ദുബായ് പൊലീസിന്റെ സാങ്കേതിക വിദ്യ ലോക ശ്രദ്ധ നേടുന്നു

ദുബായ് പൊലീസിന്റെ സാങ്കേതിക വിദ്യ ലോക ശ്രദ്ധ നേടുന്നു

ദുബായ്: സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള ജൈറ്റെക്‌സ് 2017 ല്‍ ശദ്ധിക്കപ്പെട്ട് ദുബായ് പൊലീസ്. പറക്കുന്ന ബൈക്ക്,റോബോട്ടിക് പെട്രോള്‍ വാഹനങ്ങള്‍, യന്ത്രപ്പോലീസ് എന്നിവയെല്ലാം പട്ടികയില്‍ ഇടം നേടിയിരിക്കുന്നു. അടിയന്തര സാഹചര്യങ്ങളില്‍
ഉപയോഗിക്കുന്ന ‘ഹൊവാര്‍സര്‍ഫ്’ എന്ന പറക്കും ബൈക്ക് തന്നെയാണ് പൊലീസുകാര്‍ക്കിടയിലെ പ്രധാനതാരം. ഒരാളെയും വഹിച്ചു കൊണ്ട് അഞ്ചു മീറ്റര്‍ ഉയരത്തില്‍വരെ പറക്കാന്‍ കഴിയുന്ന ബൈക്കിന് എവിടെയും ഗതാഗത തടസ്സം മറികടന്നു സുഗമമായി എത്താന്‍ സാധിക്കും. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ബൈക്ക് തുടര്‍ച്ചയായി 25 മിനിറ്റ് പറക്കുകയും ചെയ്യും.

കൂടാതെ അശ്രദ്ധമായി വണ്ടിയോടിക്കുന്നവരെ പിടികൂടുന്നതിനായി ഒരു സ്മാര്‍ട്ട് ബൈക്കും പ്രദര്‍ശനത്തിലുണ്ട്. സ്മാര്‍ട്ട് ബൈക്കിന് എട്ടു ക്യാമറകളുണ്ട്. നിയമലംഘനങ്ങളുടെ ഫോട്ടോകളും വിഡിയോകളും എടുത്ത് അപ്പോള്‍ത്തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമിലെത്തിക്കാന്‍ ഇതിനു സാധിക്കും. ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന ബൈക്കിന് മണിക്കൂറില്‍ പരമാവധി 200 കി. മീറ്ററാണ് വേഗം.

ഇത്തവണ നിരവധി സ്മാര്‍ട്ട് സംരംഭങ്ങളാണ് ദുബായ് പോലീസ് കാഴ്ചവെക്കുന്നതെന്നു സ്മാര്‍ട്ട് സേവന വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഖാലിദ് നാസ്സര്‍ അല്‍ റസൂഖി പറഞ്ഞു. ബയോമെട്രിക് സ്‌കാന്‍ അടക്കമുള്ള സംവിധാനങ്ങളുമായി കുഞ്ഞന്‍ പോലീസ് പെട്രോള്‍ കാറുകളും പ്രദര്‍ശനത്തില്‍ എത്തിച്ചിട്ടുണ്ട്. കളിപ്പാട്ടത്തിനു സമാനമായ കാര്‍ സംശയാസ്പദമായ വ്യക്തികളെ കുറിച്ച് പോലീസിന് വിവരം കൈമാറും.

Leave a Reply

Your email address will not be published.