ഇന്ന് ലോക ബാലികാദിനം…..

ഇന്ന് ലോക ബാലികാദിനം…..

ഇന്ന് ലോക ബാലികാദിനം….. പെണ്‍കുട്ടികള്‍ക്കായി ഒരു ദിനം. എണ്ണമറ്റ അനേകം ദിനാചാരണങ്ങള്‍ക്കൊപ്പം കടന്നുപോകാവുന്നത് തന്നെ. പക്ഷേ അവസര സമത്വവും തുല്യ നീതിയും അതിക്രമങ്ങള്‍ക്കെതെരായ പ്രതിരോധവുമെല്ലാം പുതിയകാലത്തും സജീവ ചര്‍ച്ചയാവുന്ന സന്ദര്‍ഭത്തിലാണ് ഈ ദിനം അതിന്റെ പ്രാധാന്യം സ്വയം അടയാളപ്പെടുത്തുന്നത്.

പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, അവര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിക്ഷേധിക്കുന്നതിനെതിരെ ബോധവത്കരണം നടത്തുക എന്നിവയാണ് അന്താരാഷ്ട്ര ബാലികാ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ലോകജനസംഖ്യയുടെ നാലിലൊരുഭാഗം പെണ്‍കുട്ടികളാണ്. ഇവരാണ് മനുഷ്യസമൂഹത്തിന്റെ വര്‍ത്തമാനത്തെയും ഭാവിയെയും രൂപപ്പെടുത്തുന്ന നിര്‍ണായകമായ ഒരു ഘടകം. അതേസമയം, ലോകത്ത് പല തരത്തിലുള്ള വിവേചനങ്ങളും വേര്‍തിരിവുകളും അക്രമങ്ങളും പെണ്‍കുട്ടികള്‍ക്ക് നേരെ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ശൈശവ വിവാഹം പോലുള്ള അനാചാരങ്ങളുടെയും ബാലവേലയുടെയും ഇരകള്‍ കൂടുതലും പെണ്‍കുട്ടികളാണ്. 2012ല്‍ മാത്രം 13 ലക്ഷം കൗമാരക്കാരാണ് ചികിത്സിച്ചു ഭേദമാക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍കൊണ്ട് മരണപ്പെട്ടത്.

പെണ്‍കുട്ടികളുടെ ദിനമായി ഒക്ടോബര്‍ 11 ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്തത് 2011ലാണ്. 2012ല്‍ ആദ്യ ദിനം ആഘോഷിച്ചു. ശിശുവിവാഹം അവസാനിപ്പിക്കുക എന്നതായിരുന്നു ആ ദിവസത്തെ മുദ്രാവാക്യം. ‘കുമാരിമാരുടെ ശാക്തീകരണം, ലക്ഷ്യം 2030’ എന്ന 2015ലെ മുദ്രാവാക്യം തന്നെയാണ് ഇക്കൊല്ലത്തെയും മുദ്രാവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഭാരതത്തില്‍ എല്ലാ വര്‍ഷവും ജനവരി 24 പെണ്‍കുട്ടികള്‍ക്കായുള്ള ദേശീയ ദിനമായി ആചരിച്ചുവരുന്നു.

ദിവസം 39,000 ശിശു വിവാഹങ്ങള്‍ ലോകത്ത് നടക്കുന്നുണ്ടെന്നാണ് കണക്ക്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം വികസ്വര രാജ്യങ്ങളിലെ 15നും 19നും ഇടയ്ക്കു പ്രായമുള്ള പെണ്‍കുട്ടികളുടെ മരണത്തിനുള്ള പ്രധാന കാരണം ചെറുപ്രായത്തിലുള്ള ഗര്‍ഭധാരണവും പ്രസവവുമാണ്. ലോകത്ത് ബാലവേശ്യാവൃത്തിയില്‍ ഇന്ത്യയാണ് ഏറ്റവും മുന്നില്‍. ദശലക്ഷക്കണക്കിന് കാണാതായ കൗമാരക്കാരുടെ പട്ടികയിലും ഒന്നാമത് ഇന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികളാണ്. പെണ്‍ഭ്രൂണഹത്യയില്‍ മാത്രം പ്രതിവര്‍ഷം ഒരുലക്ഷത്തോളം പെണ്‍കുഞ്ഞുങ്ങളാണ് പ്രസവത്തിന് മുന്‍പായി ഗര്‍ഭത്തില്‍ വച്ചു തന്നെ ഇവിടെ കൊല ചെയ്യപ്പെടുന്നത്. അതേസമയം ബാലവിവാഹത്തിലേക്കും കൗമാരകാലത്തിലെ പ്രസവത്തിലേക്കും നയിക്കുന്ന ഘടകങ്ങള്‍ മറ്റൊരു തരത്തില്‍ പ്രബലമായി നില്‍ക്കുന്നു. അത് ദാരിദ്ര്യം, ലിംഗവിവേചനം, അതിക്രമം, നിര്‍ബന്ധിത വിവാഹം, വിദ്യാഭ്യാസക്കുറവ്, അവകാശ സംരക്ഷണത്തിലെ പാളിച്ചകള്‍ എന്നിങ്ങനെ നിരവധിയാണ്.

ലോകമാകെ നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ 50% വും പതിനഞ്ചോ അതില്‍ താഴെയോ പ്രായമുള്ള പെണ്‍കുട്ടികളുടെ നേര്‍ക്കാണ്. പത്തിലൊരാള്‍ എന്ന കണക്കില്‍ പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന്റെ ഇരകളാണ്. ലോകത്ത് കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഏറ്റവുമധികമുള്ള രാജ്യമാണ് ഇന്ത്യ. ഇവരുടെ കഴിവുകളെ കൃത്യമായി വിനിയോഗിക്കാനോ പരിപൂര്‍ണമായി ആത്മവിശ്വാസമുള്ള പൗരന്മാരാക്കി മാറ്റുന്നതിനോ ഇന്ത്യന്‍ സമൂഹത്തിനു ഇനിയും കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ഇരുപതു വര്‍ഷമായി ലോകജനസംഖ്യയില്‍ പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞുവരുകയാണ്. 15 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളില്‍ 100 പെണ്‍കുട്ടികള്‍ക്ക് 105 ആണ്‍കുട്ടികള്‍ എന്നതാണ് ലോകത്തിലെ ജനസംഖ്യാ കണക്ക്. ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യങ്ങളായ ചൈനയിലും ഇന്ത്യയിലും പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് സംഭവിക്കുന്നത്. 2011 സെന്‍സസ് പ്രകാരം ആറു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 918 പെണ്‍കുട്ടികള്‍ എന്നതാണ് ഇന്ത്യയിലെ കണക്ക്. ചൈനയുടെ ഗ്രാമപ്രദേശങ്ങളില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 794 പെണ്‍കുട്ടികളും. മുമ്ബ് ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളുടെ എണ്ണം കൂടുതലായിരുന്ന കേരളത്തില്‍ പോലും അടുത്ത കാലത്തായി കുറവ് സംഭവിച്ചുകൊണ്ടിരിക്കുന്നു. 2011ലെ സെന്‍സസ് പ്രകാരം ആറു വയസ്സിന് താഴെ പ്രായമുള്ള കുട്ടികളില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 959 പെണ്‍കുട്ടികള്‍ എന്നതാണ് കേരളത്തിലെ നിരക്ക്.

1994 കെയ്‌റോ കോണ്‍ഫറന്‍സിനെത്തുടര്‍ന്നാണ് കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ ലോകസമൂഹം ഗൗരവമായി കാണാന്‍ തുടങ്ങിയത്. തുടര്‍ന്ന് ഇവരെ ഉദ്ദേശിച്ച് വിവിധ പദ്ധതികള്‍ എല്ലാ രാജ്യത്തും ആവിഷ്‌കരിക്കപ്പെട്ടു. അവയിലധികവും സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കുട്ടികളെ ഉദ്ദേശിച്ചുള്ളവയാണ്. എന്നിരുന്നാലും പെണ്‍കുട്ടികള്‍ മാത്രം നേരിടുന്ന പ്രശ്‌നങ്ങള്‍ അര്‍ഹമായ ഗൗരവത്തോടെ പരിഗണിക്കപ്പെടാറില്ല. പെണ്‍കുട്ടികളില്‍ തന്നെ വിവാഹാനന്തരം പഠനം തുടരാന്‍ കഴിയാതെ വന്നവരും ദാരിദ്ര്യം കാരണം തൊഴില്‍ തേടാന്‍ നിര്‍ബന്ധിതരായവരും പഠനത്തില്‍ പിന്നാക്കമായതിനാല്‍ പഠനമുപേക്ഷിച്ചവരും മറ്റും നേരിടുന്ന പ്രശ്‌നങ്ങള്‍ വ്യത്യസ്തമാണ്. അവയും പരിഹാരമര്‍ഹിക്കുന്നുണ്ട്.

മുന്‍വിധിയോടെ പ്രശ്‌നങ്ങളെ വിലയിരുത്തുന്നതിന് പകരം യഥാര്‍ഥ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവയില്‍ ഇടപെടാന്‍ കഴിയണം.
അവള്‍ക്ക് തുല്യനീതി ഉറപ്പുവരുത്തുക. അവളില്‍ അന്തര്‍ഗതമായ ചേതനകളെ അറിവും അനുബന്ധ വിഭവങ്ങളും കൊണ്ട് ശാക്തീകരിക്കുക. ഭവനങ്ങളില്‍, സ്‌കൂളില്‍, പൊതുനിരത്തുകളില്‍, യാത്രാവേളകളില്‍, മറ്റു പൊതു ഇടങ്ങളില്‍. . . . അങ്ങനെ എല്ലാ മേഖലകളിലും ആത്മവിശ്വാസത്തോടെ ഇടപെടാനുള്ള അവസരം ഒരുക്കണം.

Leave a Reply

Your email address will not be published.