വിഴിഞ്ഞം തുറമുഖപദ്ധതി ജനകീയ പാരിസ്ഥിതിക പഠനത്തിന് പരിസ്ഥിതി സംഘടനകള്‍

വിഴിഞ്ഞം തുറമുഖപദ്ധതി ജനകീയ പാരിസ്ഥിതിക പഠനത്തിന് പരിസ്ഥിതി സംഘടനകള്‍

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഉയര്‍ത്തുന്ന പാരിസ്ഥിതിക – സാമ്പത്തിക പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിന് ജനകീയ പാരിസ്ഥിതിക ആഘാതപഠനം നടത്താന്‍ ജനകീയ സംഘടനകളുടെ പൊതുവേദിക്ക് രൂപം നല്‍കാന്‍ ചപ്പാത്ത് ശാന്തിഗ്രാമില്‍ ചേര്‍ന്ന മുല്ലൂര്‍ സുരേന്ദ്രന്‍ അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ പരിസ്ഥിതി സെമിനാറില്‍ ധാരണയായി. പരിസ്ഥിതി സംഘടനകളുടെയും ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക വിദഗ്ധരുടെയും പിന്‍തുണയോടു കൂടി ആറുമാസത്തിനകം പ്രാഥമിക പഠനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

വിഴിഞ്ഞം പദ്ധതി നിര്‍വ്വഹണത്തിന് ആവശ്യമായ കരിങ്കല്ല് തക്കല, കിളിമാനുര്‍ പ്രദേശങ്ങളിലെ ക്വാറികളില്‍ നിന്നും എത്തിക്കുമെന്നാണ് പദ്ധതി രേഖയില്‍ പറഞ്ഞിരുന്നതെങ്കിലും ഇതിനു വിരുദ്ധമായി പശ്ചിമഘട്ട മലനിരകളെ പാടെ നശിപ്പിക്കുന്ന തരത്തിലാണ് വിഴിഞ്ഞം പദ്ധതി മുന്നോട്ടു പോകുന്നത്. ഇതോടൊപ്പം കോട്ടുകാല്‍ ഉള്‍പ്പെടെ അഞ്ച് പഞ്ചായത്ത് പ്രദേശത്തെ ജനങ്ങളുടെ ജലസുര ക്ഷയും ഭക്ഷ്യസുരക്ഷയും അപകടത്തിലാക്കുന്ന തരത്തിലും പദ്ധതി മുന്നോട്ടു നീങ്ങുകയാണ്. ഔദ്യോഗിക പരിസ്ഥിതി ആഘാതപഠനങ്ങളില്‍ ഇവ ഉള്‍പ്പെടുത്താതെ ബോധപൂര്‍വ്വം മറച്ചുവച്ചു കൊണ്ടാണ് പരിസ്ഥിതി ആഘാത റിപ്പോര്‍ട്ടിന് അംഗീകാരം വാങ്ങിയത്. ഈ സാഹചര്യത്തിലാണ് ജനകീയ പരിസ്ഥിതി ആഘാതപഠനത്തിന് സന്നദ്ധസംഘടനകള്‍ മുന്‍കൈയെടുക്കുന്നത്. ഇത് സംബ ന്ധിച്ച രൂപരേഖ തയ്യാറാക്കാന്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട അഞ്ചംഗസമിതിക്ക് രൂപം നല്‍കാന്‍ യോഗം തീരുമാനിച്ചു.

പരിസ്ഥിതി പ്രവര്‍ത്തകനും അദ്ധ്യാപകനും എഴുത്തുകാരനുമായ മൂല്ലൂര്‍ സുരേന്ദ്രന്റെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വിഴിഞ്ഞം തുറമുഖം: വെല്ലുവിളികള്‍, സാധ്യതകള്‍ സെമിനാറില്‍ ഏജീസ് ഓഫീസ് മുന്‍ സീനിയര്‍ ആഡിറ്റ് ഓഫീസര്‍ ആര്‍. തുളസീധരന്‍ പിള്ള, വിഴിഞ്ഞം മദര്‍പോര്‍ട്ട് ആക്ഷന്‍ സമിതി പ്രസിഡന്റ് ഏലിയാസ് ജോണ്‍, തീരസംരക്ഷണ സമിതി ചെയര്‍മാന്‍ ഏ.ജെ. വിജയന്‍, കേരളാ ശാസ്ത്ര സാഹിത്യപരിഷ്ത് പരിസര വിഷയസമിതി ജില്ലാ ചെയര്‍മാന്‍ വി.ഹരിലാല്‍, പശ്ചിമഘട്ട രക്ഷായാത്ര രക്ഷാധികാരി ഇ.പി. അനില്‍ എന്നിവര്‍ വിഷയാ വതരണം നടത്തി. ശാന്തിഗ്രാം പരിസ്ഥിതി പഠനകേന്ദ്രം ഡയറക്ടര്‍ അജിത് വെണ്ണിയൂര്‍ മോഡറേറ്ററാ യിരുന്നു.

നദീതീരസംരക്ഷണ കമ്മിറ്റി മെമ്പര്‍ ആര്‍. അജയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ശാന്തിഗ്രാം ചെയര്‍മാന്‍ ആര്‍. കെ. സുന്ദരം, കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ്. സജി, അംഗങ്ങളായ എം. അനിത, എസ്. ശോഭ, എസ്. ചന്ദ്രലേഖ, അനുസ്മരണ സമിതി ചെയര്‍മാന്‍ വി. രാജമണി, ജനറല്‍ കണ്‍വീനര്‍ മുക്കോല രത്‌നാകരന്‍, കേരളാ ശാസ്ത്ര സാഹിത്യ പരിഷത് നെയ്യാറ്റിന്‍കര മേഖലാ പ്രസിഡന്റ് എസ്. കെ. വിജയകുമാര്‍, സേവായൂണിയന്‍ നേതാവ് അമലാ ഷാജി, ശാന്തിഗ്രാം ഡയറക്ടര്‍ എല്‍. പങ്കജാക്ഷന്‍, ജോ. ഡയറക്ടര്‍ ജി. എസ്. ശാന്തമ്മ എന്നിവര്‍ സംസാരിച്ചു.

വിഴിഞ്ഞം തുറമുഖ വികസന പദ്ധതി, അദാനിയുമായുള്ള കരാറിലൂടെ ചതിക്കുഴിയില്‍ പെട്ടിരിക്കുകയാണെന്ന് ശാന്തിഗ്രാം പരിസ്ഥിതി പഠനകേന്ദ്രവും മുല്ലൂര്‍ സുരേന്ദ്രന്‍ അനുസ്മരണ സമിതിയും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി സെമിനാര്‍ വിലയിരുത്തി. തുറമുഖ വികസനം എന്ന ജനാഭിലാഷത്തെ രാഷ്ട്രീയ നേട്ടത്തിനായി അദാനിഗ്രൂപ്പിന് അടിയറവച്ച നടപടി പുന:പരിശോധിക്കണമെന്നും സെമിനാറില്‍ സംസാരിച്ചവര്‍ വിലയിരുത്തി.

വിഴിഞ്ഞം കരാറില്‍ അപാകതകളും ചതിക്കുഴികളുമുണ്ടെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ കരാര്‍ വ്യവസ്ഥകള്‍ സംസ്ഥാന താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ജനങ്ങള്‍ക്ക് അനുഗുണമായ രീതിയിലും തിരുത്തി എഴുതണമെന്നും അതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവ യ്ക്കണമെന്നും സെമിനാര്‍ അംഗീകരിച്ച പ്രമേയം സര്‍ക്കാരിനോടാവശ്യപ്പെട്ടു.

അനുസ്മരണത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വിവിധമത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ ആര്‍. അജയന്‍ വിതരണം ചെയ്തു. പരിസ്ഥിതി കവിയരങ്ങില്‍ മധു മൂല്ലൂര്‍, പയറ്റുവിള സോമന്‍, കോട്ടുകാല്‍ ശ്യാമപ്രസാദ്, ലത അനന്തപുരി എന്നിവര്‍ കവിതകള്‍ ആല പിച്ചു.

Leave a Reply

Your email address will not be published.