ഇന്ധന സബ്‌സിഡി: കെഎസ്ആര്‍ടിസി 90 കോടിരൂപ അടയ്ക്കണമെന്ന് സുപ്രിം കോടതി

ഇന്ധന സബ്‌സിഡി: കെഎസ്ആര്‍ടിസി 90 കോടിരൂപ അടയ്ക്കണമെന്ന് സുപ്രിം കോടതി

ദില്ലി: ഇന്ധന സബ്‌സിഡി ഇനത്തില്‍ കെഎസ്ആര്‍ടിസി പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് 90 കോടി രൂപ അടയ്ക്കണമെന്ന് സുപ്രിം കോടതി. കുടിശിക അടക്കുന്നതില്‍ ഇളവ് തേടി കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി. തുക സംസ്ഥാന സര്‍ക്കാര്‍ അടക്കയ്ക്കുകയൊ കുടിശികയില്‍ ഇളവ് നല്‍കണമോയെന്ന് കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കുകയോ ചെയ്യാം. സബ്‌സിഡി ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആര്‍ക്കും വാശിപിടിക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി.

വന്‍കിട ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ഒഴിവാക്കാന്‍ കിരീത് പരീഖ് സമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2013 ജൂലൈയില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നുള്ള ആറുമാസക്കാലയളവില്‍ ഇന്ധനം വാങ്ങിയ ഇനത്തിലാണ് കെഎസ്ആര്‍ടിസി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അടക്കമുള്ള പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് 60 കോടി രൂപ കുടിശിക അടക്കാനുള്ളത്. പലിശ സഹിതം നിലവില്‍ ഇത് 90 കോടിയോളം വരും. കുടിശ്ശിക അടക്കുന്നതില്‍ ഇളവ് തേടി കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന് ഇതടയ്ക്കാന്‍ ബാധ്യതയുണ്ടെന്ന് സുപ്രിം കോടതി വ്യക്തമാക്കിയത്. ജീവനക്കാര്‍ക്ക് പെന്‍ഷനും ശമ്ബളവും നല്‍കേണ്ടതിനാല്‍ കെഎസ്ആര്‍ടിസിക്ക് കുടിശിക അടക്കുന്നത് അധിക ബാധ്യതയാകാം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ഇത് തടസ്സമല്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഏകപക്ഷീയമല്ല. സബ്‌സിഡി നിര്‍ബന്ധമായും നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് വാശി പിടിക്കാനാകില്ല.

സര്‍ക്കാരിന്റെ നയപരമായ വിഷയത്തില്‍ കോടതിക്ക് ഇടപെടാനാകില്ല. കുടിശിക അടക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയതിനാല്‍ ഇപ്പോള്‍ ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. അതേസമയം, പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് കുടിശിക ഈടാക്കാതിരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത അറിയിച്ചു. എങ്കിലും കുടിശിക ഈടാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കാന്‍ ആകുമോയെന്ന് കേന്ദ്രത്തിന് പരിഗണിക്കാമെന്ന് വിധിയില്‍ കോടതി പരാര്‍ശിച്ചിട്ടുണ്ട്. ഇളവ് തേടി കേന്ദ്രത്തിന് അപേക്ഷ നല്‍കുന്നതടക്കമുള്ള നടപടികളാണ് കെഎസ്ആര്‍ടിസിയുടെ പരിഗണനയില്‍.

Leave a Reply

Your email address will not be published.