ജൈവ കാര്‍ഷിക മേഖല ഔദ്യോഗികപരമായി വികസിപ്പിക്കും: കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍

ജൈവ കാര്‍ഷിക മേഖല ഔദ്യോഗികപരമായി വികസിപ്പിക്കും: കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍

ജൈവ കാര്‍ഷിക മേഖലയില്‍ കേരളത്തില്‍ ഔദ്യോഗികപരമായ വികസന പ്രവര്‍ത്തനങ്ങള്‍ ശക്തമായി തന്നെ നടപ്പിലാക്കുമെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. നവംബര്‍ 9 മുതല്‍ 11 വരെ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലുളള ഇന്ത്യ എക്‌സ്‌പോ സെന്ററില്‍ വച്ച് നടക്കുന്ന ലോക ജൈവ കോണ്‍ഗ്രസ്സിലെ കേരള പവലിയന്‍ ഉദ്ഘാടനം ചെയ്ത ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ജൈവ കൃഷി നടത്തിപ്പിന് അനുകൂലമായ രീതിയില്‍ വളര്‍ത്തിയെടുക്കുമെന്നും വിവിധ വകുപ്പുകളുടെയും ഗവേഷണ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഇതിനായി ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജൈവ കൃഷി വ്യാപനത്തിനായി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ എന്ന നിലയില്‍ പ്രത്യേക കാര്‍ഷിക മേഖലകള്‍, മില്ലറ്റ് വില്ലേജ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കേരളം ഒരു പാര്‍ട്ണര്‍ സ്റ്റേറ്റ് ആയാണ് പങ്കെടുക്കുന്നതെന്ന് കൃഷിമന്ത്രി പറഞ്ഞു. കേരള പവലിയന്റെ ഉദ്ഘാടന ചടങ്ങില്‍ കൃഷി മന്ത്രിയൊടൊപ്പം ഐഫോം (IFOAM) ഡയറക്ടര്‍ ക്ലോഡ് അല്‍വാരിസ്, കാര്‍ഷികോദ്പാദന കമ്മീഷണര്‍ ടീക്കാറാം മീണ ഐ.എ.എസ്, കൃഷി ഡയറക്ടര്‍ എ.എം.സുനില്‍ കുമാര്‍ മറ്റു ഉയര്‍ന്ന ഉദ്യേഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ വിവിധ രാജ്യങ്ങളിലായി നടത്തുന്ന ഈ സംരംഭം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗാനിക് അഗ്രിക്കള്‍ച്ചര്‍ മൂവ്‌മെന്റിന്റെയും ഓര്‍ഗാനിക് ഫാമിംഗ്് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെയും ആഭിമുഖ്യത്തിലാണ് കോണ്‍ഗ്രസ്സ് സംഘടിപ്പിക്കുന്നത് നൂറ്റിപ്പത്ത് രാജ്യങ്ങളിലെ ജൈവകര്‍ഷകരും കാര്‍ഷിക ശാസ്ത്രജ്ഞരും നയവിദഗ്ദ്ധരും ഗവേഷണ സ്ഥാപനങ്ങളും ഗവണ്‍മെന്റ് പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

ജൈവകൃഷി മേഖലയില്‍ അഭിമാനകരമായ നേട്ടം കൈവരിക്കാന്‍ കേരളത്തിനായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നല്ല കൃഷി സമ്പ്രദായങ്ങള്‍ ആസ്പദമാക്കിയുളള ഉത്പാദനവും ജൈവ സര്‍ട്ടിഫിക്കേഷനും, 200- ലധികം എക്കോഷോപ്പുകള്‍, സെയ്ഫ് ടു ഈറ്റ് ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവും പി.ജി. എസ് സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയവ ചില നാഴികക്കല്ലുകളാണ്. ഭൗമശാസ്ത്രാ സൂചിക ലഭിച്ച ഉത്പന്നങ്ങള്‍, പ്രാദേശിക ഉല്‍പന്നങ്ങള്‍ തുടങ്ങി നൂറിലധികം പ്രക്യത്യാ തന്നെയുളള ജൈവ ഉത്പന്നങ്ങള്‍ കേരളത്തിനുണ്ട്. സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ശര്‍ക്കര, ആലപ്പി ഗ്രീന്‍ ഏലം, വാഴക്കുളം പൈനാപ്പിള്‍, ചെങ്ങാലിക്കോടന്‍ വാഴപ്പഴം, തിരൂര്‍ വെറ്റില, മലബാര്‍ കുരുമുളക്, ഞവര നെല്ല്, പാലക്കാടന്‍ മട്ട, കൈപ്പാട് നെല്ല്, വയനാടന്‍ ജീരകശാല നെല്ല്, വയനാടന്‍ ഗന്ധകശാല നെല്ല് തുടങ്ങിയവ ഭൗമശാസ്ത്രാ സൂചിക ലഭിച്ച ഉത്പന്നങ്ങളാണ്. ഇത് കൂടാതെ കേര ഉത്പന്നങ്ങള്‍, തേന്‍ ഉത്പന്നങ്ങള്‍ തുടങ്ങി പലതരം നാടന്‍ വിഭവങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് കേരളം. ഇതിന്റെ എല്ലാം തന്നെ മാതൃകകള്‍ പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. ലോകകമ്പോളത്തില്‍ ജൈവകര്‍ഷകര്‍ക്ക് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ ഇത്തരത്തിലുളള മേളകള്‍ കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.

ജൈവകൃഷിയില്‍ ഒട്ടേറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ കാര്‍ഷിക സര്‍വ്വകലാശായുടെയും കേന്ദ്ര – സംസ്ഥാന ഗവേഷണ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. കാര്‍ഷിക സര്‍വ്വകലാശാല പ്രത്യേക ഓര്‍ഗാനിക് പാക്കേജ് ഓഫ് പ്രാക്ടീസ് തന്നെ ജൈവകൃഷിക്‌യ്ക്കായി പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ത്രിദിന പ്രദര്‍ശന മേളയില്‍ സിക്കീം, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളും അവരുടെ ജൈവകൃഷി പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുകൊണ്ട് പവലിയനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ആഫ്രിക്ക, തെക്കേഅമേരിക്ക എന്നിവിടങ്ങളില്‍ നിന്നും പലരാജ്യങ്ങളും കണ്‍ട്രി പവലിയന്‍ സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിനുവേണ്ടി സംസ്ഥാന കൃഷിവകുപ്പ്, സ്റ്റേറ്റ് ഹോട്ടികള്‍ച്ചര്‍ മിഷന്‍, വി.എഫ്.പി.സി.കെ, എസ്.എഫ്.എ.സി, സി.റ്റി.സി.ആര്‍.ഐ, സമേതി, കാര്‍ഷിക സര്‍വ്വകലാശാല എന്നിവര്‍ ചേര്‍ന്നാണ് പവലിയന്‍ ഒരുക്കിയിരിക്കുന്നത്. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്ന് കേരള ജൈവകര്‍ഷക സമിതിയുടെ ഇരുപത്തിയഞ്ച് ജൈവകര്‍ഷകര്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ തണല്‍, സേവ് ഔവര്‍ റയ്‌സ് ക്യാമ്പയിന്‍ പ്രവര്‍ത്തകരും പ്രാദേശിക കൂട്ടായ്മകളുടെ പ്രതിനിധികളും പങ്കെടുക്കുന്നു.

ഇപ്രാവശ്യം ലോകം മുഴുവനുമുളള തെരെഞ്ഞെടുത്ത നൂറ്റമ്പത് ജൈവകര്‍ഷകരുടെ കൃഷി രീതികള്‍ പരിചയപ്പെടുത്തുന്ന ഫോട്ടോ പ്രസന്റേഷനുമുണ്ട്. ജൈവകൃഷിയും വിത്ത് സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട നൂറ്റിയറുപത് ശാസ്ത്രീയ പഠനപ്രബന്ധങ്ങളും അവതരിപ്പിക്കുന്നു. ഇരുനൂറോളം വരുന്ന കര്‍ഷകരുടെ വിവിധ ജൈവഉത്പ്പന്നങ്ങളുടെ പ്രദര്‍ശനവും ഇതോടൊപ്പമുണ്ട്. ജൈവവൈവിധ്യത്തിന്റെ സമ്പന്നതയും ജൈവകൃഷിയുടെ പാരമ്പര്യതയും വിളിച്ചോതുന്ന തരത്തിലുള്ള അത്യാകര്‍ഷണീയമായ കാഴ്ചവിരുന്നൊരുക്കിയാണ് കേരളം ഈ മഹാമേളയില്‍ പങ്കാളിയാകുന്നത്. ഓര്‍ഗാനിക് വേള്‍ഡ് കോണ്‍ഗ്രസ്സില്‍ കേരളത്തിന്റെ ജൈവഉത്പന്നങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തുക, ലോക ജൈവവിപണിയിലേയ്ക്ക് കര്‍ഷകരെ ചുവടുവയ്പ്പിക്കുക, ജൈവകൃഷിസന്ദേശം പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരളം ഇതില്‍ പങ്കുചേരുന്നത്.

ലോകം ജൈവവിപണിയിലേയ്ക്ക് എന്ന ആശയവുമായി ജൈവകൃഷിയിലേയ്ക്ക് ലക്ഷ്യം വയ്ക്കുന്ന സംരഭകര്‍ക്കും, കൃഷിക്കാര്‍ക്കും, രാജ്യങ്ങള്‍ക്കും അവരുടെ ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനും വ്യാപാര സൗഹൃദങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനും ഉതകുന്ന ഏറ്റവും വലിയൊരു വേദിയാണ് ലോക ജൈവകോണ്‍ഗ്രസ്സ്.

ജൈവകൃഷി സമ്പ്രദായങ്ങള്‍ വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കുന്നതിനായി കേരളം 2010-ല്‍ ഒരു ഓര്‍ഗാനിക് പോളിസി ഉത്തരവിറക്കുകയുണ്ടായി. അന്നു മുതല്‍ സര്‍ക്കാര്‍ ജൈവകൃഷിക്ക് പ്രാധാന്യം നല്‍കുകയും നിശ്ചിതതുക ബഡ്ജറ്റില്‍ മാറ്റി വയ്ക്കുകയും ചെയ്തുവരുന്നു. ‘എന്‍ഡോസള്‍ഫാന്‍’ ദുരിതം അനുഭവിച്ച കാസര്‍ഗോഡ് ജില്ലയെ ജൈവ ജില്ലയായി പ്രഖ്യാപിച്ചുകൊണ്ട് തുടങ്ങിയ പദ്ധതികള്‍ ക്രമേണ എല്ലാ ജില്ലകളിലേയ്ക്കും വ്യാപിച്ചു കഴിഞ്ഞു. നടപ്പുവര്‍ഷം 10 കോടി രൂപ ജൈവകൃഷി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരും, ശാസ്ത്രഞ്ജരും, ഗവേഷകരും പങ്കെടുക്കുന്ന ഈ മേളയില്‍ ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന പല പരമ്പരാഗതജൈവരീതികളും പ്രയോഗങ്ങളും മുഖ്യധാരയില്‍തന്നെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടാതെ ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ജൈവകൃഷി മേഖലയില്‍ നടക്കുന്ന നിര്‍ണ്ണായക വഴിത്തിരിവുകള്‍ ലോകത്തിന് കാണിച്ചുകൊടുക്കുക എന്ന ഒരു ലക്ഷ്യം കൂടി ഈ മേളയ്ക്കുണ്ട്. ‘ജൈവലോകം ജൈവഭാരതത്തിലൂടെ’എന്നതാണ് 19-ാമത് ലോക ജൈവ കോണ്‍ഗ്രസ്സിന്റെ ഇതിവൃത്തം. ഇത് അന്വര്‍ത്ഥമാക്കുന്ന അഭിമാനപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളാണ് ഈ മേഖലയില്‍ കേരളം കൈവരിച്ചിട്ടുള്ളത്.

ധാരാളം തനതുപ്രാദേശിക ഉത്പന്നങ്ങളുടെ പൊലിമയും മേളയില്‍ ദൃശ്യമാക്കുന്നു. മറയൂര്‍ ശര്‍ക്കര, കാന്തല്ലൂര്‍ വെളുത്തുള്ളി, ജാതി, ജാതിപത്രി, ഗ്രാമ്പു, ഇഞ്ചി, മഞ്ഞള്‍, കസ്തൂരി മഞ്ഞള്‍,പതിമുഖം, കുടംപുളി, രക്തശാലി അരി, എളള്, അടാട്ട് അരി, നിവേദ്യ കദളി, കാപ്പി, തേന്‍, മുള, കാസര്‍ഗോഡ് കക്കിരി, വൃക്ഷായുര്‍വേദ ഉല്‍പന്നങ്ങള്‍, കേരഉല്‍പന്നങ്ങള്‍, നീര, ജൈവകീടനാശിനികള്‍, വേപ്പധിഷ്ഠിത ഉത്പന്നങ്ങള്‍, വിവിധ നാടന്‍ പഴം-പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ചെറുധാന്യങ്ങള്‍, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തുടങ്ങി ഒട്ടനവധി പരമ്പരാഗതവിത്തിനങ്ങളും കാര്‍ഷിക ഉത്പ്പന്നങ്ങളുമായി ജൈവവൈവിധ്യം വിളിച്ചോതുകയാണ് കേരളം. 9 മുതല്‍ 11 വരെ നീണ്ടുനില്‍ക്കുന്ന മഹാമേളയില്‍ സംസ്ഥാനപവലിയനുകള്‍, സെമിനാറുകള്‍, ബിസ്സിനസ്സ് മീറ്റുകള്‍ എന്നിവയും അരങ്ങേറുന്നു. വി.അശോക് കുമാര്‍ എഴുതിയ രോഗം വിതറുന്ന രാസവളം എന്ന പുസ്തകം സമ്മേളനത്തില്‍ വച്ച് കൃഷി മന്ത്രി പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published.