ഖസാക്കിന്റെ ഇതിഹാസം വെള്ളിത്തിരയിലേക്ക്

ഖസാക്കിന്റെ ഇതിഹാസം വെള്ളിത്തിരയിലേക്ക്

മലയാളത്തിന്റെ നോവല്‍ സങ്കല്പങ്ങളെ മാറ്റിമറിച്ച ഒവി വിജയന്‍ നോവല്‍ ഖസാക്കിന്റെ ഇതിഹാസം വെള്ളിത്തിരയില്‍ എത്തുന്നു. പ്രശസ്ത സംവിധായകന്‍ രഞ്ജിത് ദൃശ്യഭാഷ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥാ രചന പൂര്‍ത്തിയായി. ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഖസാക്ക് എന്ന ഗ്രാമവും അവിടുത്തെ ഏകാദ്ധ്യാപക വിദ്യാലയത്തില്‍ അദ്ധ്യാപകനായി എത്തുന്ന രവി എന്ന ചെറുപ്പക്കാരനും അയാള്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും മിത്തുകളും അച്ഛന്റെ ഓര്‍മകളും തുടങ്ങി ഖസാക്കിലെ കരിമ്ബനക്കാടുകള്‍ വരെ എന്നും മലയാളി ജീവിതത്തിന്റെ ഭാഗമാണ്. നോവലിലെ പ്രശസ്ത കഥാപാത്രങ്ങളായ രവിയും അപ്പുക്കിളിയും അള്ളാപ്പിച്ചമൊല്ലാക്ക തുടങ്ങിയ നോവലിലെ പ്രധാന കഥാപാത്രങ്ങളെ ആരൊക്കെ സ്‌ക്രീനില്‍ അവതരിപ്പിക്കുമെന്ന കാര്യം വ്യക്തമല്ല.

മലയാള നോവല്‍ സാഹിത്യചരിത്രത്തെ ഖസാക്ക് പൂര്‍വ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവല്‍ വിശേഷിപ്പിക്കപ്പെടുന്നു.ഒവി വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തില്‍ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ശ്രേഷ്ഠമായ കൃതിയായി പരിഗണിക്കപ്പെടുന്നു.

Leave a Reply

Your email address will not be published.