ബണ്ട്വാളില്‍ അഞ്ചു കുട്ടികള്‍ മുങ്ങിമരിച്ചു

ബണ്ട്വാളില്‍ അഞ്ചു കുട്ടികള്‍ മുങ്ങിമരിച്ചു

ബണ്ട്വാളില്‍ അഞ്ചു കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു. ബണ്ട്വാള്‍ അരലു മൂലാരുപട്ടണത്തിലെ ഫല്‍ഗുണി പുഴയിലാണ് അഞ്ചുകുട്ടികള്‍ ദാരുണമായി മരിച്ചത്. പുഴയുടെ ആഴമുള്ള ഭാഗത്ത് നീന്തുന്നതിനിടെയാണ് കുട്ടികള്‍ അപകടത്തില്‍പെട്ടത്. മരിച്ച കുട്ടികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നവഗ്രാമയിലെ അഷ്‌റഫിന്റെ മകന്‍ അസ്ലം(17), നവഗ്രാമയിലെ ഷെരീഫിന്റെ മകന്‍ മുദരിസ് (17), ശുന്തിഹിത് ലു കല്ലഗുഡ്ഡെ ജി മുഹമ്മദിന്റെ മകന്‍ സാവദ്(17), ശുന്തിഹിത് ലു കല്ലഗുഡ്ഡെ കെ ഷെരീഫിന്റെ മകന്‍ റമീസ്(17), ഹക്കീമിന്റെ മകന്‍ അജ്മല്‍(17) എന്നിവരാണ് മരിച്ചത്.

അസ്ലം, സാവദ്, അജ്മല്‍ എന്നിവര്‍ മുത്തൂറു കമ്പോസിറ്റ് പി യു കോളജിലെ ഒന്നാംവര്‍ഷ പി യു വിദ്യാര്‍ത്ഥികളാണ്. തിങ്കളാഴ്ച അവധിയായതിനാല്‍ കൈകമ്ബയിലെ ഗുര്‍പുരയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ വിവാഹത്തിന് പോകാതെ ഇവര്‍ ഫല്‍ഗുനി പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. കുട്ടികള്‍ രാത്രി ഒന്‍പതുമണിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ നടത്തുകയായിരുന്നു.

ഇതിനിടെ മൂലാരുപട്ടണ മുഹിയുദ്ദീന്‍ ജുമ മസ്ജിദ് ഖത്തിബ തിങ്കളാഴ്ച രാവിലെ 11.30 മണിയോടെ അഞ്ചുകുട്ടികള്‍ ഫല്‍ഗുണി പുഴയുടെ തീരത്ത് ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നതായുള്ള വിവരം വീട്ടുകാരെ അറിയിച്ചു.

തുടര്‍ന്ന് ബന്ധുക്കള്‍ പുഴയില്‍ ചെന്ന് നോക്കിയപ്പോള്‍ അവിടെ കുട്ടികളുടെ വസ്ത്രങ്ങളും ചെരുപ്പുകളും മൊബൈല്‍ഫോണുകളും കണ്ടെത്തി. തുടര്‍ന്ന് പരിഭ്രമിച്ച വീട്ടുകാര്‍ വിവരം ബണ്ട്വാള്‍ റൂറല്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് പാതിരാത്രിയോടെ പുഴയില്‍ തെരച്ചില്‍ നടത്തുകയായിരുന്നുവെന്ന് പഞ്ചായത്ത് മെമ്ബര്‍ അഷ്‌റഫ് മൂലാരപട്ടണ പറഞ്ഞു.

മൃതദേഹം കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് മുങ്ങല്‍ വിദഗ്ദരായ ജബ്ബാര്‍, സലാം, സാദത്ത് എന്നിവരെ തെരച്ചില്‍ നടത്താന്‍ ചൊവ്വാഴ്ച രാവിലെ വിളിക്കുകയായിരുന്നു. റമീസിന്റേയും, അസ്ലമിന്റേയും അജ്മലിന്റേയും മൃതദേഹം മൂലാരപടണയില്‍ നിന്നും ലഭിച്ചു. എന്നാല്‍ ചൊവ്വാഴ്ച വൈകുന്നേരം വരെ മുദരീസിന്റെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല.

 

Leave a Reply

Your email address will not be published.