ആള്‍ട്ടോ പിന്നില്‍, വിപണിയില്‍ പ്രിയമേറുന്നത് മാരുതി സുസുക്കിയുടെ ഡിസയറിന്

ആള്‍ട്ടോ പിന്നില്‍, വിപണിയില്‍ പ്രിയമേറുന്നത് മാരുതി സുസുക്കിയുടെ ഡിസയറിന്

ആള്‍ട്ടോയെ പിന്തള്ളി മാരുതി സുസുക്കിയുടെ ഡിസയര്‍ മുന്നില്‍. കോംപാക്ട് സെഡാനായ ഡിസയറാണ് കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാര്‍. 2017 മെയ് മാസത്തിലാണ് പുതിയ ഡിസയര്‍ കമ്പനി പുറത്തിറക്കിയത്. ഓഗസ്റ്റില്‍ 26,140 യൂണിറ്റുകള്‍ ഡിസയര്‍ വിറ്റഴിക്കപ്പെട്ടു. എന്നാല്‍ ഓഗസ്റ്റില്‍ 21,521 യൂണിറ്റുകളാണ് ആല്‍ട്ടോ വിറ്റഴിക്കപ്പെട്ടത്. ഇതോടെ ഒരു ദശാബ്ദത്തിലേറെയായി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിച്ചുകൊണ്ടിരുന്ന മോഡലായ ആള്‍ട്ടോ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പഴയ ഡിസയര്‍ 15,766 യൂണിറ്റുകള്‍ മാത്രമായിരുന്നു വിറ്റുപോയത്. ആള്‍ട്ടോ 20,919 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു. മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബെലേനോയാണ് മൂന്നാം സ്ഥാനത്ത്. ബെലേനോയുടെ 17,190 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റുപോയത്. കോംപാക്ട് എസ്.യു.വിയായ വിറ്റാര ബ്രെസ 14,396 യൂണിറ്റുകള്‍ വിറ്റ് നാലാം സ്ഥാനത്തുണ്ട്. 13,907 യൂണിറ്റുകളുമായി വാഗണര്‍ അഞ്ചാം സ്ഥാനത്താണ്.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) വിവരങ്ങള്‍ പ്രകാരം രാജ്യത്ത് ഓഗസ്റ്റില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ പത്ത് കാര്‍ മോഡലുകളില്‍ ഏഴും മാരുതി സുസുക്കിയുടെതാണ്. ശേഷിച്ച മൂന്നെണ്ണം ഹ്യുണ്ടായ് മോട്ടോഴ്‌സിന്റെതുമാണ്.

Leave a Reply

Your email address will not be published.