പുള്ളിക്കാരന്‍ സ്റ്റാറാ…

പുള്ളിക്കാരന്‍ സ്റ്റാറാ…

ഇദ്ദേഹമാണ് ഷാജി. പേരാവൂരിനടുത്തുള്ള ഗവണ്‍മെന്റ എല്‍ പി സ്‌കൂളിലെ അദ്ധ്യാപകന്‍. അദ്ധ്യാപനം എന്നാല്‍ ഒരു തൊഴിലിനപ്പുറം ഒരു കര്‍ത്തവ്യം കൂടിയാണ് എന്ന പൂര്‍ണ്ണ ബോധ്യമുള്ള ചുരുക്കം ചില അദ്ധ്യാപകരില്‍ ഒരാള്‍. അദ്ധ്യാപകന്‍ മാത്രമല്ല ഒരു നല്ല ഫുട്‌ബോള്‍ കളിക്കാരനും പരിശീലകനും കൂടിയാണ് ഇദ്ദേഹം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ രക്ഷാധികാരി  ബൈജുവിനെപ്പോലെ ചിലപ്പോള്‍ അതിനേക്കാള്‍. നാട്ടുകാരില്‍ ചിലര്‍ക്ക് ഇദ്ദേഹമൊരു ഫുട്‌ബോള്‍ പ്രാന്തന്‍, മറ്റു ചിലര്‍ക്ക് ആരാധനാ കഥാപാത്രം.

ഒരു കാലത്ത് ഒരു ക്ലാസില്‍ അന്‍പതിനു മുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന കുനിത്തല വിദ്യാലയം മൂന്ന് വര്‍ഷം മുന്‍പ് തകര്‍ച്ചയുടെ വക്കിലായിരുന്നു. ഒരു ക്ലാസില്‍ നാലോ അഞ്ചോ വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു ഇവിടെ പഠിച്ചിരുന്നത്. പക്ഷെ ഈ വര്‍ഷം ഒന്നാം ക്ലാസില്‍ ഇരുപത്തിനാല് വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത് അതിനു കാരണം ഈ അദ്ധ്യാപകന്റെ കഠിന പരിശ്രമമാണ്. കുനിത്തല അദ്ദേഹത്തിന്റെ സ്വന്തം നാടല്ലാഞ്ഞിട്ടുപോലും കുനിത്തലയിലെ ജനങ്ങളുടെ സന്തോഷത്തിലും സങ്കടത്തിലും പങ്കാളിയാണ് ഈ അദ്ധ്യാപകന്‍.

എന്താണ് അദ്ധ്യാപന വൃത്തി ?

കാര്യങ്ങള്‍ കുട്ടികളെ വ്യത്യസ്തമായ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും അതോടൊപ്പം കാര്യങ്ങള്‍ വ്യത്യസ്ത വീക്ഷണങ്ങളിലൂടെ നോക്കികാണാനുള്ള കഴിവ് കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുന്നതുമാണ് അദ്ധ്യാപനവൃത്തി

എന്തായിരിക്കണം ഒരു വിദ്യാലയം?

ഒരു വിദ്യാലയം എന്നത് ആ നാടിന്റെ കണ്ണാടിയാണ്. ആ കണ്ണാടിയില്‍ കാണുന്ന പ്രതിബിംബം മെച്ചപ്പെടുത്തേണ്ടത് ഓരോ അദ്ധ്യാപകന്റേയും നാട്ടുകാരുടേയും കര്‍ത്തവ്യമാണ്.

സാറിന്റെ വീട് ഈ വിദ്യാലയത്തില്‍ നിന്നും എത്രയോ അകലെയാണ് ഇത്രയും സമയം സകൂളിന് വേണ്ടി ചിലവഴിച്ചാല്‍, താങ്കളൊരു അധ്യാപകനോടൊപ്പം ഒരു ഭര്‍ത്താവും അച്ഛനും കൂടിയാണ്. താങ്കള്‍ക്ക് എങ്ങനെ എല്ലാം കൂടി ഒത്തു പോകാന്‍ സാധിക്കുന്നു?

ഈ വിദ്യാലയം എന്റെ കുടുംബത്തിന്റെ വിദ്യാലയം കൂടിയാണ്. എന്റെ മകള്‍ മുന്‍പ് പഠിച്ചിരുന്നത് ഒരു ഇംഗ്ലിഷം മീഡിയം വിദ്യാലയത്തിലാണ് അവിടെ നിന്ന് ഞാന്‍ ടി.സി വാങ്ങി ഈ വിദ്യാലയത്തില്‍ ചേര്‍ത്തു. അപ്പോള്‍ എന്റെ കുട്ടിയുടേത് കൂടി ആയി ഈ വിദ്യാലയം. ഒപ്പം എന്റെ ഭാര്യയെ ഈ വിദ്യാലയത്തിലെ എല്ലാ പരുപാടികളിലും പങ്കാളി ആക്കാറുണ്ട്. കാര്യങ്ങള്‍ അവയുമായി ചര്‍ച്ച ചെയ്യാറുണ്ട്. അങ്ങനെ പഠിപ്പിക്കുന്ന വിദ്യാലയം എന്റെ കുടുംബത്തിന്റെ വിദ്യാലയമായാല്‍ പിന്നെ പ്രശ്‌നം ഒന്നും ഉണ്ടാകില്ല.

സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ തുടര്‍ച്ചയായി വൈകുന്നേരം 7.30 വരെ നാട്ടുകാരായ കുട്ടികള്‍ക്ക് സര്‍ ഫുട്‌ബോള്‍ പരിശീലനം കൊടുക്കാറുണ്ട് ഒരു സാമ്പത്തിക നേട്ടവും ഇല്ലാതെ ഈ പ്രവര്‍ത്തിയിലൂടെ സര്‍ ലക്ഷ്യമിടുന്നത് എന്താണ്?

ഞാന്‍ സാമ്പത്തികമായി ഒരു നേട്ടവും പ്രതിക്ഷിച്ചല്ല കുട്ടികള്‍ക്ക് പരിശീലനം നല്‍കാറ്. കായികമായി അവരെ വളര്‍ത്തുന്നതോടൊപ്പം ആ കുട്ടികളില്‍ ഒരാള്‍ അവന്റെ രക്ഷിതാവിനോട് എനിക്ക് കുനിത്തല സ്‌കൂളില്‍ പഠിക്കണം എന്ന് പറഞ്ഞാല്‍ അതാണ് എന്റെ വിജയം.

പരിശീലിപ്പിക്കുന്ന കുട്ടികളെ ദൂരദേശങ്ങളില്‍ സ്വന്തം കാശുമുടക്കിപ്പോലും മത്സരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഏതറ്റം വരെ പോകാനും താങ്കള്‍ക്ക് പ്രേരണയാകുന്നത് ഏന്താണ്?

ഞാനൊക്കെ എന്റെ ചെറുപ്പകാലത്ത് ഒരു പിന്‍തുണയും കിട്ടാതെ സമൂഹത്തിന്റെ താഴേത്തട്ടില്‍ ആഗ്രഹങ്ങളും അടക്കിപ്പിടിച്ച് എന്തിന് സ്വപ്നം കാണാന്‍ പോലും പേടിച്ച് കടന്നു പോയവരാണ്. എന്റെ ചെറുപ്പകാലത്ത് തന്നെ എന്റെ അച്ഛന്‍ മരിച്ചിരുന്നു.അമ്മ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളര്‍ത്തിയത്. എനിക്കറിയാം ഓരോ കുട്ടിയേയും അവരുടെ ഓരോ സ്വപ്നങ്ങളും അതിലൊന്നെങ്കിലും സാധിച്ചു കൊടുക്കാല്‍ കഴിഞ്ഞാല്‍ ആ സ്വപ്നത്തിന്റെ അടുത്തെങ്കിലും അവരെ എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് എനിക്ക് വലിയ കാര്യമാണ്.
നൂറിനടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെയും വൈകുന്നേരവും ഒരു സ്‌ക്കൂള്‍ അദ്ധ്യാപകന്‍, ഫുഡ്‌ബോള്‍ പരിശീലനം കൊടുക്കുക എന്ന് പറഞ്ഞാല്‍ ചെറിയ കാര്യമല്ലല്ലേ, എങ്ങനെ കഴിയുന്നു ഇങ്ങനെയൊക്കെ?

അതൊക്കെ ചെറിയ കാര്യമാണ്. ഇതിന്റെയൊക്കെ മുകളില്‍ കാര്യങ്ങള്‍ ചെയ്യുന്നവര്‍ നമ്മുടെ ഈ സമൂഹത്തില്‍ തന്നെയുണ്ട് അവരെയൊന്നും ആരും കാണുന്നില്ല എന്നേയുള്ളൂ. ഇടയ്‌ക്കെങ്കിലും നമ്മള്‍ ഒന്ന് ചുറ്റും നോക്കണം കാണാന്‍ കഴിയും പലരെയും.

എങ്ങനെ ചുരുക്കം കാലം കൊണ്ട് കുനിത്തല സ്‌ക്കൂളില്‍ ഇത്രയും വിദ്യാര്‍ത്ഥികളെ വര്‍ധിപ്പിക്കാന്‍ താങ്കള്‍ക്ക്് എങ്ങനെ കഴിഞ്ഞു?

നാട്ടുകാരും രക്ഷിതാക്കളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കാന്‍ എന്തം ശ്രമിക്കാറുണ്ട്. എന്റെ മാത്രമല്ല പി.ടി.എയുടേയും നാട്ടുകാരുവും പിന്‍തുണയും പരിശ്രമവും കൂടിയാണ് ഇന്ന് ഈ വിദ്യാലയം പുനര്‍ജനിക്കാന്‍ കാരണം. അതോടൊപ്പം സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ നയവും ഒരു പ്രധാന ഘടകമാണ്.

വായനാശീലം വര്‍ധിപ്പിക്കാന്‍ വേണ്ടി താങ്കളുടെ ‘പുസ്തകവണ്ടി’ എന്ന ആശയം എത്രത്തേളം ഫലംകണ്ടു?

ഇന്നത്തെ സമൂഹത്തില്‍ കുറഞ്ഞു വരുന്ന ഒന്നാണ് വായനാശീലം. എന്റെ കുട്ടിക്കാലത്ത് ഒരു ബാലരമ്മയോ പുസ്തകമോ ഇല്ലാതെ ഭക്ഷണം കഴിക്കാന്‍ പോലും പറ്റില്ല. അത്രയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ ഒരു പുസ്തകം നിര്‍ബന്ധമായിരുന്നു. പക്ഷെ ഇന്ന് പുസ്തകങ്ങള്‍ക്കു പകരം ടി.വികള്‍ സ്ഥാനം പിടിച്ചു. കുട്ടികള്‍ കഥ കേട്ട് വളരണം എന്നാണ് പറയാറ് പക്ഷെ ഇന്ന് കഥകള്‍ പറയാന്‍ അമ്മമാര്‍ക്ക് സമയമില്ല. ന്യൂക്ലിയര്‍ ഫാമിലി ആയത് കൊണ്ട് മുത്തശ്ശിമാരുമില്ല. കുട്ടികളുടെ വായനക്കുറവിന്റെ കാരണം അമ്മമാരുടെ വായനക്കുറവ് തന്നെയാണ്. അമ്മമാര്‍ക്ക് കഥയറിയില്ല എന്നതാണ് ഒരു വശം. കഥയ്ക്ക് കുറേ ആത്മീയ വശങ്ങളുണ്ട്, കുറേ തിരിച്ചറിവ് കിട്ടുന്ന കാര്യങ്ങള്‍ ഉണ്ട് .പല അമ്മമാര്‍ക്കും വായിക്കാന്‍ താല്‍പര്യമുണ്ട് പക്ഷെ സാഹചര്യങ്ങള്‍ അതിന് അനുവദിക്കുന്നില്ല അതാണ് സത്യം. അമ്മമാരുടെ വായനാശീലം വര്‍ധിപ്പിക്കാനാണ് പുസ്തകവണ്ടി ആരംഭിക്കാന്‍ കാരണം. ‘പുസ്തകം അമ്മമാരെ തേടി’.

അദ്ധ്യാപകര്‍ രാഷ്ട്രീയക്കാരായി മാറുമ്പോള്‍?

അദ്ധ്യാപകര്‍ ഒരിക്കലും അവരുടെ ആശയങ്ങള്‍ വിദ്യാത്ഥികളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത് അത് ചെയ്യുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.
രക്ഷിതാക്കളുടെ അമിത ലാളന?

പല കഷ്ടപ്പാടുകളാല്‍ വളര്‍ന്നു വന്ന രക്ഷിതാക്കള്‍ സ്വാഭാവികമായും അവരുടെ മക്കള്‍ അത്തരം കഷ്ടപ്പാടുകള്‍ അനുഭവിക്കരുതെന്ന അമിത ആഗ്രഹമാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണം. രക്ഷിതാക്കള്‍ കുട്ടികളെ ലാളിച്ച് പെട്ടെന്നൊരു ദിവസം അവര്‍ ഏതെങ്കിലുമൊരു പ്രതിസന്ധി നേരിടുമ്പോള്‍ അവിടെ അവര്‍ തകര്‍ന്നു പോകുന്നു. ഞാനൊക്കെ പഠിക്കുമ്പോള്‍ അധ്യാപകര്‍ എന്നെയൊക്കെ അടിക്കും. ബഞ്ചിന്റെ മുകളില്‍ കയറ്റി നിര്‍ത്തും. അത്തരം സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നത് പ്രശ്‌നത്തെ നേരിടാനുള്ള കഴിവാണ് നൂറു മീറ്റര്‍ ദൂരമുള്ള സ്‌ക്കൂളില്‍ കുട്ടികളെ വണ്ടിയില്‍ വിടുന്ന രക്ഷിതാക്കളെ എങ്ങക്കറിയാം. അമിത ലാളനയാണ് അതിന് കാരണം. ഇതൊക്കെ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

Leave a Reply

Your email address will not be published.