തെഹല്‍കയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടുവെന്ന് ജയ ജയ്റ്റ്‌ലി

തെഹല്‍കയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടുവെന്ന് ജയ ജയ്റ്റ്‌ലി

ന്യുഡല്‍ഹി: മുന്‍ എന്‍.ഡി.എ സര്‍ക്കാരിലെ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെ കുടുക്കിയ തെഹല്‍ക സ്റ്റിംഗ് ഓപറേഷനില്‍ തെഹല്‍കയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടുവെന്ന് ജയ ജയ്റ്റ്‌ലി. ജയയുടെ ആത്മകഥയായ ‘ലൈഫ് എമങ് ദ സ്‌കോര്‍പിയണ്‍സ്: മെമ്മറീസ് ഓഫ് എ വുമണ്‍ ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്‌സ്’ എന്ന പുസ്തകത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. പുസ്തകം ഇന്ന് പ്രസിദ്ധീകരിക്കും.

പ്രതിരോധ വകുപ്പിലെ ആയുധ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവന്ന സ്റ്റിംഗ് ഓപറേഷന്‍ നടന്നത് 2001ലായിരുന്നു. എന്നാല്‍ തെഹല്‍കയ്ക്കു പിന്നിലുള്ള സാമ്ബത്തിക ശ്രോതസ്സുകള്‍ കണ്ടെത്താനുള്ള ശ്രമം സോണിയ ഗാന്ധി ഇടപെട്ടാണ് തടഞ്ഞതെന്ന് ജയ ആരോപിക്കുന്നൂ. പിന്നീട് അധികാരത്തിലെത്തിയ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് തെഹല്‍കയുടെ സാമ്ബത്തിക സ്രോതസ്സുകള്‍ക്കെതിരെ ‘അനുചിതമായ’ നടപടി സ്വീകരിക്കരുതെന്ന് കാണിച്ച് സോണിയ ഗാന്ധി അന്നത്തെ ധനമന്ത്രിയായിരുന്ന പി.ചിദംബരത്തിന് കത്ത് നല്‍കിയെന്നും ജയ ആരോപിച്ചിട്ടുണ്ട്.

സമതാ പാര്‍ട്ടി നേതാവായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രവര്‍ത്തകയായിരുന്നു ജയ ജയ്റ്റ്‌ലി. തെഹല്‍കയുടെ ‘ഓപറേഷന്‍ വെസ്റ്റ് എന്‍ഡ്’ സ്റ്റിംഗില്‍ പെട്ടാണ് ജോര്‍ജ് ഫെര്‍ണാണ്ടസിന് പ്രതിരോധ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത്.
തെഹല്‍ക സ്റ്റിംഗ് ഓപറേഷനില്‍ കോണ്‍ഗ്രസിന് വലിയ പങ്കുണ്ടെന്നാണ് ജയയുടെ ആരോപണം. എ.ബി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ ആയുധ ഇടപാടുകാരെന്ന വ്യാജേന വ്യാജ കമ്ബനികളുടെ പേരില്‍ രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സമീപിച്ച് ഇടപാടുകള്‍ക്ക് കരാര്‍ ലഭിക്കുന്നതിന് പണം നല്‍കി കുടുക്കുകയായിരുന്നു. ബി.ജെ.പിഅ ധ്യക്ഷനായിരുന്ന ബംഗാരു ലക്ഷ്മണയും ഒളികാമറയില്‍ കുടുങ്ങിയിരുന്നു. റിപ്പോര്‍ട്ടര്‍മാരില്‍ നിന്ന് പണം വാങ്ങി തന്റെ മേശയില്‍ ലക്ഷ്മണ വയ്ക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. ലക്ഷ്മണയെ പിന്നീട് കോടതിയും കുറ്റക്കാരനായി വിധിച്ചിരുന്നു.

തെഹല്‍കയ്ക്കും സാമ്ബത്തിക ഇടപാടുകാരായ ഫസ്റ്റ് ഗ്ലോബല്‍ ഉടമകള്‍ക്കുമെതിരെ വിവിധ അന്വേഷണ ഏജന്‍സികള്‍ നിരവധി കേസുകളും എടുത്തിരുന്നു. എന്നാല്‍ 2004ല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഫസ്റ്റ് ഗ്ലോബല്‍ സെപ്തംബര്‍ 20ന് തീയതിവച്ചുള്ള രണ്ടു പേജുള്ള കത്ത ദേശീയ ഉപദേശക സമിതി ചെയര്‍പഴ്‌സണ്‍ കൂടിയായ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് നല്‍കി. സെപ്തംബര്‍ 25ന് സോണിയ ഗാന്ധി ധനമന്ത്രിയായ ചിദംബരത്തിന് നല്‍കിയ കത്തില്‍ ‘ധനമന്ത്രാലയത്തിന്റെ കീഴിലുള്ള ചില ഏജന്‍സികളില്‍ നിന്നും ഈ കമ്ബനിക്ക് ശല്യം നേരിടുന്നതായും അവര്‍ക്കെതിരെ അന്യായമായ നടപടി പാടില്ലെന്നും നിര്‍ദേശിച്ചതായും ജയ ജയ്റ്റ്‌ലി ആരോപിക്കുന്നു. സോണിയ ഗാന്ധിയുടെ കത്തിന്റെ പകര്‍പ്പും അവര്‍ നല്‍കിയിട്ടുണ്ട്.

ഈ കത്ത് പരിഗണിച്ച് ചിദംബരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് വകുപ്പിനെയും പിടിച്ചുകെട്ടിയെന്നും അതോടെ തെഹല്‍കയ്‌ക്കെതിരായ അന്വേഷണം ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിച്ചുവെന്നും ജയ്റ്റ്‌ലി ആരോപിക്കുന്നു.
തെഹല്‍ക ഓപറേഷന്റെ ഫലം അനുഭവിച്ചത് അന്നത്തെ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് ആയിരുന്നു. തെഹല്‍കയ്ക്ക് ഹവാല ഇടപാടിലൂടെയാണ് പണം ലഭിച്ചിരുന്നതെന്നും ജയ പറയുന്നു.

Leave a Reply

Your email address will not be published.