ഗൗരി ലങ്കേഷ് വധം: ബംഗളൂരു ബഹുജന റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു

ഗൗരി ലങ്കേഷ് വധം: ബംഗളൂരു ബഹുജന റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ഇന്ന് ഞാന്‍ ഗൗരി എന്നെഴുതിയ കറുത്ത ബാന്റ് ധരിച്ച് ഗൗരി ലങ്കേഷ് നീണാല്‍ വാഴട്ടെ എന്ന് ആര്‍ത്തുവിളിച്ച് ആയിരങ്ങള്‍ നഗരത്തിലിറങ്ങിയപ്പോള്‍ ബെംഗളൂരു നഗരം അക്ഷരാര്‍ഥത്തില്‍ പ്രതിഷേധ കടലാവുകയായിരുന്നു.

ഗൗരി ലങ്കേഷിന്റെ ഘാതകരെ പിടികൂടി അവര്‍ക്ക് നീതിയുറപ്പാക്കുകയെന്ന ആവശ്യമുയര്‍ത്തിയും കൊലപാതകത്തില്‍ പ്രതിഷേധിച്ചുമാണ് പ്രകടനം നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകള്‍ ഉള്‍പ്പെടെ 50,000 പേരാണ് ഗൗരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബെംഗളൂരു നഗരത്തിലിറങ്ങിയത്.

സിപിഐ-എംഎല്‍, കര്‍ണാടക ജനശക്തി, ആംആദ്മി എന്നീ പാര്‍ട്ടികള്‍ക്കൊപ്പം വിവിധ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും പ്രതിഷേധത്തിന്റെ ഭാഗമായി.സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് പത്രിക എഡിറ്ററും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ തന്റെ വീടിനു സമീപം വെടിയേറ്റ് മരിച്ചത്. സിറ്റി റെയില്‍വേ സ്റ്റേഷന്‍ സമീപത്തു നിന്നാരംഭിച്ച പ്രതിഷേധ റാലി പൊതുയോഗം നടക്കുന്ന സെന്‍ട്രല്‍ കോളജ് ഗ്രൗണ്ടിലാണ് അവസാനിക്കുന്നത്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍, മാധ്യമപ്രവര്‍ത്തകരായ പി. സായിനാഥ്, സാഗരിഗ ഗോഷ്, സ്വരാജ് ഇന്ത്യാ നേതാക്കളായ പ്രശാന്ത് ഭൂഷന്‍, യോഗേന്ദ്ര യാദവ്, ആനന്ദ് പട്വര്‍ധന്‍, രാകേഷ് ശര്‍മ, മനൂഷ്യാവകാശ പ്രവര്‍ത്തകനായ ജിഗ്‌നേഷ് മേവാനി, കവിതാ കൃഷ്ണന്‍ തുടങ്ങിയ പ്രമുഖരും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.