സുജാത ഒരു സ്ത്രീയുടെ ഉദാഹരണമല്ല

സുജാത ഒരു സ്ത്രീയുടെ ഉദാഹരണമല്ല

‘ഉദാഹരണം സുജാത’ യെ ഈ വരികളില്‍ നിര്‍വചിക്കാം. അശ്വനി അയ്യര്‍ തിവാരി ‘നില്‍ ബാട്ടേ സന്നത’, ‘അമ്മ കണക്ക്’ എന്നീ പേരുകളില്‍ ഹിന്ദിയിലും തമിഴിലും സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ ‘ഉദാഹരണം സുജാത’യായപ്പോള്‍ അത് അനുവര്‍ത്തനത്തിനപ്പുറത്ത് മലയാളത്തിന്റെ ചിത്രമായി. തിരുവനന്തപുരം നഗരത്തിനോട് ചേര്‍ന്ന ഒരു കോളനിയില്‍ താമസിക്കുന്ന സുജാതയുടേയും മകള്‍ ആതിരയുടേയും സ്വപ്നങ്ങളും പ്രതീക്ഷകളും സംഘര്‍ഷഭരിതമായ തലമുറാനന്തരവിടവും വൈകാരികതയുടെ ദൃശ്യഭാഷയില്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.

അന്യഭാഷയില്‍ നിന്ന് കടം കൊണ്ട പ്രമേയമാണെങ്കിലും അത് തിരുവനന്തപുരമെന്ന തലസ്ഥാന/രാജനഗരിയുടെ മണ്ണിലേക്ക് ലയിപ്പിച്ചെടുക്കുന്നതില്‍ സംവിധായകന്‍ ഫാന്റം പ്രവീണും സംഘവും വിജയിച്ചിട്ടുണ്ട്. പുലര്‍ച്ചെ, ഉറക്കമുണര്‍ന്ന് എഴുന്നേറ്റ ഉടനെ വാടകമുറിയുടെ പുറത്ത് വന്ന് പ്രഭാതത്തിലേക്ക് പ്രതീക്ഷയോടെ നോക്കുന്ന സുജാതയുടെ ഒരു ഷോട്ട്. തൊട്ടടുത്ത നിമിഷം കുടിവെള്ളത്തിനായി ഓടുന്ന കോളനിവാസികളായ സ്ത്രീകളുടെ ശബ്ദത്തില്‍ പാതി മുറിയുന്ന സുഖകരമായ ഒരു നിമിഷത്തെ റിലാക്‌സേഷന്‍. യാഥാര്‍ഥ്യത്തിലേക്കുള്ള പതിക്കല്‍. സ്ഥലപരമായ അടയാളപ്പെടുത്തല്‍, ജീവിതത്തോടുള്ള സുജാതയുടെ താദാത്മ്യപ്പെടല്‍ ഇവയൊക്കെ ഏറ്റവും കുറഞ്ഞ ദൃശ്യങ്ങളിലൂടെ തന്നെ വ്യക്തമാക്കാന്‍ സംവിധായകന്‍ കഴിഞ്ഞു.

സ്ത്രീപക്ഷ സിനിമയെന്നോ, കുടുംബ സിനിമയെന്നോ ലേബലുകള്‍ ഇല്ലാതെ എത് മലയാളിക്കും രണ്ടു മണിക്കൂര്‍ സുജാത കണ്ടാസ്വദിക്കാന്‍ പറ്റും വരികള്‍ക്കിടയില്‍ പ്രേക്ഷകരോട് മിണ്ടാതെ മിണ്ടുന്ന സിനിമ. അവനവളുടെ വീടിന്റെ അകത്തേക്ക്, അമ്മയിലേക്ക്, ഭാര്യയിലേക്ക്, സഹോദരിയിലേക്ക് തിരിച്ചുവച്ച കണ്ണാടി പോലെ ജീവസ്സുറ്റ ഒരു പിടി മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ സിനിമയാണ് സുജാത. ഒരു പാട് കഥാപാത്രങ്ങളില്ല, സങ്കീര്‍ണമായ വളവുകളും തിരിവുകളുമില്ല. സുജാത എന്ന സ്ത്രീയുടെ / അമ്മയുടെ ജീവിതത്തെ പിന്‍തുടരുന്ന ഞലടൃേശരലേറ ചമൃൃമശേീി ചിത്രത്തിന്റെ ആഖ്യാനരീതിയെ ഏകാഗ്രമാക്കിയിരിക്കുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ഭദ്രം. രചന, സംവിധാനം, ചമയം, വസ്ത്രവിധാനം, എഡിറ്റങ്, സംഗീതം, കലാസംവിധാനം തുടങ്ങി എല്ലാ ഘടകങ്ങളും സിനിമയുടെ ടോട്ടാലിറ്റിയില്‍ ലയിച്ചു ചേര്‍ന്ന അനുഭവം സുജാത നല്‍കി.

ഈ സിനിമയില്‍ മഞ്ജു വാര്യര്‍ ഇല്ല.! സുജാത എന്ന കഥാപാത്രം മാത്രം. നിരവധി വീടുകളില്‍ വീട്ടുപണിയും അതു കൂടാതെ മറ്റു ചെറുകിട സംരംഭങ്ങളിലുമൊക്കെയായി രാപ്പകല്‍ ഓടിനടന്ന് ജോലി ചെയ്യുന്ന, ഒരു നിമിഷം പോലും ശ്വാസം വിടാന്‍ കഴിയാത്ത രീതിയില്‍ ആധിയും ആകുലതയുമായി നെട്ടോട്ടമോടുന്ന സുജാതയെ മഞ്ജു വാര്യര്‍ ആത്മാവുള്‍ക്കൊണ്ട് അഭിനയിച്ചിരിക്കുന്നു. ‘Acting is not about being famous.its about exploring the human osul’ എന്ന ആനറ്റ് ബീയിങ്ങിന്റെ വാചകം ഓര്‍മിപ്പിക്കുന്ന പ്രകടനം.

വിയര്‍പ്പും എണ്ണയും പുരണ്ട മുഖം, നിരന്തരം ജോലിയും വിശ്രമമില്ലായ്മയും ഡീഗ്ലാമറൈസ് ചെയ്ത പെണ്‍മുഖം. സാരി അല്‍പം കയറ്റി ഉടുത്ത്, വള്ളി ചെരുപ്പിട്ട്, ഒരു കുഞ്ഞു വട്ടപ്പൊട്ടും തൊട്ട്, ബാസ്‌കറ്റുമെടുത്ത് പുലര്‍ച്ചെ ജോലി കിറങ്ങുന്ന സുജാത, മധ്യവര്‍ഗ മലയാളിക്ക് ‘മെലോ ഡ്രാമാറ്റിക്’ കഥാപാത്രമായി തോന്നുന്നു എന്നത് ഈ ചിത്രത്തിന്റെ വിജയമായി കണക്കാക്കണം. നമ്മുടെ കണ്ണിലെ ആ കാഴ്ചാ വ്യതിയാനമാണ് ഈ സിനിമയുടേയും കാതല്‍. നമുക്ക് തൊട്ടുമുമ്പില്‍ കടന്നു പോയ തലമുറയോട് നമുക്ക് തോന്നുന്ന ഇതേ മനോഭാവമാണ് സുജാതയുടെ മകള്‍ ആതിരക്കും അമ്മയോട് തോന്നുന്നത്.

ആ തലമുറ ആധിപിടിച്ച്, സ്വപ്നം കണ്ട്, ലോണെടുത്തും കടം മേടിച്ചും മക്കളെ പഠിപ്പിച്ച്, വീടുവെച്ച് സുരക്ഷിതമാക്കിയ തലമുറയാണ് ഇന്നത്തെ മലയാളി മധ്യവര്‍ഗം. ഉറക്കെയും തുറന്നും സംസാരിക്കുന്ന, അല്പം ‘ലൗഡ്’ ആയി പെരുമാറുന്ന സ്വഭാവം തന്നെയാണ് മലയാളിയുടേത്. തമിഴന് അല്‍പം കൂടി ഏറും ഈ ഭാവഹാവാദികള്‍. എത്ര ടൗയഹേല ആയി അഭിനയിക്കുമ്‌ബോഴും പ്രേക്ഷകന് അനുഭവവേദ്യമാകേണ്ടുന്ന ഒരളവ് നടന്/ നടിക്ക് തിട്ടമുണ്ടാകണം. ഉദ്ദേശിച്ച വൈകാരികാംശം വിനിമയം ചെയ്യുക എന്നതാണ് ആ സന്ദര്‍ഭത്തില്‍ അഭിനയത്തിന്റെ അളവ്.ആ അര്‍ഥത്തില്‍ ഒട്ടും മെലോഡ്രാമയില്ലാതെ മഞ്ജു അഭിനയിച്ചിരിക്കുന്നു. ‘ടേക്ഓഫ് ‘ലെ പാര്‍വതിക്കൊപ്പം ഈ വര്‍ഷത്തെ മികച്ച ഒരു അഭിനയ പ്രകടനം.

സുജാതയുടെ മകള്‍ മിടുക്കിയാണെങ്കിലും ലക്ഷ്യബോധമില്ലായ്മ, വേലക്കാരിയുടെ മകള്‍ വേലക്കാരിയായാല്‍ മതിയെന്ന മുന്‍വിധി തുടങ്ങിയവയെല്ലാം കൂടി ജീവിതത്തെ അശുഭാപ്തി വിശ്വാസത്തോടെ കാണുന്ന പെണ്‍കുട്ടിയാണ് ആതിര. അതിന് സുജാത കാണുന്ന പരിഹാരമാര്‍ഗമാണ് കഥയുടെ ട്വിസ്റ്റ്. ആതിരയായി വേഷമിട്ട അനശ്വര കൈയ്യടി നേടുന്ന പ്രകടനത്തിലൂടെ ചിത്രത്തിലുടനീളം മഞ്ജുവിനൊപ്പം നില്‍കുന്നു. കണക്ക് മാഷ് ശ്രീകുമാര്‍ എന്ന ‘കുതിര’യെ തിരശ്ശീലയില്‍ കണ്ടിരിക്കുക രസകരമാണ്! ജോജു ജോര്‍ജ് തന്റെ ശരീരഭാഷയിലൂടെ, കൃത്യമായ ഭാവ/സംഭാഷണ കൗശലം കൊണ്ട് ‘കുതിര’യെ അസ്സലായി അവതരിപ്പിച്ചിരിക്കുന്നു.

ഏറ്റവും പ്രധാനപ്പെട്ടത് സുജാതയുടെ ഒറ്റമുറി വീടു തന്നെ. കോളനിയിലെ ഈ കൊച്ചു ഇടത്തെ അര്‍ത്ഥപൂര്‍ണമായ വെളിച്ച പ്രസരണം കൊണ്ട് ഹൃദയ സ്പര്‍ശിയായ അനുഭവമാക്കിയിരിക്കുന്നു മധു നീലകണ്ഠന്‍. വീടിന് പുറത്ത് കത്തി നില്ക്കുന്ന തെരുവ് വിളക്കിന്റെ ‘Source’, സുജാതയുടെ വീട്ടിനകത്തു തീര്‍ക്കുന്ന ഊഷ്മളമായ (warm) അന്തരീക്ഷം, നിഴലുകള്‍ ഗംഭീരമെന്ന് പറയാതെ വയ്യ. സുജാതയുടെ അമ്മ മനസിന്റെ കനല്‍ വെളിച്ചം കുടിയായി മാറുന്നു അത്.

ഒരു നെരിപ്പോടിന്റെ ഇടുക്കത്തില്‍ ഒരുക്കപ്പെട്ട കൊച്ചുമുറിയില്‍ പകലും രാത്രിയും ഭാവാത്മകമായി ലൈറ്റിംഗ് നടത്താന്‍ മധു ഉപയോഗിച്ച ഈ സങ്കേതം ഉഗ്രനായി. ഹൃദയം കൊണ്ട് കാഴ്ച കാണുന്ന കണ്ണ്.! കൂടുതലും ക്ലോസ്, മിഡ് ഷോട്ടുകളിലാണ് കഥ പറച്ചില്‍. ‘ബാലന്‍സ്ഡ് ‘ആയ ഫ്രെയിമിംഗുകള്‍ സന്ദര്‍ഭോചിതമായി un balanenced ആക്കിയും മധു നീലകണ്ഠന്‍ ആശയ വിനിമയം നടത്തുന്നു. സുജാതക്ക് ചെയ്തു കൊണ്ടിരുന്ന ഓഫീസ് തൂപ്പുജോലി നഷ്ടപ്പെടുന്ന രംഗത്തില്‍, അവരുടെ അരക്ഷിതാവസ്ഥ കാണിക്കാന്‍, ക്യാമറ ഹാന്‍ഡ് ഹെല്‍ഡ് ചെയ്ത്, അനുപാതം തെറ്റിച്ചത് കാണാം. സുജാതയും ആതിരയും തമ്മിലുള്ള വാക്കേറ്റം/തര്‍ക്കം ഈ രംഗങ്ങളിലും ഈ രീതി മധു തുടരുന്നു.

നാലു രചയിതാക്കള്‍ പാട്ടെഴുതിയിട്ടും ചിത്രത്തിന്റെ മ്യുസിക് ട്രാക്കിന് ഏകാഗ്രതയുണ്ട്. ക്ലാസിക്കല്‍, ഫോക്, മെലഡി എന്നിവയുടെ ഉചിതമായ ഉപയോഗം ചിത്രത്തിന്റെ ഒഴുക്കിനെ സുഗമമാക്കിയിരിക്കുന്നു. വരികളെല്ലാം ചിത്രത്തിന്റെ പ്രമേയത്തിനൊത്തുള്ളത്.സുജാതയുടെ തീം സോങ്ങിന്റെ വരികള്‍ ‘ഏതു മഴയിലുമാളുമൊരു തിരിനാളം’ ഹരി നാരായണന്‍ ഗംഭീരമാക്കി. ചിത്രത്തിനകത്ത് ചില കോംപ്രമൈസുകള്‍, കുറവുകള്‍ ഉണ്ട് എന്നതും വാസ്തവമാണ്. പക്ഷേ ചിത്രം കാണുന്ന കാണിയെ അത് ബോറടിപ്പിക്കുകയോ അലോസരപ്പെടുത്തുകയോ ചെയ്യുന്നില്ല. ആതിര തന്റെ സ്വപ്ന നായകനായി കാണുന്നത് ദുല്‍ഖര്‍ സല്‍മാനായാണ്. ചിത്രത്തില്‍ സംഭാഷണമായും ചിത്രങ്ങളായും ഫാന്‍സ് ക്ലബായും ദുല്‍ഖര്‍ സാന്നിധ്യമുണ്ട്. ആതിര പ്രതിനിധീകരിക്കുന്ന ഇന്നത്തെ തലമുറയുടെ ‘യൂത്ത് ഐക്കണ്‍’ എന്ന നിലയില്‍ ആ സൂചകം ഉചിതമാണ്. എന്നാല്‍ ഇത് പല സന്ദര്‍ഭങ്ങളിലും ആവര്‍ത്തിക്കുന്നു. ടി.വിയില്‍ ദുല്‍ഖര്‍ ഗാനങ്ങള്‍ ഇടക്കിടെ കടന്നു വരുന്നത് മനപൂര്‍വ്വവും യുക്തിക്കു നിരക്കാത്തതുമായി അനുഭപ്പെടുന്നു.

ഈ ചിത്രം കുടുംബത്തോടൊപ്പം കാണുക. മകന്/മകള്‍ക്ക് അമ്മയുടെ മനസ് വായിച്ചെടുക്കാന്‍ ഈ സിനിമ കാണുമ്‌ബോ, വെറുതെ ഒന്ന് പാളി നോക്കിയാല്‍ മതി. നിത്യവും മുന്നിലൂടെ തിരക്കിട്ട് പോകുന്ന തൊഴിലാളികളെ കാണുമ്‌ബോ, ഒന്നു ശ്രദ്ധിക്കാന്‍ ‘ ഉദാഹരണം സുജാത’ പ്രേരണ നല്കുന്നുണ്ട്.നമ്മുടെ കാഴ്ചയില്‍ നിന്ന് ഫ്രെയിം ഔട്ടായവര്‍ ഫെയിം ഇന്‍ ആയി വരുന്നു. മനസ്സില്‍ അവരുണ്ടെങ്കില്‍ ഫ്രെയിമിലും അവരുണ്ടാവും.  അതുകൊണ്ട് സുജാത ഒരു സ്ത്രീയുടെ ഉദാഹരണമല്ല, സമൂഹത്തിന്റേതാണ്.

Leave a Reply

Your email address will not be published.