ഇലവെച്ചുണ്ണണേലും കര്‍ണ്ണാടകം കനിയണം

ഇലവെച്ചുണ്ണണേലും കര്‍ണ്ണാടകം കനിയണം

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

ഉള്ളിയും, തക്കാളിയും ഇല്ലാതെ നാമെങ്ങനെ ഉണ്ണും? അതിവിടെ നമ്മുടെ കൊച്ചു കേരളത്തില്‍ ഉല്‍പ്പാദിപ്പിച്ചില്ലെങ്കിലും ഉപ്പില്ലാത്ത കറി പോലെയാണ് തക്കാളിയും ഉള്ളിയുമില്ലാത്ത സാമ്പാര്‍. അതു കൊണ്ടു തന്നെ ഇറക്കുമതിയില്ലാതെ നമുക്ക് വേറെ വഴിയില്ലല്ലോ. എന്നാല്‍ വാഴയിലയോ? തക്കാളി പോലെ അതും മംഗലൂരു മാര്‍ക്കറ്റ് തന്നെയാണ് നമുക്ക് ശരണം. രാവിലെ തന്നെ നമ്മുടെ ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് പച്ചക്കറിയുടെ മംഗലൂരു വണ്ടി ഇരച്ചെത്തിയിട്ടു വേണം കൈരളിയുടെ അടുക്കളയില്‍ പുകയുയരാന്‍. കല്യാണത്തിനും അടിയന്തിരവും കൂടുമ്പോള്‍ ഒന്ന് ഇല വെച്ചുണ്ണാന്‍. വാഴയില പോലും ഇവിടെ തളിര്‍ക്കാത്തതു കൊണ്ടല്ല ഇങ്ങനെ. വിറ്റാല്‍ ഇല വെട്ടിയതിനുള്ള കൂലി പോലും കിട്ടില്ലെന്ന് പഴിക്കുകയാണ് കര്‍ഷകര്‍. ഒരിലക്ക് കര്‍ഷകന് കിട്ടുന്നത് കുടിയാല്‍ 75 പൈസ. രണ്ടര രൂപക്കു മുകളില്‍ സാധാരണ വില്‍ക്കാനൊക്കില്ലെന്ന് വ്യാപാരി പറയുന്നു. ബാക്കി മുഴുവനും ആരുടെയൊക്കെയോ ലാഭമല്ല, കടത്തു കുലി കൊടുത്താണ് മുടിയുന്നത്. പെട്രോള്‍ പമ്പില്‍ എണ്ണയടിക്കുമ്പോള്‍ കൊടുക്കുന്നതില്‍ ഉദ്ദേശം അമ്പതു ശതമാനം വരെ വിവിധ ഇനം ടാക്സാണല്ലോ. വേണ്ട വയ്യാവേലിയെന്ന് നെടുവീര്‍പ്പിടുകയാണ് കര്‍ഷകര്‍. ഇല മുറക്കണം. അതിനേക്കാള്‍ ശ്രമകരമാണ് അവ അട്ടിയിടുന്നത്. കെട്ടി റെഡിയാക്കി കടകളിലെത്തിച്ചാല്‍ ചിലര്‍ക്കു വേണ്ട. കാരണമുണ്ട് ഓഡറാക്കിയാല്‍ ഞൊടിയിടക്കുള്ളില്‍ മംഗലൂരുവില്‍ നിന്നും വാഴയില എത്തും. പിന്നെ ആര്‍ക്കു വേണം ഈ നാടന്‍. അതു മാത്രമല്ല വിഷയം. എല്ലാ ദിവസവും ഓഡറിനനുസരിച്ചു ഇല എത്തിക്കാന്‍ ഇവിടെ എവിടുണ്ട് വാഴകൃഷി. വാഴകൃഷി കായക്കു വേണ്ടിയല്ലാതെ ഇലക്കു വേണ്ടി നമ്മുടെ നാട്ടില്‍ ആരും തന്നെ കൃഷി ചെയ്യുന്നുമില്ല.

മംഗലൂരു മാര്‍ക്കറ്റിലേക്ക് ഇലയെത്തുന്നത് കുന്താപുരത്തു നിന്നും ഷിമോഗയില്‍ നിന്നുമെന്ന് അവിടുത്ത വ്യാപാരികള്‍ പറയുന്നു. ഇല ഒന്നിന് അവിടെയും കര്‍ഷകന് കിട്ടുന്നത് 30 മുതല്‍ 50 പൈസ വരെ മാത്രം. മലയോരത്തു നിന്നും മംഗലൂരു മാര്‍ക്കറ്റിലേക്ക് ഇലയെത്തിയാല്‍ അവിടുന്ന് ഒന്നര രൂപക്ക് കേരളത്തിനു വില്‍ക്കുന്നു. രണ്ടര മുതല്‍ മുന്നു രൂപാ വരെ കൊടുത്ത് ചില ഏറ്റക്കുറച്ചിലുകളോടെ നമ്മള്‍ വാങ്ങിയുണ്ണുന്നു.

അതിനിടയിലൂടെയാണ് പേപ്പര്‍ വാഴയില കൂടി കേരളത്തിന്റെ മാര്‍ക്കറ്റ് പിടിച്ചത്. ഒരു ഇലക്കുമേല്‍ ചുരുങ്ങിയത് ഒരു രൂപായെങ്കിലും ഇതു വാങ്ങിയാല്‍ ലാഭകരമാണെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. കിഴക്കന്‍ മലയോര ഗ്രാമങ്ങളായ ബന്തടുക്കയിലും, ബദിയടുക്കയിലും, പാണത്തൂര്‍ വരെ പേപ്പര്‍ വാഴയിലയുടെ കാലമാണ്. തനി നാടാന്‍ ഗ്രാമത്തില്‍ പോലും നാടന്‍ വഴയില കിട്ടാനില്ല. പേപ്പറില്‍ ചോറു വിളമ്പരുതെന്നും, പച്ച നിറത്തിന്റെ പൂരിത ലായനിയില്‍ വഴറ്റി പച്ച നിറം ചാലിച്ച കടലാസില്‍ പ്ലാസ്റ്റിക് കോട്ടിങ്ങും മറ്റും നല്‍കി അതിലേക്ക് ചുടു ചോറു പകരുമ്പോള്‍ വയറ്റിലേക്ക് കാന്‍സറിനെ ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നതെന്ന് മുന്നറിയിപ്പു വന്നിട്ടും വരവിനും, ചിലവിനും ഒരു കുറവുമില്ല.

ഷീമോഗയില്‍ നിന്നും കുന്താപുറില്‍ നിന്നും വരുന്ന വാഴയിലയിലും ഉണ്ണരുതെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. കായക്ക് കരുത്തു കിട്ടാനും ഇല പുഴു അരിക്കുന്നത് തടയാനും വ്യാവസായിക കര്‍ഷകര്‍ ചുവട്ടില്‍ മാത്രമല്ല, ഫ്യൂറഡാന്‍ പോലുള്ള വിഷം കവിളിലും നിക്ഷേപിക്കുന്നു. ഇത് നിത്യേന കേള്‍ക്കുന്ന സംഗതിയാണ് അല്‍ഭുതപ്പെടാനെന്തിരിക്കുന്നു എന്ന് കരുതാന്‍ വരട്ടെ. ഇതാ പുതിയൊരു അറിവ്. കുല ഒരുവിധം പാകമായാല്‍ അതിന്റെ കൂമ്പ് വെട്ടും. അവിടെ ഫ്യൂറഡാന്‍ പോലുള്ള വിഷം കിഴി കെട്ടി വെക്കും. അതിന്മേല്‍ ഇഴഞ്ഞാല്‍ മാത്രം മതി പുഴു പുഴുത്ത് ചാകും. അത്തരം ഇലകളിലാണ് നാം സദ്യയുണ്ണുന്നതെന്നറിയുക.

ഇനി ഒരു ചോദ്യം. ചോറുണ്ണാന്‍ നമുക്കിനി എന്താണ് ഉപായം? ഒന്നുകില്‍ കേരളത്തിലെ വാഴയില വ്യവസായത്തെ പ്രോല്‍സാഹിപ്പിക്കുക അതല്ലെങ്കില്‍ പ്ലേറ്റില്‍ ഉണ്ണുക. അവിടെയുമുണ്ട് പ്രശ്നങ്ങള്‍. അലുമിനിയം പാത്രത്തില്‍ വെച്ചു വിളമ്പിയാല്‍ അവയലും കാന്‍സര്‍ രോഗം പതിയിരിക്കുന്നു. മെലാമിന്‍ പ്ലെയ്റ്റും അപകടകാരിയാണ്. മണ്‍പാത്രമാണെങ്കില്‍ നാടു നീങ്ങി. ആകെ ഒരു ആശ്വാസം സ്റ്റീല്‍ പ്ലയ്റ്റ് മാത്രം. നമുക്ക് തല്‍ക്കാലത്തേക്ക് അങ്ങനെ സ്റ്റീല്‍ പാത്രത്തിലുണ്ട് കഴിഞ്ഞു കൂടാം.

Leave a Reply

Your email address will not be published.