പശുക്കള്‍ക്കായി മത്സരം; ഉയര്‍ന്ന പാലുല്‍പാദനമുണ്ടെങ്കില്‍ രണ്ട് ലക്ഷം രൂപ നേടാം

പശുക്കള്‍ക്കായി മത്സരം; ഉയര്‍ന്ന പാലുല്‍പാദനമുണ്ടെങ്കില്‍ രണ്ട് ലക്ഷം രൂപ നേടാം

ഭോപ്പാല്‍ : മധ്യപ്രദേശിലെ കര്‍ഷകരെല്ലാം സന്തോഷത്തിലാണ്. കാരണം അവരുടെ പശുക്കള്‍ക്കായി ഒരു മത്സരം നടക്കാന്‍ പോകുകയാണ്. മത്സരത്തില്‍ പശുവിന് ഉയര്‍ന്ന പാലുല്‍പാദനമുണ്ടെങ്കില്‍ ഉടമസ്ഥന് ലഭിക്കുന്നത് 2 ലക്ഷം രൂപയാണ്.

ബ്ലോക്ക് മുതല്‍ സംസ്ഥാനതലത്തില്‍ വരെ നടക്കുന്ന മത്സരത്തില്‍ വിജയികള്‍ക്ക് ലഭിക്കുന്ന മൊത്തം സമ്മാനം ഏകദേശം 1.20 കോടി രൂപയാണ്. സംസ്ഥാനത്ത് പശുക്കളെ സംരക്ഷിക്കുന്നതിനുള്ള ലക്ഷ്യത്തോടെ മൃഗ സംരക്ഷണ വകുപ്പാണ് ഈ മത്സരം നടപ്പാക്കുന്നത്. അടുത്തിടെ ഹരിയാന സര്‍ക്കാരും ഇത്തരത്തില്‍ ഇന്ത്യന്‍ പശുക്കളെ വളര്‍ത്തുന്നതും, സംരക്ഷിക്കുന്നതും ലക്ഷ്യമാക്കി മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

മത്സരത്തില്‍ പങ്കെടുക്കുന്നതിന് പശു ഇന്ത്യന്‍ ഇനമായിരിക്കണം. കൂടാതെ അവയ്ക്ക് നാല് ലിറ്ററില്‍ കൂടുതല്‍ പാല്‍ ലഭിക്കുന്നതുമായിരിക്കണം. ബ്ലോക്ക്, ഡിസ്ട്രിക്റ്റ്, സ്റ്റേറ്റ് എന്നി ലെവലിലാണ് മത്സരം നടക്കുക. സംസ്ഥാനതല മത്സരം ഡിസംബറില്‍ ആരംഭിക്കും. സംസ്ഥാനതലത്തില്‍ വിജയിക്കുന്ന പശുവിന്‍ 2 ലക്ഷം രൂപ ലഭിക്കും. രണ്ടാം സ്ഥാനം ലഭിക്കുന്ന പശുവിന് 1,50,000 രൂപയും സമ്മാനമായി നല്‍കും.

അതുപോലെ ജില്ലാതല വിജയിക്ക് 50,000 രൂപയും ബ്ലോക്ക് ലെവലില്‍ 10,000 രൂപയും ക്യാഷ് അവാര്‍ഡായി നല്‍കും.
പശുക്കള്‍ക്ക് ഏറ്റവും മികച്ച സംരക്ഷണം നല്‍കുക എന്ന സന്ദേശം കര്‍ഷകരില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും, പാലിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല പകരം പശുവിന്റെ ആരോഗ്യം, അവയെ സംരക്ഷിക്കുന്ന രീതികള്‍ എന്നിവയും മത്സരത്തില്‍ പരിഗണിക്കുമെന്നും മൃഗ സംരക്ഷണ വകുപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കേദാര്‍ സിംഗ് പറഞ്ഞു.

ഇന്ത്യന്‍ പശുക്കളെ സംരക്ഷിക്കുകയും ജേഴ്‌സികള്‍ പോലെയുള്ള വിദേശ ഇനങ്ങളോട് മത്സരിക്കാന്‍ അവയെ മെച്ചപ്പെടുത്തിയെടുക്കുക എന്നതും പ്രധാന ഘടകമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശ ഇനങ്ങള്‍ ഇന്ത്യയില്‍ എത്തിയതോടെ നമ്മുടെ പശുക്കളെ കര്‍ഷകര്‍ അവഗണിക്കുകയാണ്. അതിനാല്‍ ഈ മത്സരത്തിലൂടെ അവര്‍ക്ക് ഇന്ത്യന്‍ പശുക്കളുടെ പാലുല്‍പാദനം വര്‍ധിപ്പിക്കുന്നതിനെ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുമെന്നും കേദാര്‍ സിംഗ് വ്യക്തമാക്കി.

Leave a Reply

Your email address will not be published.