തൊഴിലന്യേഷകര്‍ക്കായി സ്റ്റാര്‍ട്ട് അപ്പ്. യെസ് 2017ന് തുടക്കമായി

തൊഴിലന്യേഷകര്‍ക്കായി സ്റ്റാര്‍ട്ട് അപ്പ്. യെസ് 2017ന് തുടക്കമായി

നേര്‍ക്കാഴ്ച്ചകള്‍…പ്രതിഭാരാജന്‍

സ്റ്റാര്‍ട്ട് അപ്പ് 2017ന് തുടക്കമായി. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കൊച്ചിയില്‍ വെച്ചായിരുന്നു ഉദ്ഘാടനം. കേരളത്തിലെ യുവാക്കള്‍ അവരുടെ കര്‍മശേഷി സ്വന്തം നാട്ടില്‍ തന്നെ ഉപയോഗപ്പെടുത്താന്‍ മുന്നോട്ടു വരണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) നടത്തുന്ന സംരംഭകത്വ ഉച്ചകോടിയാണ് ‘യെസ്.ഡി. 2017’. ഇവിടെ അവസരം കുറയുന്നതു കൊണ്ടാണ് യുവാക്കളുടെ ശക്തി സ്രോതസുകള്‍ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്. സ്വന്തം നാട്ടില്‍ തന്നെ അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തവരായി ധാരാളം പേരുണ്ട്. ചിലത് പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടുന്നു. കൃത്യമായ മാര്‍ഗ നിര്‍ദേശത്തിന്റെയും ഫണ്ടിന്റെയും കുറവാണ് ഇതിന് കാരണം. അവ പരിഹരിക്കണം. അതിനു വേണ്ടിയാണ്. യെസ് ഡി 2017 എന്ന ഈ പദ്ധതി ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്, മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷത്തെ മാറ്റിമറിക്കാനും, ആശ്രയത്തിനായി എത്തുന്നവരെ ആത്മാര്‍ത്ഥമായി സഹായിക്കാനുമാണ് പദ്ധതി.

ഐടി, ടൂറിസം, വ്യവസായ സംരംഭങ്ങളുടെ വളര്‍ച്ച തുടങ്ങിയവയാണ് പ്രധാന ലക്ഷ്യം. ഇവിടെ കാസര്‍കോടുള്ള വ്യാവസായ സംഭരംഭങ്ങള്‍ക്കു വളക്കൂറുള്ള മണ്ണുണ്ട്. ജില്ലാ വ്യാവസായ കേന്ദ്രത്തിന്റെ കൈവശം ഏക്കര്‍ കണക്കിനു ഭൂമിയുണ്ട്. കാഞ്ഞങ്ങാടും, കാസര്‍കോടും, ചട്ടഞ്ചാലും, അനന്തപുരവും മറ്റുമായി അവ തരിശായി കിടക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ കൈയ്യിലുമുണ്ട് അനാഥമായി കിടക്കുന്ന ഭൂമി. സംസ്ഥാനത്തെ ഏറ്റവും വളക്കൂറുള്ള ടൂറിസം മണ്ണാണ് കാര്യങ്കോടു മുതല്‍ മഞ്ചേശ്വരം വരെ നീണ്ടു പരന്നു കിടക്കുന്നത്. ഭൂമിയും, യുവതയും വേണ്ടുവോളമുണ്ട്. എന്നിട്ടും ആശ്രയം ഗള്‍ഫ് രാജ്യം തന്നെ. സ്റ്റാര്‍ട്ട് അപ് 2017 നെ ഇരുകൈകളും ചേര്‍ത്ത് സ്വീകരിക്കേണ്ടത് കാസര്‍കോട്ടുകാരാണ്. ഒന്നും ശരിയാകില്ലെന്ന് കരുതി ഭാഗ്യ പരീക്ഷണത്തിനായി വിസയും കാത്ത് യൗവനം തുലച്ചു കളയുന്നവര്‍ക്കു വേണ്ടിയാണ് നേര്‍ക്കാഴ്ച്ച ഇവിടെ സംസാരിക്കുന്നത്. ഇതാ നിങ്ങളെ കേരളത്തിന്റെ ഭരണകൂടം ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു.

1,375 കോടി രൂപയും, ഐടി മേഖലയ്ക്ക് 549 കോടിയും, യുവജന സംരംഭകത്വ വികസന പരിപാടികള്‍ക്ക് 70 കോടിയും മാറ്റിവച്ച് ഭരണാധികാരികള്‍ നിങ്ങളെ കാത്തിരിക്കുകയാണ്. യുവാക്കളെ, ഉണരുവിന്‍.

ടൂറിസം രംഗത്തും ചെറുതും വലുതുമായി പലതും ചെയ്യാനാകും. വേണ്ടതിലധികം പുഴയുണ്ട് നമുക്ക്. കാറ്റും വെളിച്ചവും നിറഞ്ഞു തുളുമ്പുന്ന ഗ്രാമങ്ങളുണ്ട്. നെല്‍വയലുകളില്‍ കൊയ്യാനും, കറ്റ മെതിക്കാന്‍ വരെ ടൂറിസ്റ്റുകള്‍ തയ്യാറാണ്. ഒരു ചെയ്ഞ്ചാണ് അവര്‍ക്കു വേണ്ടത്. ചുണ്ടയിട്ടു സ്വയം പിടിച്ച മീന്‍ വറുത്തു വിളമ്പിയാല്‍ മാത്രം മതി മനം നിറയാന്‍. വിദേശത്തു പോയി നായയെ പോലെ അദ്ധ്യാനിക്കുന്നതിന്റെ പകുതി ശ്രമം മതി നമുക്കിവിടെ ഈ ദൈവത്തിന്റെ നാട്ടില്‍ സ്വര്‍ഗം പണിയാന്‍ എന്ന തിരിച്ചറിവുമായാണ് സര്‍ക്കാര്‍ നിങ്ങളെ ക്ഷണിച്ചിരിക്കുന്നത്.

2010 മുതല്‍ 2020 വരെയുള്ള കാലഘട്ടം ‘നവീന ആശയങ്ങളുടെ ദശാബ്ദം’ എന്ന് പ്രഖ്യാപിച്ച ഭാരതത്തെ നമുക്കൊത്തു ചേര്‍ന്ന് ഒരു കൈ സഹായിക്കാം. കേന്ദ്രത്തിന്റെ എന്‍ എസ് ടി ഐ പോളിസി 2013ന് സമാനമാണ് കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ് നയം.

ഇന്ത്യയിലെ ആദ്യത്തെ വികസിത ടെക്‌നോ പാര്‍ക്ക് കേരളത്തിലാണെന്നത് നമുക്കഭിമാനമാണ്. ഇന്ത്യന്‍ ടെലികോം ഇന്നൊവേഷന്‍ ഹബ്ബ് അഥവാ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് അതിനുള്ള ഉദാഹരണമാണ്. ഇതുവരെ 150ല്‍ പരം കമ്പനികളെ വിജയകരമായി ഇന്‍കുബേറ്റ് ചെയ്ത കേരളത്തെ ആയിരക്കണക്കിനു സ്വയം സംരംഭങ്ങളാണ് കാത്തിരിക്കുന്നത്.

കോളേജ് വിദ്യാര്‍ഥികള്‍ പഠിച്ചിറങ്ങുമ്പോള്‍ തന്നെ തൊഴിലിനിറങ്ങാനും പദ്ധതികളുണ്ട്. അവരുടെ സ്വപ്നങ്ങള്‍ സ്റ്റാര്‍ട്ട് അപ്പ് ഏറ്റെടുക്കുന്നു. സ്റ്റുഡന്റ്‌സ് എന്‍ട്രപ്രണര്‍ഷിപ്പ് പോളിസി എന്നാണതിന്റെ പേര്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആശയങ്ങള്‍ ഒരു സംരംഭമായി വളര്‍ത്തിയെടുക്കുന്നതിനുള്ള എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. കൂടാതെ ഗ്രേസ് മാര്‍ക്കും അറ്റന്റന്‍സും.

കേരള ടെക്‌നോളജി ഇന്നൊവേഷന്‍ സോണ്‍ പല മേഖലകളെ ഒരുമിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരാനായി ഒരു ഗ്രോബല്‍ ഇന്നൊവേഷന്‍ ഹബ്ബിന് തുടക്കം കുറിക്കുകയാണ്. ഇതിന്റെ പേരാണ് ടെക്‌നോളജി ഇന്നൊവേഷന്‍ സോണ്‍. കളമശ്ശേരിയിലെ കിന്‍ഫ്ര ഹൈടെക്ക് പാര്‍ക്കില്‍ 13.2 ഏക്കര്‍ സ്ഥലത്ത് ഇതു നടപ്പില്‍ വരും.

പണമാണോ സംരംഭകര്‍ക്കുള്ള പ്രശ്നം? പരിഹരിക്കാന്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷനുണ്ട്. കൂട്ടത്തില്‍ സഹായത്തിനു കേരള ഫിനാന്‍സ് കോര്‍പ്പറേഷനുമുണ്ട്. പലിശ വേണ്ട. സര്‍ക്കാര്‍ അടച്ചു കൊള്ളും. അതിനു പുറമെ, എഞ്ചിനീയറിങ്ങ് കോളേജുകളില്‍ 20 മിനി ലാബുകള്‍ സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നമാണ് സ്റ്റാര്‍ട്ട് അപ്പ്. പിണറായി സര്‍ക്കാര്‍ ഇവിടെ വികസനത്തിനായി കൈകോര്‍ക്കുകയാണ്. പതിനായിരം കോടിയുടെ ധനസഹായമാണ് മോദി ഇത്തരത്തില്‍ ചിലവിടാനായി നീക്കി വെച്ചിരിക്കുന്നത്. നിങ്ങളുടെ മോഹങ്ങള്‍ കേവലം സ്വപ്നങ്ങളല്ല, യാഥാര്‍ത്ഥ്യമാകാനുള്ള നേര്‍വഴി തുറന്നു കഴിഞ്ഞു.

Leave a Reply

Your email address will not be published.