അംഗന്‍വാടി ഓണറേറിയം 64.85 കോടി രൂപ അനുവദിച്ചു

അംഗന്‍വാടി ഓണറേറിയം 64.85 കോടി രൂപ അനുവദിച്ചു

അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വര്‍ദ്ധിപ്പിച്ച ഓണറേറിയം നല്‍കുന്നതിനായി 64.85 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. അംഗന്‍വാടി വര്‍ക്കര്‍മാരുടെ ഓണറേറിയം 10,000 രൂപയും ഹെല്‍പ്പര്‍മാരുടെ ഓണറേറിയം 7000 രൂപയുമായി വര്‍ദ്ധിപ്പിച്ചപ്പോള്‍ വര്‍ദ്ധിപ്പിച്ച തുകയുടെ 50 % സാമൂഹ്യനീതി വകുപ്പും 50 % തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി നല്‍കണമെന്നുമാണ് തീരുമാനിച്ചിരുന്നത്.

അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് 4400 രൂപയുടേയും അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ക്ക് 2900 രൂപയുടേയും വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.ഈ വര്‍ദ്ധനവ് പ്രകാരം ഈ 2 വിഭാഗങ്ങള്‍ക്കുമായി 283.64 കോടി രൂപ നല്‍കേണ്ടിവരും. എന്നാല്‍ പൂരക പോഷകാഹാര വിതരണത്തിന് പുറമെ 50 % കൂടി തുക പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വഹിക്കാന്‍ സാധിക്കാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 201718 വര്‍ഷം മുതല്‍ സര്‍ക്കാര്‍ തന്നെ അധികം തുക വഹിക്കാന്‍ തീരുമാനിക്കുകയും ഇതിനാവശ്യമായ അധികതുകയായ 64.85 കോടി രൂപ അനുവദിക്കാന്‍ ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിലവിലുള്ള 359 കോടി രൂപയ്ക്ക് പുറമെ 64.85 കോടി രൂപ കൂടി അനുവദിച്ച് ഉത്തരവായിട്ടുണ്ട്. ഇതോടെ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഓണറേറിയം നല്‍കുന്നില്ലെന്ന അംഗന്‍വാടി ജീവനക്കാരുടെ ദീര്‍ഘകാലമായുള്ള പരാതിക്ക് ശാശ്വത പരിഹാരമാകും.

Leave a Reply

Your email address will not be published.