ജി.എസ്.ടി കാലത്തെ ഓണം കേറാമൂലകള്‍

ജി.എസ്.ടി കാലത്തെ ഓണം കേറാമൂലകള്‍

നിറവും മണവും കെട്ടുപോയ പൂക്കള്‍…അല്ല നിങ്ങള്‍ നിറം കെടുത്തിക്കളഞ്ഞ പൂക്കള്‍

നിറങ്ങളുടെ പൊലിമയില്‍ മതിമറക്കുന്ന ചിങ്ങവെയിലിന്റെ ചൂടുപറ്റി വസന്തം പടി കയറിവരുന്ന ആഘോഷം… ഓണം, പൂവിളികളും, പൂക്കൊട്ടകളും, സമൃദ്ധമായ ഓണസദ്യയും, ഒത്തു ചേരലും സന്തോഷവും.. പോയ്മറഞ്ഞ പഴമയുടെ ക്ലാവുമണം മാറാത്ത ഓര്‍മ്മയെ വീണ്ടും, വീണ്ടും ഓര്‍മ്മപ്പെടുത്തുന്ന മലയാളിയുടെ അത്തം പത്തോണം ഇങ്ങെത്തിക്കഴിഞ്ഞു. ഓണാഘോഷങ്ങള്‍ക്കായി കോപ്പുകൂട്ടിത്തുടങ്ങുന്ന ബഹു ഭൂരിഭാഗം ജനങ്ങളുടേയും ആര്‍പ്പുവിളിയ്ക്കും, ആഹ്ളാദത്തിമര്‍പ്പിനുമിടയില്‍ പതുക്കെ നാം മറന്നുപോകുന്ന ചില ഓണം കേറാ മൂല കളില്ലേ? ഓര്‍മ്മയിലൊരോണപ്പുടവയും, സദ്യയും കയറിവരാത്ത പൂക്കളം നിരത്താന്‍ മടുത്ത് കല്ലായ മനസ്സിനാകാതെ പോയ ഒരു പിടിയാളുകളില്ലേ? നമുക്കീ ജി.എസ്.ടി കാലത്ത് അവര്‍ക്കൊപ്പം ഓണം കൂടാം

ഈ വീട്ടില്‍ രണ്ട് പൂക്കളുണ്ട്. മുഴുവന്‍ വടരും മുന്‍പേ… വളര്‍ച്ച മുരടിച്ചുപോയ രണ്ട് പൂക്കള്‍. മനസ്സിലായില്ലേ? ഇതാണ് ബള്ളൂര്‍ ഐത്തനടുക്കയിലെ ണേഷ് റാവുവിന്റെ വീട്. വഴിനിറയെ ചെമ്പരത്തിപ്പൂക്കള്‍, നടവരമ്പ് നിറയേ കവുങ്ങിന്‍ പൂക്കള്‍.. തൊട്ടാവാടി, തുമ്പ, തുളസി അങ്ങനെയങ്ങനെ വീട്ടിലേക്കുള്ള വഴി നിറയേ പൂക്കളാണ്. നിറവും മണവുമുള്ള പൂക്കള്‍. നീണ്ടു കിടക്കുന്ന വലിയ മുറ്റത്ത് അടക്ക ഉണക്കാനിടുന്ന സ്ത്രീയെ കണ്ടോ..? അതാണ് സുമിത്ര. നേരത്തേ പറഞ്ഞ രണ്ട് പൂക്കളുടെ അമ്മ…

മുറ്റത്ത് കാല്‍പെരുമാറ്റം കേട്ട് അമ്മേ… ദേ ആരോ വന്നിരിക്കുന്നു, എന്ന് അകത്തേക്ക് നോക്കിവിളിച്ചു പറയാന്‍ നാവുപൊങ്ങാത്ത, ദൂരെയുള്ള കാഴ്ചകള്‍ വ്യക്തമാകാത്ത, ഒരു വണ്ടുമൂളല്‍ പോലും കേള്‍ക്കാനാകാത്ത, ചിന്തയും, ബുദ്ധിയും ഇനിയും വളരാത്ത രണ്ട് പൂക്കളാണ് കൂടലുകാരന്‍ ഗണേശ് റാവുവുവിന്റേയും, കാഞ്ഞങ്ങാടുകാരി സുമിത്രയുടേയും ദാമ്പത്യ വല്ലരിയില്‍ വിരിഞ്ഞു കായ്ച്ചത്. പതിനെട്ട് വയസ്സുകാരന്‍ അരുണ്‍ കുമാറും, ഇരുപത് കാരി സൗമ്യയും…

തളര്‍ന്നതും, ഈര്‍ക്കിലുപോലെ നേര്‍ത്തതുമായ കാലുകള്‍ അകത്തേക്ക് മടക്കി, ദേഹം വളച്ച് കോലായയില്‍ ഇട്ടിരിക്കുന്ന ബെഞ്ചിനിടയില്‍ കൂനിക്കൂടി കിടക്കുകയാണ് പതിനെട്ട് വയസ്സുകാരന്‍ അരുണ്‍ കുമാര്‍. ശബ്ദം കേള്‍ക്കാനോ തിരിച്ചറിയാനോ ഇല്ലാത്ത ആ അര ജീവന്‍ പതിവില്ലാത്ത മനുഷ്യരുടെ ഗന്ധം വലിച്ചെടുത്തപ്പോള്‍, അച്ചനും അമ്മയുമല്ലാത്ത ആരൊക്കെയോ ഇവിടുണ്ടെന്ന തിരിച്ചറിവില്‍ മുഖമുയര്‍ത്തി. കാഴ്ച തീരെക്കുറഞ്ഞ കണ്ണുകളില്‍ അവന് ഞങ്ങളെ കാണാനാകുമായിരുന്നില്ല. എന്തൊക്കെയോ ഞരക്കം പോലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് അവന്‍ വീണ്ടും, വീണ്ടും ബെഞ്ചിനടിയില്‍ കൂനിക്കൂടി. അരുണിന്റെ ദിവസങ്ങള്‍ അങ്ങനെ ഞരങ്ങിയും, മൂളിയും, ഇഴഞ്ഞിഴഞ്ഞ് കോലയയിലൂടെ ഇഴഞ്ഞും തീര്‍ന്നുകൊണ്ടിരിക്കുന്നു.

അരുണിന്റെ സഹോദരി സൗമ്യയെ അടുത്തെങ്ങും കണ്ടില്ല. ഓള് പണീന്റെ തെര്ക്കിലിണ്ട്, മുറ്റത്തേക്കിറങ്ങിക്കൊണ്ട് ഗണേശ്‌റാവു പറഞ്ഞു. അടുക്കളയുടെ ഒരു മൂലയില്‍ മുറിച്ചിട്ടിരിക്കുന്ന പാളയുടെ കഷ്ണങ്ങള്‍ക്കിടയില്‍ സൗമ്യയെ കണ്ടു. കാഴ്ച തീരെയില്ലെങ്കിലും, അവള്‍ മണം പിടിച്ച് ആളുകളെ തിരിച്ചറിഞ്ഞു. പിന്നെ വീണ്ടും അവള്‍ ജോലി തുടര്‍ന്നുകൊണ്ടിരുന്നു. മൊട്ടയടിച്ച തലയും, ഉള്ളിലേക്ക് വളഞ്ഞുപോയ കാല്‍പ്പാദങ്ങളും, കേള്‍വി ഇല്ലാത്ത കാതും, കാഴ്ചയില്ലാത്ത കണ്ണുകളും, അമ്മേ എന്ന് ഒന്നുറക്കെ വിളിക്കാനാകാത്ത നാക്കുമായി പേരിന് മാത്രം ഒരു മനുഷ്യക്കോലം.

ഒരു പൂവിനെ സംരക്ഷിക്കാന്‍ നമ്മുടെ ഭരണകൂടം ഈട് വെച്ചത് ഇതുപോലത്തെ നൂറുകണക്കിന് മനുഷ്യപ്പൂക്കളെയായായിരുന്നല്ലോ? കശുവണ്ടിയുടെ പൂവിനെ ഉപദ്രവിക്കുന്ന തേയിലക്കൊതുകിനെ അകറ്റാന്‍ തളിച്ച എന്‍ഡോ സള്‍ഫാന്‍ പെരുമഴയില്‍ നനഞ്ഞ് തളര്‍ന്നുപോയ ഒരൂകൂട്ടം മനുഷ്യ ജീവനുകളിലാണ് ഈ രണ്ടു പൂക്കളുടേയും സ്ഥാനം.5 (1)

നമ്മക്കെന്തോണം, എന്ത് ബിശൂ… സുമിത്ര പറഞ്ഞ് തുടങ്ങുന്നു.

കുഞ്ഞ്യെള് ചെര്‍ദായെരം ആഗോഷെല്ലം ഇണ്ടായിനേനും.. ഇപ്പൊ പിന്നെ കുറേയായി ഒന്നിനോടും ഒരു താല്‍പര്യവുമില്ല, നേരൂം ഇല്ല. എന്നാലും നല്ലദിവസം പുതിയ ഉടുപ്പെല്ലം എങ്ങനെങ്കിലും ഇവരെ അച്ഛന്‍ കൊണ്ടുവരും. മുകിളിലേക്ക് നോക്കി വാതുറന്ന് അന്തിച്ച് നില്‍ക്കുന്ന അരുണിന്റെ തലയിലൂടെ വിരലോടിച്ചുകൊണ്ട് ആ അമ്മ പറഞ്ഞുകൊണ്ടിരുന്നു.

നിങ്ങ കാണ് ന്നില്ലേ.. ഓന്‍ ബെല്യ ബാല്യക്കാരനാന്ന്. കോളേജിലെല്ലം പോയി പടിക്കണ്ട സമയായി. ഓളെ കെട്ടിക്കാന്‍ ആയി. രണ്ടാളും നമ്മള നോക്കാനായിന്. ഇപ്പളും ഒരു മുട്ടായി കണ്ടം വരെ എങ്ങനെ തിന്നണം ന്നറീല എന്റെ മക്കള്ക്ക്.. ബുദ്ധി ശൂന്യം.. ഗണേഷ് റാവു പറയുന്നു.

ഈ കുട്ടികളുടെ അസുഖമോ, ചികിത്സയ്ക്കാവശ്യമായി വരുന്ന വലിയ തുകയോ ഇവര്‍ക്ക് പ്രശ്നമല്ല. ലോണെടുത്താലും, പുരയിടം വിറ്റാലും അത് നടത്താമെന്ന ചിന്തയാണ്. എന്നാല്‍ ആര്‍ക്കും പിടിച്ചുവെക്കാനാകാതെ കടന്നുപോകുന്ന പ്രായത്തെയാണീ മാതാപിതാക്കള്‍ക്ക് പേടി. പ്രായം കൂടി വരും തോറും മരണത്തെ മുഖാമുഖം കണ്ടുതുടങ്ങും. കാഴ്ചയും, കേള്‍വിയും, സംസാരവുമില്ലാത്ത നടക്കാനാകാതെ ഇഴഞ്ഞും മണം തിരിച്ചറിഞ്ഞും കഴിയുന്ന തന്റെ രണ്ട് മക്കളെ ആരെ ഏല്‍പ്പിക്കണമെന്നോര്‍ക്കുമ്പോള്‍ ഉത്തരമില്ലാത്ത ചോദ്യത്തിന്റെ കടല്‍ച്ചുഴിയില്‍ കിടന്ന് പുളയും സുമിത്ര. കാലങ്ങളായുള്ള ആലോചനയ്‌ക്കൊടുക്കം ഒരുത്തരവും സുമിത്ര കരുതിവെച്ചിട്ടുണ്ട്. ഒന്നിക്കില്‍ നമ്മള്‍ക്ക് മുന്നേ ഇവര് മരിച്ച് പോണം, ഇല്ലേപ്പിന്ന എല്ലാരും ഒരുമിച്ച് പോകാനുള്ള പണി നോക്കണം അത്രതന്നെ.. ഒരക്ഷരം പോലും പതറാതെ ആ അമ്മ പറഞ്ഞുതീര്‍ത്തു.

ഒന്നിനും കയ്യൂല എന്റെ കുഞ്ഞ്യള്ക്ക്. സൗമ്യേനെ പണ്ട് ഓളെ അമ്മാമേന്റട്ത്ത് കൊണ്ടാക്കീനേനും, പിറ്റേത്തെ ദിവസെന്നെ ആട്ന്ന് വിളിവന്ന് ഇബളെ നോക്കാന്‍ ഓര്‍ ആക്ന്നില്ലാന്ന് പറഞ്ഞിറ്റ്. ഞാളല്ലാതെ ബേറാര് നോക്കാനായിറ്റ്? നേരെയുള്ള കുഞ്ഞ്യളത്തന്നെ ആരും തിരിഞ്ഞ് നോക്കൂലാ… അപ്പളല്ലാ… ഉരിയാട്ടം ഇല്ലാണ്ട്, എണീറ്റ് നടക്കാണ്ട്, കണ്ണും, കാതും ഇല്ലാണ്ടുള്ള നമ്മളെ കുഞ്ഞ്യളെ നോക്കാന്… ഹം…ഹ് ; സുമിത്ര പറഞ്ഞു കൊണ്ടേ ഇരുന്നു. കുഞ്ഞീലെല്ലം ഇവരിങ്ങനെയല്ലേനും. അരുണ് നടന്നിനേനും, എന്നരേ.. ഒരേ പ്രായുള്ള പിള്ളറോഡൊന്നും മിണ്ടാട്ടമില്ല, യോറൊക്കെ കളിക്കൂം ചെയ്യ്ല്ല. ബെല്താവ്മ്പം എല്ലും ശരിയാവുംന്ന് നിരീച്ചിനേനും. ഇപ്പം ഒന്നും ഇല്ലാണ്ടായി. ബെശക്കുമ്പോ ഓരെ സ്ഥലത്ത് പോയിരിക്കും. അന്നരം ചോറ് വാരിക്കൊടുക്കും. വയസിത്രായിറ്റും സ്വന്തായിറ്റ് ഒന്ന് പല്ല് തേക്കാനോലും കയ്യൂലെന്റെ മോന്…

ഇത് സുമിത്രയുടെ മാത്രം പ്രശ്‌നമല്ല. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ രക്ഷിതാക്കള്‍ക്കെല്ലാമുള്ള ഭയമാണ്. ഇരകള്‍ പലഭാഗത്തും മരിച്ചു തീരുന്ന വാര്‍ത്തകള്‍ പത്ര മാധ്യമങ്ങളിലൂടെ അറിയുന്ന സുമിത്രയും, ഭര്‍ത്താവ് ഗണേഷ്‌റാവുവും അതിനെ കുട്ടികളുടെ രക്ഷിതാക്കളുടെ ഭാഗ്യമായി കാണുന്നു. ഓരോ ഇടത്തും കൊറേ കുഞ്ഞ്യള് മരിക്ക്ന്ന്ണ്ട്. അയിന്റെയെല്ലം അച്ചന്റേം, അമ്മേന്റേം ഭാഗ്യം. ജീവനുള്ളരെന്നെ എല്ലാം കാണാനായല്ലാ… ഓര്‍ക്ക് ചത്താ കണ്ണടയും. സുമിത്ര പറയുന്നു.

ഇവരെ ചികിത്സിക്കാനായി ബാങ്കുകളില്‍ നിന്നെടുത്ത കടം സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നെങ്കിലും നിരന്തരം ബാങ്ക് നോട്ടീസുകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഈ കുടുംബം. ചികിത്സാ ചിലവിനായി ബെള്ളൂര്‍ കോ-ഓപ്പറേറ്റീവ് സര്‍വ്വീസ് സൊസൈറ്റി, കാസര്‍ഗോഡ് പ്രൈമറി അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവിടങ്ങളില്‍ നിന്നായി എടുത്ത അന്‍പതിനായിരം രൂപ ഇന്ന് ഒന്നരലക്ഷം രൂപയായി കൂടിയെന്നും, ബാങ്കില്‍ നിന്നുള്ള കടലാസുകള്‍ അടിക്കടി വന്നുകൊണ്ടിരിക്കുമ്പോള്‍ ആകെ പേടിയാണെന്നുംേേ ഗണഷ് റാവു പറയുന്നു. അടക്ക കൃഷിമാത്രം ആശ്രയിച്ച് കഴിയുന്ന ഈ കുടുംബത്തിന് ഇത്രയും വലിയ തുക തിരിച്ചടക്കാനുള്ള കഴിവില്ലെന്നറിഞ്ഞിട്ടും, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കടങ്ങള്‍ മരവിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവ് ഉണ്ടായിരുന്നിട്ടും ഇരകളെ കൊള്ളയടിക്കുന്ന സമീപനമാണ് ബാങ്കുകളും സ്വീകരിച്ചിരിക്കുന്നത്.

മുക്കിലും മൂലയിലും ഇരകളായവര്‍ പലരും മരിച്ചു തീര്‍ന്നുകൊണ്ടിരിക്കുന്നുണ്ടിവിടെ. ഭയപ്പെടുത്തുന്നതരത്തില്‍ തല വളര്‍ന്നതും, കണ്ണും നാക്കും പുറത്തേക്ക് തള്ളിയും, നേര്‍ത്ത് വടിപോലായ കലുകളോടെയും, ദേഹം മുഴുവനും ചൊറിഞ്ഞു പൊട്ടിയും, പ്രായത്തിനൊത്ത് വളരാത്ത മനസ്സും ശരീരങ്ങളുമൊക്കെയായി. അപ്പോഴും പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും ഈ മണ്ണില്‍ നടപ്പിലാകുന്നില്ല. എന്‍ഡോസള്‍ഫാന്‍ സെല്‍ പോലും മരണം മുന്നില്‍ കണ്ടു തുടങ്ങിയിരിക്കുന്നു. അടുത്ത കാലത്ത് പുറത്തുവന്ന കോടതി ഉത്തരവില്‍ പോലും ഇവിടുത്തെ അമ്മമാര്‍ക്ക് വിശ്വാസമില്ല. ഈ ക്കഴിഞ്ഞ നാഗസാക്കി ദിനത്തിലും പ്ലക്കാര്‍ഡുകളുമായി എന്‍ഡോ സള്‍ഫാന്‍ ബാധിതരായ കുഞ്ഞുങ്ങളുടെ അമ്മമാര്‍ ഇവിടെ തെരുവിലിറങ്ങിയിരുന്നു. നിരവധി തവണ വഞ്ചിതരായ സമൂഹമാണ് ഞങ്ങള്‍… ഇനിയും അത് തുടരാം ഞങ്ങളുടെ മരണം വരെ തുടരാം… അമര്‍ഷത്തിന്റെ കടുത്ത വാക്കുകളില്‍ തേങ്ങലടക്കിപ്പിടിച്ച് സുമിത്രയ്‌ക്കൊപ്പം ഇരകളുടെ എല്ലാ അമ്മമാരും ഉറക്കെയുറക്കെ വിളിച്ചു പറയുന്നു..1 (3).

ഒഴിഞ്ഞ തൂശനിലയും, പഴകിതുടങ്ങിയ ഓര്‍മ്മപ്പുടവയും

ഈ പൊന്തക്കാടുകളില്‍ കടും ചോരനിറത്തില്‍ തെറിച്ചുനില്‍ക്കുന്ന തെച്ചിയും, വഴിവക്കില്‍ പറ്റിപ്പിടിച്ച് വളരുന്ന മുക്കുറ്റിയും തരുന്ന ആനന്ദം മുന്നോട്ടുള്ള യാത്രയില്‍ കിട്ടിയേക്കില്ല. നീണ്ടുകിടക്കുന്ന ചെമ്മണ്‍പാത ഒരു കയറ്റം കയറിയിറങ്ങുമ്പോഴേക്കും നമ്മള്‍ മാലോത്ത് കസബയിലെ പടയങ്കല്ല് കോളനിയിലെത്തും. ഓണപ്ൂക്കളമില്ലാത്ത, ഓണപ്പാട്ടും കളികളുമില്ലാത്ത പ്ലാസ്റ്റിക്ക് ഷീറ്റില്‍ പൊതിഞ്ഞു കിടക്കുന്ന കൂരകളിലെ അരിക്കലങ്ങളും അങ്ങനൊക്കെത്തന്നെ, ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ് താമസമെങ്കിലും, എവൈ, കാര്‍ഡ് പോയിട്ട് ഒരു ബി.പി.എല്‍ കാര്‍ഡ് പോലും കൈവശമില്ലാത്ത ഇവര്‍ക്ക് സര്‍ക്കാര്‍ സമ്മാനമായ ഓണക്കിറ്റ് പോലും കിട്ടാറില്ല.

കാസര്‍കോട്ടെ പ്രധാന നഗരമായ മാലോത്തില്‍ നിന്നും കിലോമീറ്ററുകള്‍ ഉള്‍വലിഞ്ഞ് കാടുകളോട് ചേര്‍ന്ന മലമ്പ്രദേശങ്ങളില്‍ കൂരകെട്ടി കുടുംബജീവിതം തുടങ്ങിയവര്‍. കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഈ മലയോരമേഖയിലെ താമസക്കാരില്‍ ഭൂരിഭാഗവും മലവേട്ടുവ, മാവില സമുദായക്കാരാണ്.

ആശുപത്രിയിലെത്താന്‍, മരുന്ന് വാങ്ങാന്‍, റേഷന്‍ വാങ്ങാന്‍, സ്‌കൂളിലെത്താന്‍, അവശ്യ സാധനങ്ങള്‍ക്കെല്ലാം മലയിറങ്ങി എട്ടു കിലോമീറ്ററിലധികം താണ്ടണം ഇവര്‍ക്ക്. ഓട്ടോ പിടിച്ചാല്‍ 110 രൂപ കൂലി ഇനത്തില്‍ മാത്രം നല്‍കണം. അടച്ചുറപ്പോടു കൂടിയ ഒരു വീട് സ്വപ്നം കാണാന്‍ പോലും ത്രാണിയില്ലാത്ത ഈ ജനതയെ പറ്റിച്ച് കൊള്ളയടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ധനികരും അവരോളം തന്നെ സര്‍ക്കാരും ഒരു പരിധിക്കപ്പുറമുള്ള ഇവരുടെ വളര്‍ച്ചയ്ക്ക് വിലങ്ങുതടി തന്നെയാണ്.

പെരുമഴപെയ്ത് കുത്തിയൊലിക്കുന്ന ജൂണ്‍ മാസത്തില്‍ മഴവെള്ളത്തിലൂടെ, മുതുകത്തെ പുസ്തകഭാരവും പേറി അടിയൊന്ന് തെറ്റാതെ സ്‌കൂളിലേക്ക് നടക്കുന്ന ആദിവാസി വിദ്യാര്‍ത്ഥികളെ, അവരുടെ ചിന്തയിലെ ഏറ്റവും വലിയ വില പറഞ്ഞ് ധനികരായ ചില പ്രാദേശികര്‍ തോട്ടത്തിലേക്ക് ക്ഷണിക്കും. പകലന്തിയോളമുള്ള അധ്വാനത്തിനു പകരമായി കൈവള്ളയില്‍ വെച്ചു തരുന്ന കാശിന് താന്‍ വേണ്ടെന്ന് വെച്ചത് അക്ഷര വെട്ടത്തെയാണെന്നറിയാതെ വിടരുന്ന അവരുടെ കണ്ണുകളില്‍ നോക്കി മുതലാളി പറയും- നാളെയും വാ കെട്ട്വാ… കിട്ടിയ പണവുമായി കണ്ണില്‍ കണ്ടെതെല്ലാം വാങ്ങിച്ച് അവര്‍ ഉത്സവമാക്കും, ആ ദിവസം. വയറ് നിറച്ച് ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കഴിക്കുന്ന ആ ദിവസം, പുതുമണത്തോടെ എന്തെങ്കിലും ഒന്ന് വാങ്ങിക്കുന്ന ആ ദിവസമാണ് ഊരിന് ഓണം.

എന്നാലീ പ്രമാണിമാരുടെ പിടിയിലകപ്പെടാതെ ഓടിപ്പിടിച്ച് സ്‌കൂളിലെത്തുന്ന കുട്ടികളുമുണ്ട്. അതിലേറ്റവും മുന്നില്‍ നമ്പ്യാര്‍മല കോളനിയിലെ സതീഷ് തന്നെയാണ്. ജ•നാ ബാധിച്ച വൈകല്യമായിരിക്കണം ഒരുപക്ഷേ സതീഷിനെ ഇവരുടെ നോട്ടത്തില്‍ നിന്നും രക്ഷിച്ചത്. അകത്തേക്ക് വളഞ്ഞു നില്‍ക്കുന്ന കൈകാലുകളുമായി സതീഷ് എട്ട് കിലോമീറ്റര്‍ നടന്ന് സ്‌കൂളിലെത്തും. വൈകിട്ടും ഇതേ നടത്തം. ദിനചര്യയായി തുടരുന്ന ഈ നടത്തം അവന്റെ അസ്ഥികള്‍ക്കും കാഴ്ചപ്പാടിനും ഒരേ തഴക്കം നല്‍കിയിട്ടുണ്ടെന്ന് ആ കണ്ണുകളും നടത്തത്തിന്റെ വേഗതയും നിരീക്ഷിച്ചാല്‍ മനസ്സിലാക്കാം. അച്ഛന്‍ മരിച്ചശേഷം കുടുംബം നോക്കാന്‍ കൂലിപ്പണിക്ക് പോകുന്ന അമ്മ ശാന്തയ്ക്ക് കൈത്താങ്ങാകാന്‍ സാധിക്കുന്ന എന്ത് ജോലിയായാലും പഠനത്തിന് ശേഷം സ്വീകരിക്കുമെന്നും തനിക്ക് വലിയ ആളൊന്നും ആകണ്ടെന്നും പറയുമ്പോഴും, ജീവിതം നടന്നുതീര്‍ക്കാന്‍ നിയോഗിക്കപ്പെട്ട തന്റെ ജനതയ്ക്ക് ആശ്വാസമായൊരു വാഹന സൗകര്യം സതീഷിന്റേയും സ്വപ്നമാണ്.

സതീഷിന്റെ ഓര്‍മ്മയില്‍ ഓണമെന്ന വിശേഷിപ്പിക്കാവുന്ന ഒരു പ്രത്യേക ദിവസമില്ല. പിന്നെ, സ്‌കൂളില്‍ സമ്പല്‍ സമൃദ്ധമായ ഉഭക്ഷണം കിട്ടുന്ന ദിവസങ്ങളില്‍ ഒന്ന് മാത്രമാണ് അവന്‍ ഓണം. സുഹൃത്തുക്കളെല്ലാം വീട്ടില്‍ നിന്നും പലതും കൊണ്ടുവരുമ്പോള്‍, സതീഷും, വീട്ടില്‍ അമ്മയോട് വഴക്കിട്ട് പപ്പടമെങ്കിലും കൊണ്ടുവരും. എല്ലാ കുട്ടികളും ചേര്‍ന്ന ക്ലാസ് മുറിയില്‍ പൂക്കളം തീര്‍ക്കും.

എത്ര കണ്ണു തുറന്ന് നോക്കിയാലും നമ്മുടെ ഭരണകൂടം കാണാത്ത ചില കാഴ്ചകളുണ്ട് ഈ കോളനികളില്‍. വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്ത ആരും തന്നെ ഈ ഊരുകളിലില്ലെങ്കിലും സ്വന്തമായി റേഷന്‍കാര്‍ഡുള്ള കുടുംബങ്ങളെ മഷിയിട്ട് നോക്കിയാലും കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. സര്‍ക്കാര്‍ അംഗീകരിച്ച ഒരു കടലാസാണ് റേഷന്‍ സിസ്റ്റത്തിനായി ഇവര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ക്രൂരമായ തമാശ ഇതൊന്നുമല്ല; ദിവസം 175-ഉം, 250-ഉം രൂപയുടെ കൂലിപ്പണിചെയ്ത് നിത്യവൃത്തി തേടുന്ന ഈ ഊരുകുടുംബങ്ങള്‍ക്കെല്ലാം നല്‍കിയിരിക്കുന്നത് എ.പി.എല്‍ ഗണത്തിലുള്ള കടലാസുകളാണ്. വൈദ്യുതി ചെന്നെത്താത്ത കോണുകളിലെ ദുരിത ജീവിതങ്ങള്‍ക്ക് അര്‍ഹതപ്പെട്ട മണ്ണെണ്ണപോലും കൃത്യമായി ലഭിക്കാറില്ല.2 (3)

പടയങ്കല്ല്, മാന്റില, പുഞ്ച, എടക്കാനം, കമ്മാടി, വാഴത്തട്ട്, പാമത്തട്ട്, കണ്ണീര്‍വാടി, ചുള്ളിത്തട്ട്, മൊടന്തേമ്പാറ, കിണറ്റടി തുടങ്ങിയ കോളനികളെല്ലാം ക്ഷയരോഗഭീഷണിയിലാണ്. പ്രദേശത്തെ 15 കോളനികളില്‍ 20-ഓളം പേര്‍ക്ക് ക്ഷയരോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം കണ്ടെത്തി ഏതാനും നാളുകള്‍ മരുന്ന് കഴിച്ച് പിന്നീട് ചികിത്സ തുടരാത്തതിനാല്‍ കോളനിവാസികളില്‍ രോഗം പടരുകയാണ്. വിദ്യാര്‍ത്ഥികള്‍ക്കും ക്ഷയരോഗം കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ഷീറ്റ് മറച്ചുകെട്ടിയുണ്ടാക്കിയ താല്‍ക്കാലിക കൂരകളില്‍ 50 വര്‍ഷത്തിലധികമായി ഇവര്‍ കഴിയുന്നു. സംസ്ഥാനം ഭരിക്കുന്ന റവന്യുമന്ത്രിയുടെ മണ്ഡലത്തില്‍ സ്ഥിര താമസക്കാരായ ഈ ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിന് അധികൃതര്‍ യാതൊരു നടപടിയും ഇന്നുവരേയും സ്വീകരിച്ചിട്ടില്ല.

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലേക്ക് എത്തിച്ചേരാനായി ഗോത്രസാരഥിയെന്ന പേരില്‍ വാഹനങ്ങള്‍ അനുവദിക്കാമെന്ന് സര്‍ക്കാര്‍ വാക്ക് നല്‍കിയിരുന്നെങ്കിലും, ട്രൈബല്‍ ഡവലപ്പെമെന്റ് ഇനത്തില്‍ വന്ന പണമെല്ലാം വീടില്ലാത്തവര്‍ക്ക് വീട് കെട്ടാനുള്ള പദ്ധതിക്കായി വിനിയോഗിച്ച് കഴിഞ്ഞെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. കുട്ടികളുടെ നടത്തം ഒഴിവാക്കാന്‍ ജീപ്പ് സര്‍വ്വീസ് ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഇവര്‍ക്ക് ഒരുമാസം ഒരു കുട്ടിക്ക് മാത്രം 650 രൂപ നല്‍കണം. പ്രമാണിമാരുടെ കാപ്പിത്തോട്ടത്തിനിടയിലൂടെ എത്തിച്ചേരുന്ന പടയങ്കല്ല് കോളനിയില്‍ ഊരുജീവിതങ്ങളുടെ നരകയാതനകള്‍ ഒഴിവാക്കാന്‍ തോട്ടത്തിന്റെ ചെറിയ ഭാഗം വിട്ട് നല്‍കിയാല്‍ മതിയെന്നിരിക്കെ, അതിന് തയ്യാറാകാതെ ഈ ജീവിതങ്ങളെ തോട്ടത്തിനിടയില്‍ നരകിപ്പിക്കാന്‍ തന്നെയാണ് ഇവിടുത്തെ ധനികര്‍ക്കും കൂടുതലിഷ്ടം.

Leave a Reply

Your email address will not be published.