പയ്യന്നൂരിലെ ശോഭയാത്രയില്‍ കുഞ്ഞിനെ ആലിലയില്‍ പൊരിവെയിലത്ത കെട്ടിയിട്ട സംഭവം പുറത്തെത്തിച്ച ശ്രീകാന്ത് സംസാരിക്കുന്നു

പയ്യന്നൂരിലെ ശോഭയാത്രയില്‍ കുഞ്ഞിനെ ആലിലയില്‍ പൊരിവെയിലത്ത കെട്ടിയിട്ട സംഭവം പുറത്തെത്തിച്ച ശ്രീകാന്ത് സംസാരിക്കുന്നു

പയ്യന്നൂര്‍ നഗരത്തിലൂടെ കടന്നുപോയ ഘോഷയാത്രയില്‍ ക്രൂശിതനായ ക്രിസ്തുവിനെ പോലെ പൊരിവെയിലത്ത് ആ കുഞ്ഞ് കിടക്കുകയാണ്. കൂറ്റന്‍ ആലിലയ്ക്ക് മുകളില്‍ കിടക്കുന്ന കുഞ്ഞ് പലര്‍ക്കും നയനാനന്ദകരമായ കഴ്ചയായപ്പോള്‍, എനിക്ക് കണ്ടുനില്‍ക്കാനായില്ല… ശ്രീകാന്ത് ഉഷ പ്രഭാകരന്‍ മലയാളം ടുഡേയോട് സംസാരിക്കുന്നു…

എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുന്ന വഴിയാണ് പയ്യന്നൂര്‍ നഗരത്തിലൂടെ ശോഭയാത്ര കടന്നുപോകുന്നത്. കണ്ണിന് കുളിര്‍മ പകരുന്ന പലതരം വര്‍ണങ്ങളും, വേഷഭൂഷാധികളുമായി ഉണ്ണിക്കണ്ണന്‍മാരും, ഗോപികമാരുമൊക്കെ നിറഞ്ഞറോഡില്‍, പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കാന്‍മാത്രം പൊക്കത്തില്‍ വലിയവാനില്‍ കെട്ടിപ്പൊക്കിയ ആലിലയില്‍ ഒരു കുഞ്ഞു കൃഷ്ന്‍ കിടക്കുന്നത് കണ്ടത്. യാത്രയ്ക്കിടയില്‍ പൊരിവെയിലത്ത് കുഞ്ഞ് കിടന്നുറങ്ങുകയാണ്. സാധാരണ യാത്രക്കാര്‍ക്ക് പോലും അസഹ്യമായ ആ വെയില്‍ മുഴുവനും കൊണ്ട് ഒരക്ഷരം പോലും മിണ്ടാനാകാതെ, അവനോ, അവളോ.. അറിയില്ല, ആ മനുഷ്യക്കുഞ്ഞ് കിടക്കുന്നത് കണ്ടപ്പോള്‍ സഹിക്കാനായില്ല.

എന്റെ കയ്യില്‍ അത്യാവശ്യം നല്ല ചിത്രം എടുക്കാനുള്ള ക്യാമറയൊന്നുമില്ല. അടുത്ത് നിന്ന സുഹൃത്തിന്റെ ക്യാമറയിലാണ് ഫോട്ടോ പകര്‍ത്തിയത്. പെട്ടെന്ന് തന്നെ ചൈല്‍ഡ്ലൈന്‍ അധികൃതരെ വിളിച്ച് കാര്യം പറഞ്ഞു. കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് പരാതിയുണ്ടോ?, കുട്ടിക്ക് പരാതിയുണ്ടോ എന്നിങ്ങനെയുള്ള അവരുടെ ചോദ്യം കേട്ടപ്പോള്‍ ഞാന്‍ അവരോട് കയര്‍ത്തു. ഞാനാണ് പരാതിക്കാരനെന്നും, എന്റെ പരാതി സ്വീകരിച്ച് നിങ്ങള്‍ ഇപ്പോള്‍ സംഭവസ്ഥലത്തെത്തുകയാണെങ്കില്‍ സംഭവം കണ്ട് ബോധ്യപ്പെടാമെന്നും പറഞ്ഞപ്പോള്‍, അവര്‍ കണ്ണൂരിലെയും, തുടര്‍ന്ന് പയ്യന്നൂരിലെയും ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരെയും പരിചയപ്പെടുത്തിതന്നു. അവരോട് സംസാരിച്ചപ്പോള്‍, വിഷയം പൊലീസിനെ അറിയിക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ കടമയെന്നും, അത് ചെയ്യാമെന്നും മറുഭാഗത്ത് നിന്ന് പ്രതികരണം ലഭിച്ചു.

പിന്നെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. എനിക്കറിയാമായിരുന്നു, ഇനിയൊന്നും നടക്കാന്‍ പോകുന്നില്ലെന്ന്.. ആര്‍ക്കും പരാതിയില്ല, ആ കുഞ്ഞിന് പോലും.. അല്ല, അവന് അനുഭവിക്കുന്നത് ശിശുപീഢനമാണെന്ന് ആ കുഞ്ഞിന് അറിയില്ലല്ലോ..? ഇടയ്ക്ക് ചൈല്‍ഡ് ലൈനില്‍ നിന്ന് ഒരു കോള്‍വന്നു. പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചിട്ടുണ്ട് എന്നും പറഞ്ഞായിരുന്നു ആ കാള്‍. എസ്.ഐ കടക്കമുള്ളവര്‍ ഈ ഘോഷയാത്രയ്ക്ക് അകമ്പടിയായി നടക്കുന്നുണ്ടായിരുന്നു. രണ്ട് കണ്ണും തുറന്നിരിക്കുന്ന ഒരാള്‍ക്കും കണ്ടു നില്‍ക്കാനാകുമായിരുന്നില്ല ആ രംഗം. ആ കുഞ്ഞ് അത്രമേല്‍ കഷ്ടപ്പെട്ട് അവശനിലയിലാണ് ആലിലയില്‍ കിടന്നിരുന്നത്.

ബ്രാഹ്മണിക്കല്‍ ഹിന്ദുത്വബോധം നമ്മുടെ രക്ഷിതാക്കളെ അന്ധരാക്കുന്നു. കുട്ടികളുടെ പീഡകയാണവര്‍. ഫാസിസത്തിന്റെ എക്കാലത്തെയും വലിയ ഇരകള്‍ കുട്ടികള്‍… രണ്ടോ മൂന്നോ വയസ്സു പ്രായമുള്ള കുട്ടികളെ കൊണ്ട് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ എന്തൊക്കെ തോന്ന്യവാസങ്ങളാണു ഈ കഴുതകള്‍ കാട്ടുന്നത്.  എത്ര മനുഷ്യത്വ വിരുദ്ധമായാണു നമ്മുടെ കുഞ്ഞുങ്ങളോട് ഈ രക്തദാഹികള്‍ പെരുമാറുന്നത്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുണ്ടാക്കിയ സംവിധാനങ്ങള്‍ പേടിച്ച് ഓച്ചാനിച്ചു നില്‍ക്കെണ്ടതായി വരുന്നു. ഇതാണു മനുഷ്യാവകാശം.  ഇതാണു ജനാധിപത്യം..

ചൈയില്‍ഡ് ലൈനില്‍ പരാതി എഴിതി നല്‍കേണ്ടതില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. പോലീസിനു കൈമാറിയിട്ടുണ്ട് എന്നു പറഞ്ഞതിനപ്പുറം ഔദ്യോഗികമായി പരാതി സംബന്ധിച്ച് എന്നോട് ഇതുവരെ ആരും ഒരു അന്വേഷണവും നടത്തിയിട്ടില്ല. ഒന്നും നടക്കാനും പോകുന്നില്ല എന്നത് ഇന്നലെ ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞപ്പോള്‍ ലഭിച്ച മറുപടിയില്‍ നിന്നും തന്നെ മനസ്സിലാക്കിയതാണു.

അങ്ങനെയാണ് വൈകീട്ട് ഫേസ്ബുക്ക് പേജില്‍ സുഹൃത്തിന്റെ ക്യാമറയില്‍ പകര്‍ത്തിയ ഫോട്ടോ സഹിതം ഞാന്‍ സംഭവം എഴുതിവെയ്ക്കുന്നത്. ഒരു മനുഷ്യന്‍ എന്നനിലില്‍ എന്നെക്കൊണ്ട് ചെയ്യാനാകുന്നതെന്തെങ്കിലും ചെയ്തു എന്ന് ഇപ്പോള്‍ തോന്നുന്നു. ഒരിക്കലും ഈ വിഷയം ഇത്രമാത്രം ചര്‍ച്ച ചയ്യപ്പെടുമെന്ന് ഞാന്‍ കരുതിയിരുന്നതല്ല.  നിരവധി സോഷ്യല്‍മീഡിയ ഗ്രൂപ്പുകളും, ന്യൂസ് പോര്‍ട്ടലുകളും സംഭവം വാര്‍ത്തയാക്കി.  ചൈല്‍ഡ് ലൈനില്‍ നിന്ന് ലഭിക്കാത്ത സ്വീകാര്യത നല്‍കിയത് മീഡിയയാണ്.

ഇതിന് ശേഷം +31ല്‍ തുടങ്ങിയ ആറക്ക നമ്പറുകളില്‍ നിന്നും പേരോ ഊരോ പറയാതെ ചിലര്‍ ഫോണ്‍ വിളിച്ച് തെറിപ്പാട്ടു പാടുകയും പുറത്തിറക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഞങ്ങടെ കുഞ്ഞിനെ നമ്മക്കിഷ്ടം ഉള്ളത് പോലെ ചെയ്യും, അതിന് നിനക്കെന്താ.. ഇങ്ങനെ ഒരു നാല്‍പ് സെക്കന്റോളം ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് അവര്‍ ഫോണ്‍ കട്ട് ചെയ്തു.

ചെറുവത്തൂര്‍ തിമിരി സ്വദേശിയായ ശ്രീകാന്ത് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പടന്നക്കാട് നിന്ന് ഇക്കണോമിക്സ് വിഷത്തില്‍ ബിരുദം നേടിയ ശേഷം അണ്ണാമലൈ യൂണിവേഴ്സിറ്റിയില്‍ നിന്നും പി.ജി ബിരുദം നേടി.  പയ്യന്നൂരിലെ ഒരു സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ അദ്ധ്യയനം നടത്തിവരുന്നു.  എങ്കിലും ജോലി എന്താണെന്ന് അന്വേഷിക്കുമ്പോള്‍ കൂലിപ്പണിയെന്ന് പറയാനാണ് ഈ അദ്ധ്യാപകന് കൂടുതല്‍ ഇഷ്ടം.

Leave a Reply

Your email address will not be published.