ഇന്ത്യയിലെ നിലവാരമില്ലാത്ത ഇന്ധനം വാഹനങ്ങള്‍ക്ക് ദോഷകരം: കുരുവിള ജോസ്

ഇന്ത്യയിലെ നിലവാരമില്ലാത്ത ഇന്ധനം വാഹനങ്ങള്‍ക്ക് ദോഷകരം: കുരുവിള ജോസ്

തിരുവനന്തപുരം: ഇന്ത്യയില്‍ നിലവാരമില്ലാത്ത ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങള്‍ക്ക് ദോഷകരമാണെന്ന് ഈ മേഖലയിലെ വിദഗ്ധനും ടാറ്റ എലക്സി ലിമിറ്റഡില്‍ പവര്‍ട്രെയിന്‍ കണ്‍ട്രോള്‍ ഗ്രൂപ്പ് മേധാവിയുമായ കുരുവിള ജോസ് വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ വ്യത്യസ്തമായ വായുമലിനീകരണനിയന്ത്രണ മാനദണ്ഡങ്ങള്‍ തങ്ങളുടെ മേഖലയില്‍ വെല്ലുവിളിയാകുകയാണെന്ന് ഇലക്ട്രോണിക്, പവര്‍ട്രെയിന്‍ സാങ്കേതികവിദ്യ വിദഗ്ധനായ അദ്ദേഹം പറഞ്ഞു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനു(കെഎസ്യുഎം)കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ ടെക്നോളജീസ് ലാബ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് എന്‍ജിനീയേഴ്സിന്റെ (sFCCC) റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍ സൊസൈറ്റിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച പ്രഭാഷണപരമ്പരയില്‍ പങ്കെടുക്കുകയായിരുന്നു ആദ്യം. ‘ലെറ്റ്സ് ടോക്ക്’ എന്ന പേരില്‍ ഭാവി സാങ്കേതികവിദ്യകളെക്കുറിച്ച് കെഎസ് യുഎം നടത്തുന്ന പരമ്പരയിലെ ആദ്യ പ്രഭാഷണമായിരുന്നു ഇത്.

വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളിലും വിദേശ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാറുകളിലുമാണ് ഇവിടത്തെ ഇന്ധനം കൂടുതല്‍ ദോഷമുണ്ടാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശത്ത് ഉപയോഗിക്കുന്ന ഇന്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ഇന്ധനത്തില്‍ സള്‍ഫര്‍ അല്ലെങ്കില്‍ ഗന്ധകം കൂടുതലാണ്. വാഹനത്തില്‍നിന്ന് പുറന്തള്ളുന്ന പുക ശുദ്ധീകരിക്കാനുപയോഗിക്കുന്ന വില കൂടിയ പ്ലാറ്റിനം-സിര്‍ക്കോണിയം ഉത്പ്രേരകത്തിന് (കാറ്റലിറ്റിക് കണ്‍വേര്‍ട്ടര്‍) ഗന്ധകം ദോഷകരമാണ്. യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും യൂറോ-സിക്സ് നിബന്ധനയനുസരിച്ച് സള്‍ഫര്‍ തീരെയില്ലാത്ത ഇന്ധനം ലഭ്യമാണ്.

വിദേശവിപണിക്കായി നിര്‍മിച്ച വാഹനമാണ് ഇറക്കുമതിചെയ്ത് ഇന്ത്യയില്‍ ഉപയോഗിക്കുന്നതെങ്കില്‍, ഭാരത് സ്റ്റേജ് ഫോര്‍ ഇന്ധനത്തില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ വാഹനത്തിന്റെ ഉത്പ്രേരകത്തിന് കേടുണ്ടാക്കുന്നു. ഇന്ത്യയില്‍ മാത്രമല്ല ചൈനയിലും ഇതേ പ്രശ്നമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്പ്രേരകം നിരന്തരം മാറ്റേണ്ട അവസ്ഥയിലാണ് ഇത് വാഹനത്തെ കൊണ്ടുചെന്നെത്തിക്കുന്നത്. എന്നാല്‍ ഇറക്കുമതി ചെയ്ത ആഡംബരവാഹനങ്ങള്‍ ഉപയോഗിക്കുന്നത് ധനികരായതുകൊണ്ട് ഇത് അവരെ അധികം ബുദ്ധിമുട്ടിക്കാറില്ലെന്ന് മാത്രം- അദ്ദേഹം പറഞ്ഞു.

വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണത്തിന് ശാശ്വത പരിഹാരം വൈദ്യുത വാഹനങ്ങള്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ബാറ്ററിയുടെ കൂടി സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് വാഹനങ്ങള്‍ വികസിപ്പിച്ചുകഴിഞ്ഞു. പെട്രോളിയം ഇന്ധനം ഉപയോഗിക്കുന്ന എന്‍ജിനുകളില്‍ നിന്ന് കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കാനാവാത്തതിനാല്‍ കാലക്രമേണ ഹൈബ്രിഡ് വാഹനങ്ങള്‍ പോലും പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളായി മാറും. 2030ഓടെ പ്രമുഖ കാര്‍ നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് വാഹനശ്രേണി പുറത്തിറക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെക്നോപാര്‍ക്കിലെ കെഎസ്യുഎമ്മിന്റെ മീറ്റപ്പ് കഫേയില്‍ എല്ലാ മാസവും മൂന്നാമത്തെ വ്യാഴാഴ്ച്ച ആധുനിക സാങ്കേതിക വിദഗ്ധര്‍ നയിക്കുന്ന ലെറ്റ്സ് ടോക്ക് പ്രഭാഷണമുണ്ടായിരിക്കും.

Leave a Reply

Your email address will not be published.