വിവാഹമോചനത്തിന് ഇനി ആറുമാസം കാത്തിരിക്കേണ്ട

വിവാഹമോചനത്തിന് ഇനി ആറുമാസം കാത്തിരിക്കേണ്ട

ദില്ലി : ഹിന്ദു വിവാഹ മോചന നിയമത്തില്‍ സുപ്രീം കോടതി പുതിയ ഭേദഗതികള്‍ വരുത്തി. ഹിന്ദു വിവാഹ നിയമത്തിലെ 13 ബി വകുപ്പിലെ രണ്ടാം അനുച്ഛേദ പ്രകാരം വിവാഹ മോചനം നേടാന്‍ ദമ്പതികള്‍ ആറുമാസം കാത്തിരിക്കണം. എന്നാല്‍ ഈ കാലയളവ് നിര്‍ബന്ധമാക്കേണ്ട എന്നാണ് സുപ്രീം കോടതി പറഞ്ഞത്.

ഭാര്യഭര്‍ത്താക്കന്മാര്‍ വിവാമോചനത്തിന്റെ തീരുമാനം ഒരുമിച്ചെടുക്കുന്നതാണെങ്കില്‍ ഇവര്‍ക്ക് എത്രനാള്‍കൊണ്ട് വിവാഹ മോചനം നല്‍കണം എന്ന കാര്യം കുടുംബകോടതിക്ക് തീരുമാനിക്കാം എന്നും സുപ്രീം കോടതി പറഞ്ഞു. ദമ്പതികളെ വീണ്ടും ഒരുമിപ്പിക്കാന്‍ സാധ്യമായ മാര്‍ഗങ്ങള്‍ എല്ലാം ഉപയോഗപ്പെടുത്തിയിട്ടും അവര്‍ ഒരുമിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അവര്‍ക്ക് എത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ വിവാഹ മോചനം നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

വിവാഹ മോചനം ആഗ്രഹിച്ച് പിരിഞ്ഞു ജീവിക്കുന്ന ദമ്പതിമാര്‍ പലപ്പോഴും നിയമപരമായ മോചനം ലഭ്യമാകാത്തതിന്റെ പേരില്‍ കഷ്ടപ്പെടാറുണ്ട്. എന്നാല്‍ ഇത് അവരോടുള്ള നീതി നിഷേധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വത്ത്, കുട്ടികള്‍ എന്നിവയില്‍ വേണ്ട തീരുമാനങ്ങള്‍ എടുത്താണ് ദമ്പതികള്‍ വരുന്നതെങ്കില്‍ അവര്‍ ആവശ്യപ്പെടുന്ന സമയത്തിനുള്ളില്‍ വിവാഹ മോചനം നല്‍കാനും സുപ്രീം കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് ഈ തീരുമാനം എടുത്തത്. എട്ടു വര്‍ഷമായി പിരിഞ്ഞിരുന്നിട്ടും വിവാഹ മോചനം ലഭിക്കാത്ത ദമ്പതികള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി സുപ്രധാനമായ ഈ തീരുമാനം എടുത്തത്. പിരിഞ്ഞിരുന്നിട്ടും നിയമ പരമായി വിവാഹ മോചനം ലഭ്യമാകാത്തതുകൊണ്ട് മറ്റൊരു വിവാഹം കഴിക്കാന്‍ പോലും പലര്‍ക്കും സാധിക്കാതെ വരാറുണ്ട്. അതുകൊണ്ട് തന്നെ ഈ തീരുമാനം പലര്‍ക്കും ആശ്വാസമാകും.

Leave a Reply

Your email address will not be published.