മണല്‍ക്കടത്തും മാലിന്യവും തലവേദനയൊഴിയാതെ ജില്ല

മണല്‍ക്കടത്തും മാലിന്യവും തലവേദനയൊഴിയാതെ ജില്ല

നേര്‍ക്കാഴ്ച്ചകള്‍.. പ്രതിഭാരാജന്‍

ആവശ്യത്തിനു പൂഴി അനുവദിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍. എന്നിട്ടും മണലൂറ്റലിനുയാതൊരു ശമനവുമില്ല. പോലീസ് സ്റ്റേഷന്‍ പരിസരങ്ങളെല്ലാം വാഹനങ്ങളുടെ ശവപ്പറമ്പുകളാകുന്നതില്‍ മിക്കതും മണല്‍ കടത്തിയ വാഹനങ്ങളാണ്. ഇപ്പോള്‍ വാഹനം പിടിച്ചിടുന്നതു തന്നെ നിര്‍ത്തി. ഫൈന്‍ അടച്ചു ഒഴിവാക്കുകയാണ്. പ്രകൃതി പോയാല്‍ പോട്ടെ, ഖജാനാവില്‍ പണം നിറയുമല്ലോ.

അരുവിയും പുഴകളും നിറഞ്ഞ നാടാണ് നമ്മുടേത്. തുള്ളിയെടുക്കേണ്ട പ്രകൃതി വിഭവങ്ങള്‍ ജെ.സി. കൊണ്ട് കേരിയെടുക്കുകയാണ്. ഇവിടുന്നൂറ്റുന്നതിനു പുറമെ ടണ്‍കണക്കിനു ലോഡുകള്‍ അതിര്‍ത്ഥി കടന്നുമെത്തുന്നു. പൂഴി പാഴാക്കുന്നതു നിമിത്തം പുഴയാണ് പാഴാവുന്നത്. മഴ മാറുന്നതിനു മുമ്പേ പുഴയുണങ്ങിത്തുടങ്ങി. പെയ്ത മഴ കുത്തിയൊഴുകി ഉള്ള മണ്ണും ചോര്‍ത്തി ഓടി മറയുകയാണ്, കടലിലേക്ക്. മാര്‍ക്സ് പറഞ്ഞത് ആവശ്യത്തിനു മാത്രമെടുത്ത് ബാക്കി പ്രകൃതിയില്‍ നിക്ഷേപിക്കാനാണ്. പ്രകൃതിയെ സംരക്ഷിക്കാന്‍ കേരളത്തിന്റെയും, കേന്ദ്രത്തിന്റേയും പക്കല്‍ നിരവധി പദ്ധതികളുണ്ട്. പക്ഷെ അവയില്‍ മിക്കതും ഫയലുകള്‍ക്കുള്ളില്‍ മൂടിപ്പുതച്ചുറങ്ങുകയാണ്. ത്രിതല പഞ്ചായത്ത് സംവിധാനത്തിനോ, സര്‍ക്കാരിനോ അവ പൊടിതട്ടിയെടുക്കാന്‍ നേരമില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അധികാരം മതി, വികസനം വേണ്ട. പൂഴിമണല്‍ വിരിച്ച വലയില്‍ കുരുങ്ങാത്തവര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ രാഷ്ട്രീയക്കാരില്‍ വരെ സുലഭം. കുരുക്കിയ വല ജില്ല മുഴുവന്‍ വ്യാപിച്ചു കിടക്കുകയാണ്. ഒരിക്കല്‍ കുരുങ്ങിയവര്‍ക്ക് പിന്നെ മോചനമില്ലാതെ വരുന്നു.

ത്രിതല ഭരണ സംവിധാനമുണ്ടായിട്ടെന്തു ഫലം നാടു ഭരിക്കുന്നത് മാഫിയകളാണ്. മാമൂലിനു പുറമെ ആരു വന്നു ചോദിച്ചാലും തിരിച്ചയക്കാത്ത, വാരിക്കോരി കൊടുക്കുന്ന മണല്‍ മാഫിയകള്‍ക്ക് മണികെട്ടാന്‍ ആണായിപ്പിറന്നവര്‍ മുന്നോട്ടു വരുന്നില്ല. നൂറു ലോഡ് കരക്കണിയുമ്പോള്‍ ഒരു ലോഡ് പിടിക്കപ്പെടുന്നു. അത്ര തന്നെ. മാഫിയാ സംഘത്തിന്റെ പേടി സ്വപ്നമായിരുന്നു ഒരിക്കല്‍ ബേക്കലിലെ പ്രിന്‍സിപ്പല്‍ എസ്.ഐ രാജേഷ്. വേട്ടക്കിറങ്ങിയ അദ്ദേഹത്തെ പള്ളിക്കരയില്‍ വെച്ച് മാഫിയാ സംഘം വണ്ടി കയറ്റി കൊല്ലാന്‍ ശ്രമിച്ചു.

കൈകാലുകള്‍ക്ക് പരിക്കു പറ്റി, നാവു മുറിഞ്ഞു മംഗലാപുരം ആശുപത്രിയിലെത്തി. കേസു വന്നു. അന്യേഷണം കാഞ്ഞങ്ങാട് സി.ഐയെ ഏല്‍പ്പിച്ചു. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ഇപ്പോഴും കുറ്റപത്രത്തിന്റെ കെട്ടഴിഞ്ഞിട്ടില്ല. കഴിയില്ല, സമാന്തര ഭരണം നടത്തുന്നവരെ തടയാനെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ജനം ഇതിനായി പ്രത്യേകം ഫോര്‍സ് വേണമെന്നാവശ്യപ്പെട്ടത്. റിവര്‍ പ്രൊട്ടക്ഷന്‍ പോലീസ് സേന എന്ന പേരില്‍ ഒരെണ്ണമാകാമെന്നൊക്കെ മോളില്‍ നിന്നും പറയുന്നതു കേട്ടു. അതിനപ്പുറമൊന്നുമില്ല. അവിടേയും വ്യാപിക്കുകയായിരുന്നു മാഫിയാ സംഘത്തിന്റെ നീരാളിക്കൈകള്‍.

ആരോടിതൊക്കെ പറയാന്‍. നടപടി എടുക്കേണ്ട ജനപ്രതിനിധികളില്‍ ഭുരിപക്ഷവും ക്രിമിനല്‍ ജീവികളാണല്ലോ. നിലവിലെ 140 എം.എല്‍.എമാരില്‍ 87 പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് കണക്ക് പുറത്തു വിട്ടത് നിയമസഭയാണ്. അക്കൂട്ടത്തില്‍ അഞ്ചു വര്‍ഷത്തിലേറെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്തവരുമുണ്ട്. ജാമ്യമില്ലാ കുറ്റം ചാര്‍ത്തപ്പെട്ടവര്‍ വേറെ. തെരെഞ്ഞെടുപ്പ് അതിക്രവും, രാഷ്ട്രീയ കേസും അവിടെ നിക്കട്ടെ. സ്തീകളെ അപമാനിച്ച കേസു മുതല്‍ കൊലപാതകത്തില്‍ പ്രതിയായവര്‍ വരെ കൂട്ടത്തിലുണ്ട്. 140ല്‍ 35 പേരും കോടീശ്വരന്മാരാണ് എന്നതാണ് മറ്റൊരു കണക്ക്. അത്തരക്കാരുടെ ഭരണത്തിന്റെ തണലില്‍ ഈ തുക്കടാ പൂഴിമാഫിയക്കാര്‍ ആരെ എന്തിനു ഭയക്കണം?

ചക്കിക്കൊത്ത ചങ്കരന്മാര്‍ അടങ്ങുന്ന പോലീസ് സേനയുടെ പിന്‍ബലം ജനപ്രതിനിധികള്‍ക്കു മാത്രമല്ല, മാഫിയക്കുമുണ്ടാകുന്നു എന്ന് പരിശോധിച്ചാല്‍ വ്യക്തമാകും.

പോലീസ് സേനയില്‍ മുന്നുറിലേറെ ക്രിമിനലുകള്‍ ജോലി ചെയ്യുന്നുണ്ടെന്ന മുന്‍ എഡിജിപി അലക്സാണ്ടര്‍ ജേക്കബിന്റെ വെളിപ്പെടുത്തല്‍ ഇവിടെ ഓര്‍ക്കാം. മഫിയാ ബന്ധവും അവരുടെ തണലില്‍ മയങ്ങിയുറങ്ങുന്ന രാഷ്ട്രീയവും, ക്രിമിനലായിട്ടു പോലും ജനം തെരെഞ്ഞെടുത്തയച്ച ജനപ്രതിനിധികളും സജീവമായുള്ളപ്പോള്‍ അവര്‍ ആരെ ഭയക്കണം. ആകെ പോലീസിന്റെ മൂന്നു ശതമാനം കാണും ഇത്തരത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ പോലീസിലെന്ന് അലക്സാണ്ടര്‍ ജേക്കബ് പറയുന്നു.

നമുക്കുള്ള പുഴകള്‍, അതിലൂടെ ഒഴുകുന്ന അമൃത്, അവ ഉപയോഗിച്ച് പുഴക്കരയില്‍ പച്ചകൃഷി തുടങ്ങിയവയെല്ലാം സംരക്ഷിക്കപ്പെടണം. കാറ്റുള്ളപ്പോള്‍ വേണ്ടെ തൂറ്റാന്‍. ഇപ്പോള്‍ നിലവിലുള്ള ജനപ്രതിനിധികള്‍ വരാനിരിക്കുന്നവരെ കാത്തു നില്‍ക്കാതെ ചിന്തയും പ്രത്യയശാസ്ത്രങ്ങളേയും പ്രകൃതിയില്‍ നടണം. വിളവെടുക്കണം. നദിയിലും കരയിലും മാലിന്യം തള്ളുന്നതിനെതിരെയും, തീരം കൈയ്യേറുന്നതിനേയും, മണലൂറ്റുന്നതിനേയും, തീരങ്ങളിലെ സുരക്ഷക്കും ജില്ലയില്‍ സുരക്ഷാ പ്രൊട്ടക്ഷന്‍ ഫോര്‍സ് ഉടന്‍ രൂപീകരിക്കണെന്ന് ജനം ആവശ്യപ്പെടുകയാണ്. എന്തു നടപടിയെടുക്കാനാണ് പോകുന്നതെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ജനം.

Leave a Reply

Your email address will not be published.