ബലാല്‍സംഗങ്ങളെക്കുറിച്ച് പഠിക്കാന്‍ നൂറു തടവുകാര്‍ക്കൊപ്പം അഭിമുഖം നടത്തിയ അനുഭവം

ബലാല്‍സംഗങ്ങളെക്കുറിച്ച് പഠിക്കാന്‍  നൂറു തടവുകാര്‍ക്കൊപ്പം അഭിമുഖം നടത്തിയ അനുഭവം

ബലാല്‍സംഗങ്ങളെക്കുറിച്ച് പഠിക്കാന്‍ നൂറു തടവുകാര്‍ക്കൊപ്പം അഭിമുഖം നടത്തിയ അനുഭവം
അവര്‍ ചെകുത്താന്മാരാണ്… ബലാല്‍സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ജയിലില്‍ കഴിയുന്നവരെക്കുറിച്ച് അഭിമുഖത്തിനായി തിഹാര്‍ ജയിലില്‍ എത്തുമ്പോള്‍ മറ്റെല്ലാവരേയും പോലെ അവള്‍ അതായിരുന്നു വിചാരിച്ചിരുന്നത്. യു.കെയിലെ ഏഞ്ച്‌ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റ  ക്രിമിനോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഗവേഷണത്തിന് എത്തിയതായിരുന്നു മധുമിത പാണ്ഡെ. നിര്‍ഭയ കേസാണ് ഇത്തരമൊരു ഗവേഷണത്തിലേക്ക് അവളെ തള്ളിവിട്ടത്. നിര്‍ഭയ കേസിനെ തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ആയിരങ്ങള്‍ തെരുവിലിറങ്ങി. ജി-20 രാജ്യങ്ങളില്‍ വെച്ച് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കൊള്ളാത്ത ഹീനമായ ഇടങ്ങളില്‍ ഒന്നാം സ്ഥാനത്തെന്ന അപഖ്യാതി ഇന്ത്യക്ക് ലഭിച്ചു. ക്രൈ റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2015ല്‍ മാത്രം ഡല്‍ഹിയില്‍ 34,651 ബലാല്‍സംഗങ്ങളാണ് നടന്നത്. അന്ന് ഇംഗ്‌ളണ്ടിലായിരുന്ന മധുമിത പല തവണ ആലോചിച്ചു, എന്തുകൊണ്ട് താന്‍ ജനിച്ചു വളര്‍ന്ന തന്റെ നഗരം ഇത്തരത്തിലായി? ഇങ്ങനെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പുരുഷന്മാരെ പ്രേരിപ്പിക്കുന്നതെന്തായിരിക്കും?

നിര്‍ഭയ കേസ് മുതല്‍ തന്റെ നഗരത്തെ മറ്റൊരു കണ്ണോടുകൂടി മധുമിത കാണാന്‍ തുടങ്ങി. അവസാനം അവള്‍ ഇവരോടു തന്നെ സംഭവങ്ങളെക്കുറിച്ച് ചോദിച്ചറിയാന്‍ തീരുമാനിച്ചു. ഗവേഷണത്തിനുള്ള വിഷയമായി ഇക്കാര്യം തന്നെ തെരഞ്ഞടുക്കാന്‍ തന്നെ പ്രേരിപ്പിച്ചത് ഈ ഘടകങ്ങളാണെന്ന് മധുമിത വാഷിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. ബലാല്‍സംഗ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും വിദ്യാഭ്യാസമില്ലാത്തവരായിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസമുള്ളവര്‍ പോലും വളരെ കുറവ്. പലരും രണ്ടിലോ മൂന്നിലോ പഠനം നിറുത്തിയവര്‍. ഞാന്‍ നേരത്തേ കരുതിയ പോലെ ആരും ചെകുത്താന്മാരായി തോന്നിയില്ല. അവര്‍ വെറും സാധാരണക്കാരായിരുന്നു. വളര്‍ന്ന രീതിയാണ് അവരെ ഈ അവസ്ഥയിലെത്തിച്ചതെന്ന് വ്യക്തം. ഇന്ത്യന്‍ കുടുംബങ്ങളിലെ മിക്ക ഭാര്യമാരും ഭര്‍ത്താക്കന്മാരെ കുട്ടികളുടെ അച്ഛന്‍ എന്നാണ് സംബോധന ചെയ്യുന്നത്. ഒന്നിലും ഇടപെടാതിരിക്കാനാണ് സമൂഹം അവളെ പഠിപ്പിക്കുന്നത്.

ആണുങ്ങള്‍ക്ക് സ്വന്തം പുരുഷത്വത്തെക്കുറിച്ച് മിഥ്യാധാരണയാണ് ഇതുമൂലം ഉണ്ടാകുന്നത്. റേപ്പിസ്റ്റുകള്‍ മറ്റ് ലോകത്തില്‍ നിന്ന് വരുന്നവരൊന്നുമല്ല, അവര്‍ നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്. നാമാണ് അവരെ സൃഷ്ടിച്ചത്. ഇവരോട് സംസാരിച്ചാല്‍ ഈ പുരുഷന്മാരെക്കുറിച്ചര്‍ത്ത് സഹതപിക്കാനെ നമുക്ക് കഴിയൂ. പലരും തങ്ങള്‍ തെറ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നതേയില്ല. ‘സമ്മതം’ എന്ന വാക്കിന്റെ അര്‍ഥം പോലും പലര്‍ക്കും മനസ്സിലാകുന്നില്ലായിരുന്നു. ഇപ്പോഴും സെക്‌സ് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വളരെ യാഥാസ്ഥിതികമായ മനോഭാവമാണ് ഇന്ത്യന്‍ സമൂഹം പുലര്‍ത്തുന്നത്. സെക്‌സ് വിദ്യാഭ്യാസം തങ്ങളുടെ പരമ്പരാഗത മൂല്യങ്ങളെ തകര്‍ക്കുമെന്ന് വിവരമുള്ളവര്‍ പോലും വിശ്വസിക്കുന്നു. ബലാല്‍സംഗം, ലൈംഗികത, സ്ത്രീകളുടേയും പുരുഷന്റെയും ലൈംഗികാവയവങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിക്കുന്നത് പോലും തെറ്റാണെന്ന് അവര്‍ കരുതുന്നു.

അപ്പോള്‍ പിന്നെ കുട്ടികളെ എന്ത് പറഞ്ഞാണ് പഠിപ്പിക്കുക? അഭിമുഖം നടത്തവെ, പലരും തങ്ങളുടെ തെറ്റിനെ ന്യായീകരിക്കാന്‍ കാരണങ്ങള്‍ നിരത്തി. ചിലര്‍ ഇരയെ കുറ്റപ്പെടുത്തി. നൂറ് പേരില്‍ മൂന്നോ നാലോ പേര്‍ മാത്രമാണ് ആ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുന്നവെന്ന് പറഞ്ഞത്. അഞ്ച് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 49കാരന്‍ ആ പെണ്‍കുട്ടിയോട് വല്ലാത്ത സഹാനുഭൂതിയാണ് പ്രകടിപ്പിച്ചത്. ‘ഞാന്‍ അവളുടെ ജീവിതം നശിപ്പിച്ചു. അവള്‍ ഇപ്പോള്‍ ഒരു കന്യകയല്ല. ഇനി അവളെ ആരും വിവാഹം ചെയ്യുകയില്ല.’ പിന്നീട് അയാള്‍ ഞെട്ടിക്കുന്ന ചില കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ അവളെ സ്വീകരിക്കും, ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഞാന്‍ അവളെ വിവാഹം കഴിക്കും.’ അയാളുടെ പ്രതികരണത്തില്‍ ഞെട്ടിത്തരിച്ച മധുമിത ആ പെണ്‍കുട്ടിയെ അന്വേഷിച്ച് കണ്ടുപിടിച്ചു.

അവളുടെ അമ്മയോട് സംസാരിച്ചു. മകളെ ബലാല്‍സംഗം ചെയ്തയാള്‍ ജയിലിലാണെന്ന വിവരം പോലും ആ കുടുംബത്തിന് അറിയില്ലായിരുന്നു. ബലാല്‍സംഗകേസില്‍ ശിക്ഷിച്ച് ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന 100 പേരുമായി അഭിമുഖം നടത്തിയെങ്കിലും അത് പ്രസിദ്ധീകരിക്കാന്‍ സാധിക്കുമോ ഇപ്പോഴും മധുമിതക്ക് സംശയമാണ്. ഇതാവരുന്നു, മറ്റൊരു ഫെമിനിസ്റ്റ് എന്ന മുന്‍ധാരണയോടെയായിരിക്കും അവര്‍ എന്നെയും സമീപിക്കുക. പുരുഷന്മാരെക്കുറിച്ച് ഗവേഷണം നടത്തുന്ന ഇവള്‍ പുരുഷന്റെ ചിന്തകളെ വളച്ചൊടിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇങ്ങനെ ചിന്തിക്കുന്നവരോട് എന്തു പറയണം എന്നറിയില്ല- മധുമിത പറഞ്ഞു.

Leave a Reply

Your email address will not be published.