മാലാഖ

മാലാഖ

ഫെയ്‌സ് ബുക്കിലൂടെ കണ്ണോടിക്കുമ്പോള്‍ അവിചാരിതമായിട്ടാണൊരു പോസ്റ്റില്‍ ശ്രദ്ധിച്ചത്.

ഒരു ഫെയ്‌സ് ബുക്ക് സുഹൃത്ത് പ്രിയ കൂട്ടുകാരി സൂര്യ എസ് നായര്‍ എന്ന കുട്ടി വിട്ടുപിരിഞ്ഞു പോയത് ഷെയര്‍ ചെയ്ത പോസ്റ്റായിരുന്നു.
ഞാന്‍ സൂര്യയുടെ പേജിലേക്ക് നോക്കി. ആഗസ്റ്റ് ഇരുപത്തിയാറാം തീയതി വരെ സ്വന്തം പ്രൊഫൈല്‍ ഫോട്ടോ മാറ്റിയിട്ടിട്ടുണ്ട്. ഫോട്ടോ പ്രൊട്ടക്റ്റ് ചെയ്തിട്ടുണ്ട്. നല്ല സുന്ദരിയായ പെണ്‍കുട്ടി. ആ കുട്ടി ആത്മഹത്യ ചെയ്തതാണെന്ന കമന്റ് കണ്ടു.

നീണ്ടു മെലിഞ്ഞ് വെളുത്ത് കൊലുന്നനെയുള്ള പെണ്‍കുട്ടി. അവള്‍ ഒരു നഴ്‌സായിരുന്നു.

അവള്‍ എന്തിനായിരിക്കും ആത്മഹത്യ ചെയ്തത്?
ഭൂമിയിലെ മാലാഖ നീയെന്തിനു പോയ് മറഞ്ഞു. ആകാശഗംഗയില്‍ നിന്നും ഭൂമിയിലേക്ക് നോക്കി നീയൂറിച്ചിരിക്കുന്നതെന്തിന്?

ഇതെഴുതി കൊണ്ടിരിക്കെ അവള്‍ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.തുറന്നിട്ട ജനല്‍ പാളികള്‍ക്കിടയിലൂടെ ശക്തിയായ കാറ്റ് ഉള്ളിലേക്ക് വീശിയടിച്ചു.

എനിക്ക് മുന്നിലെ കസേരയില്‍ അവളിരുന്നു.

‘നിങ്ങള്‍ക്കു ഭ്രാന്തുണ്ടോ..? അവള്‍ ചോദിച്ചു.
‘എന്താ കുട്ടീ അങ്ങനെ ചോദിച്ചത് ‘

‘ഭൂമിയിലെ ജീപ്പിച്ചിരിക്കുന്ന മനുഷ്യരെക്കുറിച്ചോര്‍ക്കാന്‍ കഴിയാത്ത നിങ്ങളാണെന്നെ ഓര്‍ത്ത് കരയുന്നത്?

‘ഇളംപ്രായത്തില്‍ തന്നെ നീ ഹരിതഭൂമിയില്‍ നിന്നെന്തിനു പോയി.?
പച്ചപ്പാടത്തു കൂടി ഓടി നടക്കേണ്ട വളല്ലേ നീ ‘.

‘നാട്ടിലെത്തുമ്പോള്‍ ദാവണി ചുറ്റി കുപ്പിവള കിലുക്കി നടക്കേണ്ട ഉത്സാഹവതിയായ പെണ്ണല്ലേ നീ?

‘എന്നെ തിരഞ്ഞു വരരുത്.. അതൊരു രഹസ്യമായിരിക്കട്ടെ ‘.

മുന്നിലെ കസേരയിലിരുന്ന് ചിരിച്ചു കൊണ്ടവള്‍ പറഞ്ഞു.

‘സ്വപ്നങ്ങളും പ്രതീക്ഷകളും ഒരുപാടുണ്ടായിരുന്നു. കപടതയുടെ മധുരത്തില്‍ പൊതിഞ്ഞ് നമുക്ക് നുണ യുവാന്‍ തരുന്ന മനുഷ്യമൃഗങ്ങളുടെ ലോകത്ത് നിന്നും ഞാന്‍ പോകുന്നു’.

‘ജീവിതം ഒരു പോരാട്ടമല്ലേ… മനക്കരുത്തോടെ ശത്രുക്കളെ നാലുപാടും ചിതറിത്തെറിപ്പിക്കുക…തിന്മയെ ഉഗ്രരൂപിണിയായ് മാറി നിന്റെ തീക്ഷ്ണത കൊണ്ട് ദഹിപ്പിക്കാമായിരുന്നില്ലേ.. ‘.

‘സ്ത്രീ മനസ്സ്ദുര്‍ബലമാണ്, പുറമെ പ്രകടിപ്പിക്കുമ്പോഴും അകമേ എരിഞ്ഞു തീരുകയാണ്. സ്വയം എരിഞ്ഞില്ലാതാകുന്നതിന് മുമ്പ് സ്വാര്‍ത്ഥതയുടെ ലോകത്തു നിന്നും ഞാനെന്റെ വിധിയെഴുതിപ്പോയി ‘.

അവളുടെ കണ്ണുകളില്‍ നിന്നും അഗ്‌നിപര്‍വ്വതം പൊട്ടിയൊഴുകുന്ന കണക്കെ ലാവാപ്രവാഹം..ലോകത്തെ മുഴുവന്‍ ഉരുക്കിയെടുക്കുന്ന രീതിയിലാണെന്നു തോന്നി.

‘ഭൂമിയിലെ പോരാട്ടത്തിനുള്ള സമയമാണ് നീ ഇല്ലാതാക്കിയത് ‘.

‘ഭൂമിയിലെ മാലാഖയായ നീ എന്തിനു പോയ് മറഞ്ഞു ‘.

‘കപടലോകത്തു നിന്നും പറന്നു പോയൊരു മാടപ്രാവു ഞാന്‍…’.അവള്‍ പൊട്ടിച്ചിരിച്ചു..

അവളുടെ കണ്ണുകളില്‍ നിന്നും അവഗണിക്കപ്പെട്ട പെണ്ണിന്റെ നിരാശ പ്രകടമായിരുന്നു.

‘എനിക്കീ ഭൂമിയോട് മടുപ്പു തോന്നിസാര്‍, ‘

അവളുടെ അഴിച്ചിട്ട മുടിയിഴകള്‍ തുറന്നിട്ട ജനാലകളിലൂടെ പാറിപ്പറന്നു.

‘ജീവിതമൊരു പോരാട്ടമാണു കുട്ടീ.. ശത്രുക്കള്‍ വിരിക്കുന്ന വലക്കണ്ണികളെ അറുത്തുമാറ്റി മുന്നേറാം…. ‘

‘എനിക്കു പോകാനുള്ള സമയമായ്… ‘.

‘നീ നടന്ന വഴിത്താരകള്‍…. ഈ ഹരിത ഭൂമിയെ പ്രണയിച്ചാഗ്രഹം തീരാത്ത നിന്റെ യാത്മാവിന് സമാധാനം കിട്ടുമോ..

നിന്റെ പാദസ്പര്‍ശമേറ്റ പ്രതലങ്ങളില്‍ നിന്നുമുള്ള സ്പന്ദനങ്ങള്‍ നീ അറിയുന്നില്ലേ….’

ആകാശഗംഗയ്ക്കപ്പുറത്തു നിന്നും അശരീരി മുഴങ്ങി.
‘സൂര്യ നിനക്കനുവദിക്കപ്പെട്ട സമയം കഴിഞ്ഞിരിക്കുന്നു.’

‘എനിക്ക് പോകേണ്ട..’.

‘നിനക്കുള്ള ഉത്തരവ് വന്നു കഴിഞ്ഞിരിക്കുന്നു.
ഭൂമിയിലെ സഞ്ചരിക്കുന്ന പൂന്തോട്ടങ്ങള്‍ക്കു കവച കുണ്ഡലമാവുക നീ…’.
എന്റെ മുന്നില്‍ നിന്നവള്‍ നേര്‍ത്തുനേര്‍ത്തു ചെറുതായ് ജനലഴികളിലെ വിടവിലൂടെ പുറത്തേക്കുപോയി.

ഞാന്‍ പുറത്തേക്കിറങ്ങി.ആകാശമണ്ഡലത്തിലെ നക്ഷത്രക്കൂട്ടത്തിലെ കുഞ്ഞു നക്ഷത്രത്തില്‍നിന്നുമൊരു പ്രകാശധാര എന്റെഹൃദയത്തിനു നേരെ പതിച്ചു.

‘ജീവിതമൊരു പോരാട്ടമാണ്.. നിന്റെ ശത്രുക്കള്‍ നാലുപാടും ചിതറിത്തെറിക്കട്ടെ… ‘.അന്തരീക്ഷത്തില്‍ നിന്നും മുഴങ്ങിക്കേട്ടു.

ആത്മാവ് എന്റെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചു കഴിഞ്ഞുവെന്ന് തോന്നുന്നു.

നിനക്കായ് ഒരു പിടി സ്‌നേഹപുഷ്പങ്ങളര്‍പ്പിക്കുന്നു.

Leave a Reply

Your email address will not be published.