ജാനകി മുത്തശ്ശിയോടൊപ്പം ഓണമാഘോഷിച്ചും പയസ്വിനി പുഴയെ അടുത്തറിഞ്ഞും അഡൂര്‍ സ്‌കൂളിലെ കുട്ടിപ്പൊലീസ്

ജാനകി മുത്തശ്ശിയോടൊപ്പം ഓണമാഘോഷിച്ചും പയസ്വിനി പുഴയെ അടുത്തറിഞ്ഞും അഡൂര്‍ സ്‌കൂളിലെ കുട്ടിപ്പൊലീസ്

അഡൂര്‍ : ”മുത്തശ്ശീ… ഞങ്ങള്‍ അഡൂര്‍ സ്‌കൂളിലെ കുട്ടികളാണ്. നിങ്ങളോടൊപ്പം ഓണമാഘോഷിക്കാനാണ് വന്നത് ‘. ജാനകി മുത്തശ്ശി അവരെ സ്വീകരിച്ചു. കൈകള്‍ പിടിച്ചു അനുഗ്രഹിച്ചു. അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റൂഡന്റ് പൊലീസ് കേഡറ്റുകള്‍ നാട്ടിലെ പ്രായമായ ജാനകി മുത്തശ്ശിക്കൊപ്പം ഓണമാഘോഷിച്ചു.

പാട്ടുകള്‍ പാടിയും ഓണക്കോടി സമ്മാനമായി നല്‍കിയും മുത്തശ്ശിയോടൊപ്പം അവര്‍ സമയം ചെലവഴിച്ചു. മൂന്ന് ദിവസത്തെ ഓണം ക്യാമ്പിന്റെ ഭാഗമായാണ് ദേവറഡുക്ക പയസ്വിനി പുഴയുടെ തീരത്തുള്ള ജാനകിയമ്മയുടെ വീട് സന്ദര്‍ശിച്ചത്. പുഴയോരങ്ങളില്‍ നിന്നും ഒഴുകിവരുന്ന പ്ലാസ്റ്റിക് ചാക്കുകളും കുപ്പികളും പയസ്വിനിപ്പുഴയെ മലിനപ്പെടുത്തുന്നത് കുട്ടികള്‍ നേരില്‍ കണ്ടു.

എന്തുവില കൊടുത്തും ജലസ്രോതസ്സുകളെ സംരക്ഷിക്കുമെന്ന് കേഡറ്റുകള്‍ പ്രതിജ്ഞയെടുത്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. കുമാരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി. ഗംഗാധര അധ്യക്ഷത വഹിച്ചു. ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജന്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രശോഭ്, പിടിഎ പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി, ഹെഡ്മാസ്റ്റര്‍ അനീസ് ജി.മൂസാന്‍ ആശംസകളര്‍പ്പിച്ചു. വിജയന്‍ ശങ്കരന്‍പാടി, സുബാഷ് സാമക്കൊച്ചി, എച്ച്. കൃഷ്ണ, എ.എം. അബ്ദുല്‍ സലാം, സിവില്‍ പൊലീസ് ഓഫീസര്‍ ഭാസ്‌കരന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. സിപിഒ എ.ഗംഗാധരന്‍ സ്വാഗതവും എസിപിഒ പി.ശാരദ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.