വിധവയെ വിവാഹം ചെയ്താല്‍ സര്‍ക്കാര്‍ വക 2 ലക്ഷം രൂപ

വിധവയെ വിവാഹം ചെയ്താല്‍ സര്‍ക്കാര്‍ വക 2 ലക്ഷം രൂപ

വിധവകളുടെ പുനര്‍ വിവാഹം പ്രോത്സാഹിപ്പിക്കാന്‍ നടപടികളുമായി സര്‍ക്കാര്‍ രംഗത്ത്. മധ്യപ്രദേശ് സര്‍ക്കാരാണ് വിധവകളെ വിവാഹം ചെയ്യുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. രണ്ട് ലക്ഷം രൂപയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ വിധവകളെ വിവാഹം ചെയ്യുന്നവര്‍ക്ക് നല്‍കുക. പ്രതിവര്‍ഷം ആയിരം വിധവകളെയെങ്കിലും പുനര്‍ വിവാഹം കഴിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ പദ്ധതിയുടെ ലക്ഷ്യം. 45 വയസ്സില്‍ താഴെ പ്രായമുള്ള വിധവകളെയായിരിക്കണം വിവാഹം ചെയ്യുന്നത്.

മധ്യപ്രദേശ് സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പാണ് പദ്ധതിയുമായി രംഗത്ത് വരുന്നത്. വിധവകളുടെ പുനര്‍വിവാഹക്കാര്യത്തില്‍ എന്ത് ചെയ്യാനാകുമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. 1856 ല്‍ വിധവാ വിവാഹം നിയമപ്രകാരം സാധുവാക്കിയിരുന്നെങ്കിലും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികളൊന്നും ഉണ്ടായിരുന്നില്ല. 20 കോടി രൂപയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഈ പദ്ധതിക്കായി വിലയിരുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന പേടിയും വ്യാപകമായിട്ടുണ്ട്. ഇത് കൊണ്ട് തന്നെ ചില വ്യവസ്ഥകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹം കഴിക്കുന്ന പുരുഷന്‍ നേരത്തെ വിവാഹം കഴിച്ചിരിക്കരുത്, കളക്ടറേറ്റില്‍ വെച്ച് വേണം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എന്നിങ്ങനെ പോകുന്നു ആ നിബദ്ധനകള്‍.

Leave a Reply

Your email address will not be published.