ജനപ്രതിനിധികളുടെ അനധികൃത സ്വത്ത് സമ്പാദനക്കേസ്: വിചാരണയ്ക്ക് അതിവേഗ കോടതികള്‍ വേണമെന്ന് സുപ്രിംകോടതി

ജനപ്രതിനിധികളുടെ അനധികൃത സ്വത്ത് സമ്പാദനക്കേസ്: വിചാരണയ്ക്ക് അതിവേഗ കോടതികള്‍ വേണമെന്ന് സുപ്രിംകോടതി

ദില്ലി: ജന പ്രതിനിധികള്‍ക്ക് എതിരായ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസുകളുടെ വിചാരണയ്ക്ക് അതിവേഗ കോടതികള്‍ വേണമെന്ന് സുപ്രിംകോടതി. അഴിമതിക്കാരായ ജനപ്രതിധികളെ അധികാരത്തില്‍ തുടരാനും, രാഷ്ട്രീയ സ്വാധീനത്തിലൂടെ നടപടികള്‍ വൈകിപ്പിക്കാനും സാവകാശം നല്‍കരുതെന്നും ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എസ് അബ്ദുള്‍നസീര്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.

അനധികൃത വരുമാനമുണ്ടാക്കിയ എംപിമാരും എംഎല്‍എമാരും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത് പതിവായിരിക്കുകയാണ്. 30 വര്‍ഷമായി ഈ പ്രവണത തുടരുകയാണ്. സമ്പത്ത് വാരിക്കൂട്ടിയ ജനപ്രതിനിധികള്‍ക്ക് ‘പരിരക്ഷ’ ലഭിക്കുന്നുണ്ടോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു.

ജനങ്ങളുടെ പ്രതിനിധികളായ എംഎല്‍എമാരുടെയും എംപിമാരുടെയും സമ്പത്തില്‍ വര്‍ധനയുണ്ടാകുമ്പോള്‍ അത് ജനങ്ങളെ അറിയിക്കാന്‍ മടിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.  2014ല്‍ വെളിപ്പെടുത്തിയ സ്വത്തിനേക്കാള്‍ 2019ല്‍ പത്തുമടങ്ങ് വര്‍ധന രേഖപ്പെടുത്തുമ്പോള്‍ അതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. അഞ്ചുവര്‍ഷംകൊണ്ട് ഒരു ജനപ്രതിനിധിയുടെ സമ്പത്തില്‍ 1000 മടങ്ങ് വര്‍ധന രേഖപ്പെടുത്തുന്ന സാഹചര്യത്തിലെങ്കിലും അതിനെക്കുറിച്ച് അന്വേഷിക്കുമോയെന്നും കോടതി ചോദിച്ചു.

ജനപ്രതിനിദികളുടെ സ്വത്ത് പതിന്മടങ്ങ് വര്‍ധിച്ചാല്‍ അ്ത് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പദവിയില്‍ ഇരിക്കുമ്പോള്‍ എങ്ങനെയാണ് സമ്പത്തില്‍ വര്‍ധന ഉണ്ടായതെന്ന് കൃത്യമായി അന്വേഷിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ചെലമേശ്വര്‍ അഭിപ്രായപ്പെട്ടു. ഏഴ് ലോക്സഭാ അംഗങ്ങളുടെയും 98 എം.എല്‍.എമാരുടെയും ആസ്തിയില്‍ കാര്യമായ വര്‍ധനയുണ്ടായെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് കഴിഞ്ഞദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇവരുടെ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ബോര്‍ഡ് സുപ്രിംകോടതിയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.

ഒമ്പത് ലോക്സഭാ എംപിമാരുടെയും 11 രാജ്യസഭാ എംപിമാരുടെയും 42 എം.എല്‍.എമാരുടെയും ആസ്തികളുടെ കണക്കെടുപ്പ് നടത്തിവരികയാണെന്നും പ്രത്യക്ഷനികുതി ബോര്‍ഡ് സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. ലഖ്നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക്പ്രഹരി എന്ന സന്നദ്ധ സംഘടനയാണ് ജനപ്രതിനിധികളുടെ വരവില്‍ കവിഞ്ഞ സ്വത്ത് വര്‍ധനയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published.