ആരോഗ്യ മേഖലയിലെ സമഗ്രമാറ്റത്തില്‍ എച്ച്എല്‍എല്ലിന്റെ പങ്ക് സുപ്രധാനം: ആരോഗ്യമന്ത്രി

ആരോഗ്യ മേഖലയിലെ സമഗ്രമാറ്റത്തില്‍ എച്ച്എല്‍എല്ലിന്റെ പങ്ക് സുപ്രധാനം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യമേഖലയെ അടിസ്ഥാനപരമായി മാറ്റിയെടുക്കുന്നതിനുള്ള സര്‍ക്കാരിന്റെ പദ്ധതികളിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ പങ്ക് വളരെ വലുതാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീമതി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ രോഗനിര്‍ണയ പരിശോധനകള്‍ക്കു വേണ്ടിയുള്ള സംരംഭമായ ഹിന്ദ് ലാബ്സിന്റെ കുറഞ്ഞ ചെലവിലുള്ള എംആര്‍ഐ-സിടി സ്‌കാന്‍ പരിശോധനാ സൗകര്യം തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വയംപര്യാപ്തവും മികവുറ്റതും രോഗികള്‍ക്ക് സൗഹാര്‍ദ്ദപരമായ അന്തരീക്ഷമുള്ളതുമായ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും മെഡിക്കല്‍ കോളെജുകളും വികസിപ്പിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാവര്‍ക്കും ആരോഗ്യ പരിപാലനം എന്ന സര്‍ക്കാരിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ സാധ്യതയുള്ളതായും മന്ത്രി പറഞ്ഞു.

കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ എച്ച്എല്‍എല്‍ സ്ഥാപിക്കുന്ന അഞ്ചാമത്തെ എംആര്‍ഐ യൂണിറ്റാണ് എസ്എടിയിലേതെന്ന് ചടങ്ങില്‍ ആധ്യക്ഷം വഹിച്ച എച്ച്എല്‍എല്‍ സിഎംഡി ശ്രീ ആര്‍.പി ഖണ്ഡേല്‍വാള്‍ പറഞ്ഞു.

സ്വകാര്യ മേഖലയിലുള്ളതിനേക്കാള്‍ 60 ശതമാനം കുറഞ്ഞ നിരക്കില്‍ എംആര്‍ഐ-സിടി സ്‌കാനുകള്‍ ഇവിടെ ലഭ്യമാക്കും. ബിപിഎല്‍ വിഭാഗത്തിലെ സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന 10 ശതമാനം രോഗികള്‍ക്ക് തികച്ചും സൗജന്യമായി ഇവിടെ പരിശോധനകള്‍ ചെയ്തു കൊടുക്കും. 1.5 ടെസ്ല എംആര്‍ഐ സ്‌കാന്‍ മെഷീനും 128 സ്ലൈസസ് സിടി സ്‌കാന്‍ മെഷീനും ഗുണമേന്മയുള്ള പരിശോധനാ ഫലങ്ങളാണ് നല്‍കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷങ്ങളിലായി എച്ച്എല്‍എല്‍ കേരളത്തില്‍ രണ്ടുലക്ഷം രോഗികള്‍ക്ക് പരിശോധനാ ഫലങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ചെലവില്‍ മികച്ച ആരോഗ്യപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എച്ച്എല്‍എല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാധാരണക്കാരായ രോഗികളാകും പ്രധാനമായും എച്ച്എല്‍എല്ലിന്റെ എസ്എടിയിലെ പരിശോധനാ സംവിധാനം പ്രയോജനപ്പെടുത്തുകയെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എം. റംല ബീവി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സംവിധാനങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങളുടെ മൂന്നിലൊന്ന് പങ്ക് പ്രദാനം ചെയ്യുന്നത് എച്ച്എല്‍എല്‍ ആണെന്ന് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു പറഞ്ഞു. പുതിയ ലാബിനായി എസ്എടിയുടെ 3000 ചതുരശ്രഅടി സ്ഥലം എച്ച്എല്‍എല്ലിന് മെഡിക്കല്‍ കോളജ് ലഭ്യമാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംആര്‍ഐ, സിടി സ്‌കാന്‍ യൂണിറ്റുകള്‍ എസ്എടിയില്‍ തന്നെ ലഭ്യമാക്കുന്നതിലൂടെ കുട്ടികളെ ആംബുലന്‍സില്‍ ലാബുകളിലേക്ക് എത്തിക്കുന്നതിന്റെ അസൗകര്യവും കാലതാമസവും ഒഴിവായിരിക്കുകയാണെന്ന് എസ്എടി സൂപ്രണ്ട് ഡോ. എ.സന്തോഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി. എച്ച്എല്‍എല്‍ ടെക്നിക്കല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ശ്രീ. ഇ.എ സുബ്രഹ്മണ്യന്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എം. എസ്. ഷര്‍മ്മദ്, റേഡിയോ ഡയഗ്‌നോസിസ് വിഭാഗം മേധാവി ഡോ. എന്‍ റോയി, എസ്എടി ആശുപത്രി മുന്‍ സുപ്രണ്ട് ഡോ. വി. ആര്‍. നന്ദിനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.