തൊഴിലാളികളുടെ അവകാശ സംരക്ഷണം; ഖത്തറിന് യുഎന്നിന്റെ ക്ലീന്‍ ചിറ്റ്

തൊഴിലാളികളുടെ അവകാശ സംരക്ഷണം; ഖത്തറിന് യുഎന്നിന്റെ ക്ലീന്‍ ചിറ്റ്

ജനീവ: ഇന്ത്യക്കാരടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസി തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഖത്തര്‍ അതീവശ്രദ്ധ പുലര്‍ത്തുന്നുവെന്നും അവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുവെന്നും യുഎന്നിനു കീഴിലുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടന വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഖത്തറിലെ തൊഴിലാളി അവകാശ ലംഘനവുമായി ബന്ധപ്പെട്ട് നേരത്തേ ലഭിച്ച പരാതികള്‍ പരിശോധിക്കേണ്ടതില്ലെന്നും ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ യോഗം തീരുമാനിച്ചു.

രാജ്യത്തിലെ 20 ലക്ഷത്തിലേറെ വരുന്ന പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം പുതിയ പദ്ധതികള്‍ ഖത്തര്‍ ഭരണകൂടം നടപ്പാക്കിയിരുന്നു. തൊഴിലാളികളുടെ വേതന വിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സഹായ ഫണ്ട് രൂപീകരിക്കാനുള്ള കരട് ബില്ലിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. പ്രവാസി തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പ് നല്‍കുന്ന ബില്ല്, ഇന്‍ഷൂറന്‍സ് പരിരക്ഷയും വാഗ്ദാനം ചെയ്തിരുന്നു.

പ്രവാസി തൊഴിലാളികള്‍ക്ക് ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ നിയമസഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് 36 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി ഖത്തര്‍ കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. ഖത്തര്‍ തൊഴില്‍ മന്ത്രിയും വിവിധ രാജ്യങ്ങളുടെ ഖത്തറിലെ മിഷന്‍ പ്രതിനിധികളും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലായിരുന്നു ഇത്. തൊഴിലുടമകളായോ മറ്റോ ഉണ്ടാകുന്ന തര്‍ക്കങ്ങളിലും കേസുകളിലും നിയമസഹായം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

2022ലെ ഫിഫ ലോകകപ്പിനു മുന്നോടിയായി നടക്കുന്ന വന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഇന്ത്യ, നീപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങില്‍ നിന്നുള്ള തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാവുന്ന പുതിയ കരട് ബില്ലിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. നേരത്തേ തൊഴിലാളികളുടെ ജീവനും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നില്ലെന്ന ആരോപണവുമായി അന്താരാഷ്ട്ര ഏജന്‍സികള്‍ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികളാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടന പരിശോധിക്കേണ്ടെന്ന് തീരുമാനിച്ചു.

ഖത്തര്‍ രൂപീകരിച്ച പുതിയ സഹായനിധിയില്‍ നിന്ന് തൊഴിലാളികള്‍ക്ക് കുടിശ്ശികയുള്ള കൂലി നല്‍കുമെന്ന് ഖത്തര്‍ തൊഴില്‍മന്ത്രി ഇസ്സ സാദ് അല്‍ നുഐമി യോഗത്തെ അറിയിച്ചു. ഖത്തറിനെ സംബന്ധിച്ചിടത്തോളം ഐ.എല്‍.ഒയുടെ തീരുമാനം ചരിത്രപരമായ നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസി തൊഴിലാളികള്‍ക്ക് ജോലികള്‍ മാറുന്നതിനും രാജ്യം വിടുന്നതിനുമുള്ള നിയമങ്ങള്‍ ലഘൂകരിച്ചുകൊണ്ട് ഖത്തര്‍ കഴിഞ്ഞ വര്‍ഷം നിയമനിര്‍മാണം നടത്തിയിരുന്നു. കഫാല എന്നറിയപ്പെടുന്ന സ്‌പോണ്‍സര്‍ഷിപ്പ് സമ്ബ്രദായമനുസരിച്ച് ജോലി മാറാനും രാജ്യത്തിനു പുറത്തേക്ക് സഞ്ചരിക്കാനും സ്‌പോണ്‍സറുടെ അനുവാദം വേണമെന്ന നിയമത്തിലാണ് ഇളവുകള്‍ വരുത്തിയത്. രാജ്യം വിടാനുള്ള അനുമതി നിഷേധിക്കപ്പെടുന്ന ഘട്ടത്തില്‍ തൊഴിലാളികള്‍ക്ക് സമീപിക്കാന്‍ ഗ്രീവന്‍സ് കമ്മിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു.

തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വേതനം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 2015ല്‍ നടപ്പാക്കിയ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം അനുസരിച്ച് എല്ലാ സ്ഥാപനങ്ങളും വേതന വിതരണം അക്കൗണ്ട് വഴിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ അംഗീകൃത സാമ്ബത്തിക സ്ഥാപനങ്ങളിലൂടെ ഇലക്ട്രോണിക് രീതിയില്‍ മാത്രമേ ശമ്ബള വിതരണം പാടുള്ളൂ എന്നതായിരുന്നു നിര്‍ദ്ദേശം.

Leave a Reply

Your email address will not be published.