വിഷവാതകം ശ്വസിച്ച് 300 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

വിഷവാതകം ശ്വസിച്ച് 300 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

മീററ്റ്: ഉത്തര്‍പ്രദേശില്‍ വിഷവാതകം ശ്വസിച്ച് 300 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ഉത്തര്‍പ്രദേശിലെ ഷാമിലിയില്‍ പഞ്ചസാര ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്നാണ് ഫാക്ടറിക്ക് സമീപത്തെ സ്‌കൂളിലെ 300 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സരസ്വതി ശിശു മന്ദിറിലെ വിദ്യാര്‍ഥികളാണ് ശ്വാസതടസം, ഛര്‍ദ്ദി, തലക്കറക്കം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്നത്.

ഇതില്‍ 30ലധികം കുട്ടികളുടെ നില ഗുരുതരമാണെന്നും ഇവരെ മീററ്റിലെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റുമെന്നും ജില്ലാ മേധാവി സുര്‍ജിത് സിങ് അറിയിച്ചു. ജീവന് ഭീഷണിയില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ടെങ്കിലും ഇത്രയും അധികം കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നമുണ്ടായത് അധ്യാപകരെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്.

പഞ്ചസാര ഫാക്ടറിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ സ്‌കൂളിനു സമീപമാണ് തള്ളുന്നതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. ചൊവ്വാഴ്ച കുട്ടികള്‍ സ്‌കൂളില്‍ എത്തിയ സമയത്താണ് ഫാക്ടറി ജീവനക്കാര്‍ മാലിന്യം കത്തിച്ചത്. ഇതില്‍ നിന്ന് ഉയര്‍ന്ന പുക ശ്വസിച്ചാണ് കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടായതെന്നാണ് രക്ഷിതാക്കളുടെ ആരോപണം.

വിഷപ്പുക ഉയര്‍ന്നതിനു പിന്നാലെ ഏതാനും കുട്ടികള്‍ ബോധംകെട്ട് വീണതായും ആരോപണങ്ങളുണ്ട്. പിന്നീട് കൂടുതല്‍ കുട്ടികളില്‍ ആരോഗ്യപ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധ്യാപകര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

Leave a Reply

Your email address will not be published.