ബന്തടുക്കയില്‍ വാടകവീടെടുത്തു താമസിച്ച് തട്ടിപ്പ് നടത്തി വരികയായിരുന്ന വ്യാജവൈദ്യന്‍ ഒളിവില്‍: ചികിത്സ തേടിയവര്‍ ആശങ്കയില്‍

ബന്തടുക്കയില്‍ വാടകവീടെടുത്തു താമസിച്ച് തട്ടിപ്പ് നടത്തി വരികയായിരുന്ന വ്യാജവൈദ്യന്‍ ഒളിവില്‍: ചികിത്സ തേടിയവര്‍ ആശങ്കയില്‍

കാസര്‍കോട്: കണ്ണൂര്‍ ജില്ലയില്‍ മരുന്ന് വില്‍പ്പനയുടെ മറവില്‍ തട്ടിപ്പ് നടത്തിയ വ്യാജ വൈദ്യന്‍ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരില്‍ നിന്നും പണം പിടുങ്ങിയ വിവരം പുറത്തുവന്നു. ആന്ധ്രാപ്രദേശ് സ്വദേശിയായ ലക്ഷ്മണന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ ബന്തടുക്ക പടുപ്പില്‍ വാടക വീടെടുത്ത് താമസിച്ചാണ് തട്ടിപ്പ് നടത്തിയത്.

കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരിലും പരിസരങ്ങളിലും ചികിത്സ നടത്തി മരുന്നിനാണെന്നു പറഞ്ഞ് വാങ്ങിയ 15,000 രൂപയുമായി വ്യാജ വൈദ്യന്‍ അവിടെ നിന്നും മുങ്ങുകയായിരുന്നു. തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പയ്യാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വൈദ്യന്‍ ഒളിവില്‍ പോയത്. പിന്നീട് ഇയാള്‍ ബന്തടുക്കയിലെ പടുപ്പില്‍ വാടകവീടെടുത്ത് ആരും തിരിച്ചറിയാത്ത വിധം താമസിക്കുകയായിരുന്നു. ബന്തടുക്ക, മാനടുക്കം, കക്കച്ചാല്‍, കോളിച്ചാല്‍, കൊട്ടോടി എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ വൈദ്യന്‍ മരുന്ന് വിതരണം നടത്തുകയും ചികിത്സ നടത്തുകയും ചെയ്തിട്ടുണ്ട്.

സന്ധിവാതം, മുട്ടുവേദന, നടുവേദന, അലര്‍ജി, തുമ്മല്‍, തൈറോയാഡ്, വന്ധ്യത തുടങ്ങിയവയ്ക്കാണ് പ്രധാനമായും ചികിത്സ നല്‍കിയത്. മരുന്ന് കഴിച്ചവര്‍ക്ക് അസുഖത്തിന് അല്‍പ്പം ശമനം വന്നതോടെ ജനങ്ങളുടെ വിശ്വാസം വര്‍ധിക്കുകയും ഇതോടെ പണം മുടക്കിയുള്ള ചികിത്സക്ക് വിധേയരാകാന്‍ കൂടുതല്‍ പേര്‍ രംഗത്തുവരികയും ചെയ്തു.

വിശ്വാസം നേടിയെടുക്കാനായി ലോക്‌സഭാ മുന്‍സ്പീക്കര്‍ സോമനാഥ ചാറ്റര്‍ജിയില്‍ നിന്ന് അവാര്‍ഡ് വാങ്ങുന്ന ഫോട്ടോ, ശുപാര്‍ശക്കത്ത്, മൂന്നു ചര്‍ച്ചുകളിലെ അസുഖം മാറിയ വികാരിമാരുടെ ലെറ്റര്‍പാഡിലുള്ള കത്തുകളും രോഗികളെ കാണിച്ചിരുന്നു. ഇതിനിടെ പോലീസ് അന്വേഷണം വരുമെന്ന് ഭയന്ന വൈദ്യന്‍ പെട്ടെന്നൊരു ദിവസം ബന്തടുക്കയില്‍ നിന്നും മുങ്ങുകയായിരുന്നു. ചികിത്സിച്ചത് വ്യാജ വൈദ്യനാണെന്നറിഞ്ഞതോടെ പണം മുടക്കിയവരെല്ലാം അങ്കലാപ്പിലാണ്.

Leave a Reply

Your email address will not be published.