാജന്‍

യാത്രാപ്പടി ഉള്‍പ്പെടെ കിട്ടുന്നിടത്തു നിന്നൊക്കെ കയ്യും കണക്കുമില്ലാതെ വൗച്ചറുകളെഴുതി പണം പിടുങ്ങുന്നതില്‍ അധികവും കേരളത്തിലേതടക്കമുള്ള ഇടതു പക്ഷ പാര്‍ലിമെന്റ് അംഗങ്ങളാണെന്ന വിവരം പുറത്തു വന്നു. സോഷ്യല്‍ മീഡിയ ഇതാഘോഷിക്കുകയും തൊഴിലളി വര്‍ഗ പാര്‍ട്ടിയെ പരിഹസിക്കുകയുമാണ്. ധൂര്‍ത്തിനെ ലാളിക്കുന്ന പാര്‍ട്ടിയെന്ന് സി.പി.എമ്മില്‍ മുദ്രകുത്തിയാണ് ആക്ഷേപം.

ശമ്പളം അന്‍പതിനായിരത്തില്‍ നിന്നും ഒരു ലക്ഷമായി നൂറിരട്ടി വര്‍ദ്ധിപ്പിച്ചിട്ടും എം.പി.മാരുടെ ആര്‍ത്തി തീരുന്നില്ല. ശമ്പളത്തിനു പുറമെ അലവന്‍സുകള്‍ ഉള്‍പ്പെടെ മാസം 2,80,000 രൂപ കളിയില്ലാതെ കിട്ടും. 50,000 രൂപയില്‍ നിന്നുമാണ് മോദി സര്‍ക്കാര്‍ ശമ്പളം ഒരു ലക്ഷമായി വര്‍ദ്ധിപ്പിച്ചത്. എല്ലാം കൂടുമ്പോള്‍ പ്രതിമാസം മുന്നു ലക്ഷം വരെ കൈയ്യില്‍ കിട്ടും. ഇതിനു പുറമെയാണ് 20,000രൂപയായിരുന്ന പെന്‍ഷന്‍ 35,000മാക്കിയത്.

കൂടാതെ സ്റ്റാഫ്, ഓഫീസ് ചെലവുകള്‍ക്ക് 45,000യായിരുന്നത് 90,000മായും, ഫര്‍ണിച്ചര്‍ അലവന്‍സ് 75,000 എന്നത് 1,50,000 രൂപയായും വര്‍ദ്ധനവ് വരുത്തി. പാര്‍ലിമെന്റ് ചേരുമ്പോള്‍ ദിന ബത്ത 2000രൂപ വേറെയും എഴുതി വാങ്ങാം. ഇതിനൊക്കെ പുറമെയാണ് തലസ്ഥാന നഗരിയില്‍
സൗജന്യ താമസത്തിന് രണ്ട് വീട്, അഞ്ച് എ.സി. സൗകര്യം വേറെ. കൂടാതെ രാജ്യത്തെവിടെ ചെന്നാലും സര്‍ക്കാരൊപ്പമുണ്ടാകും.

ഫോണ്‍ ചെയ്യാന്‍ പോലും കൈയ്യില്‍ നിന്നും കാശു മുടക്കേണ്ടതില്ല. ഒരാള്‍ക്ക് മൂന്ന് വീതം ലാന്‍ഡ് ഫോണ്‍. രണ്ട് മൊബൈല്‍ ഫോണ്‍ വേറെയും. എന്താ പോരെ. ഒരു ലാന്‍ഡ് ലൈനില്‍ നിന്നും വര്‍ഷത്തില്‍ അര ലക്ഷം ലോക്കല്‍ കാള്‍ വരെ ഫ്രീയായിട്ടു വിളിച്ചു തിമിര്‍ക്കാം.
മറ്റാവശ്യങ്ങള്‍ക്ക് തനിക്കും ബന്ധുക്കള്‍ക്കുമായി വര്‍ഷത്തില്‍ 34 വിമാനയാത്രകള്‍ക്ക് റീ ഇംബേഴ്‌സ്‌മെന്റ്. കൂടാതെ പൂര്‍ണമായും സൗജന്യ എ.സി ട്രയിന്‍ യാത്ര.

കാറു വാങ്ങണോ, ഓരോ വര്‍ഷവും മാറ്റണോ? നാല് ലക്ഷം വരെ വായ്പ്പയെടുക്കാം. വര്‍ഷത്തില്‍ നാലായിരം കിലോ ലിറ്റര്‍ കുടിവെള്ളത്തിനും കാശു വേണ്ട. പ്രതിവര്‍ഷം അര ലക്ഷം യൂണിറ്റ് വൈദുതിയും സൗജന്യമായി ഉപയോഗിക്കാം. യാത്രാബത്ത എഴുതിയെടുക്കുന്നതില്‍ മുമ്പന്മാര്‍ കേരളത്തില്‍ നിന്നുള്ള എംപിമാരെന്ന് പറഞ്ഞുവല്ലോ. 38,19,300 രൂപയുമായി എ. സമ്പത്താണ് ഒന്നാമന്‍. പി.കെ.ശ്രീമതിയും എം.ബി രാജേഷും കെ.സി വേണുഗോപാലും കെവി തോമസും തൊട്ടുപിന്നാലെയുണ്ട്.

‘ടൈംസ് നൗ’ ചാനലാണ് കണക്കുകള്‍ പുറത്തു വിട്ടത്. 2016 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെയുള്ള കണക്കാണ് പുറത്തു വന്നത്. പി.കെ ശ്രീമതിയാണ് ചിലവഴിക്കുന്നതില്‍ രണ്ടാം സ്ഥാനം. എഴുതി വാങ്ങിയത് 32,48,739 രൂപ. എം.ബി രാജേഷ് 30,27,268 രൂപ വാങ്ങി തൊട്ടടുത്തു തന്നെയുണ്ട്. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി. അധ്വാനവര്‍ഗത്തിനു വേണ്ടിയല്ലെ, നടക്കട്ടെ.

ഇത് ലോക്സഭയിലെ കാര്യമാണെങ്കില്‍ രാജ്യസഭയിലെ മലയാളി എംപിമാരും മോശമാക്കിയില്ല. സി.പി.എമ്മിലെ ഇ. നാരായണന്‍ അമ്പത്തെട്ടര ലക്ഷം രൂപയും, കേരള കോണ്‍ഗ്രസ് എം പ്രതിനിധി ജോയ് ഏബ്രഹാം നാല്‍പ്പത്തി ഏഴു ലക്ഷം രൂപയും എഴുതിയെടുത്തു. രാജ്യസഭയില്‍ ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റിയിരിക്കുന്നത് ആഡംബര ജീവിതത്തിന്റെ പേരില്‍ സിപിഎമ്മിന്റെ അച്ചടക്ക നടപടിയ്ക്കു വിധേയനാകേണ്ടി വന്ന പശ്ചിമ ബംഗാളില്‍ നിന്നുള്ള എം.പി ഋതബ്രതാ ബാനര്‍ജിയാണ്. പാവം അദ്ദേഹത്തെ മാത്രമായി എന്തിനു ധൂര്‍ത്തിന്റെ പേരും പറഞ്ഞ് ശാസിക്കണം.

ഇതിനേക്കുറിച്ച് സി.പി.എം എം.പിമാര്‍ക്കും കാണും ചിലതു പറയാന്‍. ബത്തയും, മറ്റു ആനുകൂല്യങ്ങളില്‍ നിന്നും തട്ടിപ്പറിക്കില്ലെങ്കിലും ശമ്പളത്തിലെ നല്ലൊരു വിഹിതം പാര്‍ട്ടിക്ക് ലെവി കൊടുക്കണം. കേന്ദ്ര കമ്മറ്റിക്കും സംസ്ഥാന കമ്മറ്റിക്കുമായി 40,000 വരെ ലവി കൊടുക്കണം. പിന്നെ ശമ്പളത്തില്‍ ഒഴിയുന്നത് 60,000 രൂപാ മാത്രം. ഒരു വക ഒപ്പിച്ചു ഉള്ളതും ഇല്ലാത്തതുമായ ബത്തയും, യാത്രപ്പടിയും മറ്റും വാങ്ങിയാണ് തട്ടിയും മുട്ടിയും പോകുന്നതെന്നാണ് എം.പി. മാരുടെ പക്ഷം. രണ്ടു എ.സി വീടുകളാണ് നല്‍കുന്നതെങ്കില്‍ ഒന്ന് താമസിക്കാനും മറ്റൊന്ന് ഓഫീസിനമായി മാറ്റി വെക്കണം.

നാട്ടിലെ പാര്‍ട്ടിക്കാര്‍ വന്നാല്‍ അവരെയൊക്കെ തീറ്റിപ്പോറ്റുന്നതിന് കയ്യും കണക്കുമില്ല. ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നിടമെല്ലാം കൈവശപ്പെടുത്തിയിരിക്കുന്നത് പാര്‍ട്ടി തന്നെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ എം.പി.മാരുടെ ആനുകുല്യത്തില്‍ നേര്‍പാതിയിലധികവും പാര്‍ട്ടിക്കു സ്വന്തമെന്നര്‍ത്ഥം. രണ്ട് സഭകളിലുമായി എം.പിമാര്‍ക്ക് യാത്രാപ്പടി ഇനത്തില്‍ 95 കോടിയിലേറെ രൂപയാണ് ഒരു വര്‍ഷം ചെലവാക്കേണ്ടിവരുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവിലെ യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഡിവോട്ടികളാണ് കേരളത്തിലെ അടക്കമുള്ള എം.പി.മാര്‍. കാരണം ശമ്പളവും, പെന്‍ഷനും, ബത്തയുമെല്ലാം കുത്തനെ കൂട്ടാന്‍ നിശ്ചയിച്ച കമ്മറ്റിയുടെ ചെയര്‍മാന്‍ ആദിത്യ നാഥായിരുന്നു. എം.എല്‍.എമാരുടെ ശമ്പളത്തിലേക്ക് പിന്നീട് വരാം

Leave a Reply

Your email address will not be published.